Sunday December 04, 2016
Latest Updates

അയര്‍ലണ്ടില്‍ ഇനി യൂണിവേഴ്‌സല്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ്, ബാങ്കുകള്‍ കൂടുതല്‍ ഭവന വായ്പകള്‍ നല്‍കുമെന്ന് പ്രതീക്ഷ 

അയര്‍ലണ്ടില്‍ ഇനി യൂണിവേഴ്‌സല്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ്, ബാങ്കുകള്‍ കൂടുതല്‍ ഭവന വായ്പകള്‍ നല്‍കുമെന്ന് പ്രതീക്ഷ 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് വരുന്നു. യൂണിവേഴ്‌സല്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് എന്ന പേരിലാണ് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി വരുന്നത്. മോര്‍ട്ട്‌ഗേജ് ബാധ്യതയുടെ റിസ്‌ക് ഗവണ്‍മെന്റുമായോ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുമായോ പങ്കു വയ്ക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതി നിലവില്‍ വരുന്നതോടെ ഇടപാടുകാര്‍ക്ക് കൂടുതല്‍ തുക മോര്‍ട്ട്‌ഗേജ് അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുമെന്ന് ജെന്‍വര്‍ത്ത് ലൈഫ് ഇന്‍ഷുറന്‍സ് വക്താവ് പറഞ്ഞു. മോര്‍ട്ട്‌ഗേജ് കുടിശിഖ പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വീട് ഒരു സ്വപ്നം മാത്രമായവര്‍ക്ക് ഹൌസിംഗ് ലാഡറില്‍ പ്രവേശിക്കാനും ഈ പദ്ധതി സഹായകരമാകുമെന്ന് ജെന്‍വര്‍ത്ത് കരുതുന്നു. 

ആദ്യമായി വീട് വാങ്ങുന്നവര്‍ ഭവന വിലയുടെ 80 ശതമാനത്തിലധികം മോര്‍ട്ട്‌ഗേജ് തുകയ്ക്ക് അപേക്ഷിക്കാറുണ്ട്. ഇക്കാരണത്താല്‍ ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് നല്‍കാന്‍ മടിക്കുന്നു. യൂണിവേഴ്‌സല്‍ മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് വരുന്നതോടെ ഈ വിഭാഗങ്ങള്‍ക്കും ലോണ്‍ കൊടുക്കാന്‍ ബാങ്കുകള്‍ തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ട്. മോര്‍ട്ട്‌ഗേജ് കുടിശിഖ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം കൂടിയതെന്ന് മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് യൂറോപ്പ് വക്താവ് എയ്ഞ്ചല്‍ മാസ് പറഞ്ഞു. 

കൃത്യമായ ക്രെഡിറ്റ് ട്രാക്ക് ഹാജരാക്കാനില്ലാത്തതിനാല്‍ ആദ്യമായി വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്ന പലരും മോര്‍ട്ട്‌ഗേജ് ലഭിക്കാതെ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രധാനമായും ആദ്യമായി വീട് വാങ്ങുന്നവരെ ഉദ്ദേശിച്ചാണ് മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ സാമ്പത്തിക വശങ്ങള്‍ ധനകാര്യമന്ത്രി മൈക്കല്‍ നൂനന്‍ പഠിച്ചു വരികയാണ്. പഠനം കഴിഞ്ഞാല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മുന്നോട്ട് പോകും. 

കാനഡയില്‍ 50 വര്‍ഷമായി മോര്‍ട്ട്‌ഗേജ് ഇന്‍ഷുറന്‍സ് സ്‌കീം നിലവിലുണ്ടെന്ന് ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ദര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഈ ഇന്‍ഷുറന്‍സ് പദ്ധതി ഏറെ പ്രയോജനകരമായതായും ഇന്‍ഷുറന്‍സ് വിദഗ്ദര്‍ പറയുന്നു. 

Scroll To Top