Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ എത്ര മലയാളികള്‍? പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈന്‍ ഡയറക്ടറിയുണ്ടാക്കാന്‍ നോര്‍ക്ക

അയര്‍ലണ്ടില്‍ എത്ര മലയാളികള്‍? പ്രവാസി മലയാളികള്‍ക്ക് ഓണ്‍ലൈന്‍ ഡയറക്ടറിയുണ്ടാക്കാന്‍ നോര്‍ക്ക

ലോകത്ത് എവിടെ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും. പക്ഷേ അവരെപ്പറ്റി കൃത്യമായ ഒരു കണക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈവശം പോലുമില്ല എന്നതാണ് സത്യം. ഒരു ഏകദേശ കണക്ക് മാത്രമാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. ലോകമെമ്പാടും 20 ലക്ഷത്തിലേറെ മലയാളികള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് കൃത്യമായ കണക്കല്ലെന്നാണ് പുറത്തുവരുന്ന വിവരം.

ആയതിനാല്‍ തന്നെ ഈ കുറവ് പരിഹരിക്കാന്‍ ഒരുങ്ങുകയാണ് നോര്‍ക്ക. പ്രവാസി മലയാളികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഓണ്‍ലൈന്‍ ഡയറക്ടറിയാണ് നോര്‍ക്ക ലക്ഷ്യമിടുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനത്തിലൂടെ ഇറാഖിലും സിറിയയിലുമുണ്ടായിരുന്ന നഴ്‌സുമാരെ തിരിച്ചു കൊണ്ടുവരാന്‍ നടത്തിയ ശ്രമത്തിനിടയിലാണ് വിദേശത്ത് ആരൊക്കെയുണ്ടെന്നുള്ളത് സംബന്ധിച്ച ഡയറക്ടറിയുടെ പ്രാധാന്യം ബോധ്യപ്പെട്ടതെന്ന് നോര്‍ക്ക സി.ഇ.ഒ പി.സുദീപ് പറഞ്ഞു. ഇത്തരമൊരു ഡയറക്ടറിയുടെ അവശ്യകതയെപ്പറ്റി ബോധ്യമുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അത് അനിവാര്യമായി മാറിയതെന്ന് സുദീപ് പറഞ്ഞു. 

പ്രവാസി സമൂഹത്തെക്കുറിച്ച് സി.ഡി.എസ് നടത്തിയ പഠനങ്ങളെ ആധാരമാക്കിയാണ് നോര്‍ക്ക ഓണ്‍ലൈന്‍ ഡയറക്ടറിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. ഈ ഡയറക്ടറിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നോര്‍ക്ക തുടക്കമിട്ടു കഴിഞ്ഞു. ഓരോ രാജ്യത്തും എത്രമലയാളികള്‍ ഉണ്ടെന്നുള്ള അന്വേഷണത്തിലാണ് നോര്‍ക്ക ഇപ്പോള്‍. ഓണത്തോടനുബന്ധിച്ച് ഡയറക്ടറിയുടെ ഉത്ഘാടനം നടത്താനാണ് തീരുമാനമെടുത്തിരിക്കുന്നത്. പ്രമൂഖ വ്യക്തികള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇതില്‍ പേര്‍ ചേര്‍ത്തുകൊണ്ടാവും ഇതിന്റെ തുടക്കം. ഓണ്‍ലൈന്‍ ഡയറക്ടറിക്ക് വേണ്ടി വിദേശത്തുള്ള മലയാളികളുടെ സഹായം തേടാനും നോര്‍ക്ക ശ്രമം തുടങ്ങിയിട്ടുണ്ട്. സംഘടനകള്‍ക്ക് അതിലെ അംഗങ്ങളുടെ പേര്‍ രജിസ്റ്റര്‍ ചെയ്യാനാകും.

ഒരു വര്‍ഷം ലോകമെമ്പാടുമുള്ള പ്രവാസി സമൂഹം കേരളത്തിന് സമ്മാനിക്കുന്നത് 75,000 കോടി രൂപയാണെന്നാണ് കണക്ക്. കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിക്കുന്ന സഹായത്തിന്റെ ഇരട്ടിയാണിത്. പ്രവാസി സമൂഹത്തിന്റെ 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലാണെന്നാണ് നോര്‍ക്കയുടെ വിശ്വാസം.

Scroll To Top