Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ എ ടി എം തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്

അയര്‍ലണ്ടില്‍ എ ടി എം തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്

പോര്‍ട്ട് ലിഷ് :എടിഎമ്മില്‍ നിന്നും പണമെടുക്കുന്ന വയോജനങ്ങളെ പറ്റിച്ച് പണം തട്ടാന്‍ ഒരു സംഘം തമ്പടിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇവരെ സൂക്ഷിക്കാന്‍ വയോജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഗാര്‍ഡ.
ഇത്തരം തട്ടിപ്പുകള്‍ നോര്‍ത്ത് ഡബ്ലിനിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടു വിധത്തിലാണ് തട്ടിപ്പുകാര്‍ ആള്‍ക്കാരുടെ കയ്യില്‍ നിന്ന് പണം തട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
എടിഎമ്മില്‍ നിന്നും പണമെടുക്കുന്ന ആളുടെ പിറകില്‍ കൂട്ടമായി നില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ പണമെടുക്കുന്ന ആളിനോട് പൈസ താഴെ വീണുകിടക്കുന്നുവെന്ന് പറയുകയും അയാള്‍ നിലത്തുവീണിരിക്കുന്ന പണം എടുക്കുന്ന സമയം മെഷീനില്‍ ഇട്ടിരിക്കുന്ന കാര്‍ഡ് കൈക്കലാക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ തന്നെ ഉടമസ്ഥന്‍ അടിച്ചിരിക്കുന്ന പാസ്‌വേഡ് തട്ടിപ്പുകാര്‍ മനസിലാക്കിയിരിക്കും. ഇതാണ് ഒന്നാമത്തെ രീതി.
എടിഎം കൗണ്ടറിലെ തറയില്‍ ഉപഭോക്താവിന്റെ കാര്‍ഡിനു സമാനമായ വ്യാജകാര്‍ഡ് ഇട്ടുവച്ച് മിഷീനില്‍ ഇട്ടിരിക്കുന്ന യഥാര്‍ത്ഥ കാര്‍ഡ് താഴെപ്പോയെന്ന വ്യാജേന അതെടുത്ത് ഉടമയ്ക്ക് കൈമാറുന്ന സമയം സംഘത്തിലെ ഒരാള്‍ ഉടമയുടെ യഥാര്‍ത്ഥ കാര്‍ഡ് സ്വന്തമാക്കുന്നതാണ് മറ്റൊരു രീതി. തങ്ങളുടെ കാര്‍ഡ് മോഷ്ടിക്കപ്പെട്ടുവെന്ന് ഉപഭോക്താക്കള്‍ മനസിലാക്കുന്നതിനു മുന്‍പ് തന്നെ തട്ടിപ്പുകാര്‍ പണം അപഹരിച്ചിരിക്കും.
ബാല്‍ബ്രിഗന്‍ കമ്മ്യൂണിറ്റി പോലീസിംഗ് ഫോറമാണ് ഇത്തരമൊരു മുന്നറിയിപ്പുമായി മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചകളിലായി തട്ടിപ്പുകാര്‍ കൂടുതലും ലക്ഷ്യമിട്ടത് വയോജനങ്ങളെയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളെ കുറിച്ച് വയോജനങ്ങളെ ബോധവാന്‍മാരാക്കണമെന്ന് ഇവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന ഇതുപോലുള്ള എടിഎം തട്ടിപ്പില്‍ 30,000 യൂറോയാണ് തട്ടിപ്പുകാര്‍ സ്വന്തമാക്കിയത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐറിഷ് പേമെന്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ പറയുന്നത് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ സംഘം ഇനിയും തുടര്‍ന്നേക്കുമെന്നാണ്. ഇത് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ്.
എടിഎം ഉപയോഗിക്കുമ്പോള്‍ പിന്‍ പാഡ് മറച്ചുപിടിക്കണമെന്നും ഐപിഎസ്ഒ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്‌

Scroll To Top