Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ ജലനിരക്കിന് പിന്നാലെ ശുദ്ധവായുവിനും ചാര്‍ജ് ഈടാക്കിയാല്‍ എന്തുചെയ്യും?

അയര്‍ലണ്ടില്‍ ജലനിരക്കിന് പിന്നാലെ ശുദ്ധവായുവിനും ചാര്‍ജ് ഈടാക്കിയാല്‍ എന്തുചെയ്യും?

ഡബ്ലിന്‍: പുതിയ ജലനിരക്കിനെ പരിഹസിക്കുന്ന വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു. ജലനിരക്കിനെ പരിഹസിക്കുന്ന ഒരു സ്‌കിറ്റാണ് കഴിഞ്ഞ ദിവസം യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്.ഈ സ്‌കിറ്റില്‍ ജലനിരക്കിനെ ഹാസ്യരൂപേണ ചിത്രീകരിച്ചിരിക്കുകയാണ്.ഇപ്പോള്‍ വെള്ളത്തിന് വില ഏര്‍പ്പെടുത്തി ഇനി ഭാവിയില്‍ വായുവിന് പോലും സര്‍ക്കാര്‍ വില ഈടാക്കുമെന്ന് സ്‌കിറ്റ് പരിഹസിക്കുന്നു. ഇതിനായി ഐറിഷ് എയര്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഒരു കമ്പനി സ്ഥാപിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നും സ്‌കിറ്റ് പരിഹസിക്കുന്നു. 

സര്‍ക്കാര്‍ ഓരോരുത്തരുടെയും വായു ഉപയോഗം എങ്ങനെ കണക്കാക്കുമെന്നും അതിന് എങ്ങനെ ബില്‍ ഈടാക്കുമെന്നൊക്കെ തമാശ രൂപേണ വിശദീകരിക്കുന്നുണ്ട്. അതേസമയം ഭാവിയില്‍ ഇപ്രകാരം വായുവിന് പോലും വില കൊടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ എങ്ങനെ വായു ഉപയോഗം കുറച്ച് ബില്ല് നിയന്ത്രിക്കാമെന്നും സ്‌കിറ്റില്‍ തമാശരൂപേണയുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.ജോഗിംഗ് പോലെ ധാരാളം വായു ശ്വസിക്കേണ്ടി വരുന്ന വ്യായാമങ്ങള്‍ ഒഴിവാക്കുക, ചിരിക്കാതിരിക്കുക, ജന്മദിനാഘോഷങ്ങളില്‍ മെഴുകുതിരി കത്തിച്ച് ഊതി കെടുത്താതിരിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വായു ഉപയോഗം കുറയ്ക്കാനാകുമെന്ന് സ്‌കിറ്റ് നിര്‍ദ്ദേശിക്കുന്നു!. 


ഏതായാലും വായുവിന് പോലും വില ഈടാക്കുമെന്ന ഈ ആശയം തല്‍ക്കാലം ഒരു തമാശ സ്‌കിറ്റ് മാത്രമാണ്.എന്നാല്‍ ഇത് കണ്ട് വായുവിനും ചാര്‍ജ് ഈടാക്കിയേക്കാമെന്ന് സര്‍ക്കാരിന് പുതിയ ആശയങ്ങള്‍ തോന്നാതിരിക്കട്ടെ എന്ന് സ്‌കിറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Scroll To Top