Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ ഇത്തവണത്തെ വിഷുവിന് കണിവെള്ളരിയില്ല,ഇടിച്ചക്കയില്ല ..ഇന്ത്യന്‍ പച്ചക്കറികളുടെ വരവ് പൂര്‍ണ്ണമായും നിലച്ചു

അയര്‍ലണ്ടില്‍ ഇത്തവണത്തെ വിഷുവിന് കണിവെള്ളരിയില്ല,ഇടിച്ചക്കയില്ല ..ഇന്ത്യന്‍ പച്ചക്കറികളുടെ  വരവ് പൂര്‍ണ്ണമായും നിലച്ചു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഇത്തവണ വിഷുവിനു കേരളത്തില്‍ നിന്നുള്ള കണിവെള്ളരികളും ,ചെറുപഴങ്ങളും ,ഇടിച്ചക്കയും ,പഴമാങ്ങയും കൊണ്ട് കണിയൊരുക്കാന്‍ മലയാളിയ്ക്ക് കഴിയില്ല.ആഫ്രിക്കന്‍ രാജ്യങ്ങളെ ആശ്രയിച്ചു വേണം ഇത്തവണ കണിയൊരുക്കാനുള്ള മിക്ക ഫലവിഭവങ്ങളും സമാഹരിക്കാന്‍. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും മാങ്ങകള്‍ക്കും അയര്‍ലണ്ട് അടക്കം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്നാണിത്. മെയ് 1 മുതലെ നിരോധനം നിലവില്‍ വരുകയുള്ളൂ എങ്കിലും ഇന്ത്യന്‍ അധികൃതര്‍ ഒരുമുഴം മുന്‍പേ ഇക്കാര്യത്തില്‍ തിടുക്കം കാട്ടി ,കഴിഞ്ഞ ദിവസം മുതല്‍ എല്ലാതരത്തിലുള്ള പച്ചക്കറികളും പഴങ്ങളും കയറ്റുമതി നിര്‍ത്തുകയായിരുന്നു.

മാങ്ങയ്ക്ക് പുറമേ ,വഴുതനങ്ങ,ചേമ്പ് ,കാച്ചില്‍ വെള്ളരിക്ക,കോവയ്ക്ക എന്നിവ മാത്രമേ യൂറോപ്പ്യന്‍ യൂണിയന്‍ നിരോധിച്ചിട്ടുള്ളൂവെങ്കിലും ഫലത്തില്‍ എല്ലാ പച്ചക്കറികളും പഴങ്ങളും തടയപ്പെട്ടു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടങ്ങളും,കീടനാശിനികളും കണ്ടെത്തിയെന്ന് ആരോപിച്ചാണ് നിരോധനം കൊണ്ടുവന്നത്. ഇന്ത്യന്‍ പച്ചക്കറികളിലും ഫലവര്‍ഗങ്ങലിലും കണ്ടെത്തിയ ഈ കീടങ്ങള്‍ യൂറോപ്പിലെ വിളവ് നശിപ്പിക്കുമെന്നാണ് ആരോപണം.

ഇലക്ഷന്‍ ചൂടിലായതിനാല്‍ ഇന്ത്യാസര്‍ക്കാരോ ,അധികൃതരോ ഇതിനെതിരെ കാര്യമായ എതിര്‍പ്പുകള്‍ ഉയര്‍ത്തുകയോ നടപടി സ്വീകരിക്കുകയോ ഉണ്ടായില്ല.

വിഷു ഈസ്റ്റര്‍ പ്രമാണിച്ച് ഓര്‍ഡര്‍ ചെയ്തിരുന്ന പച്ചക്കറികള്‍ പോലും ഇന്ത്യയില്‍ നിന്നും എത്തിക്കാനായില്ലെന്നു അയര്‍ലണ്ടിലെ മലയാളികളായ കട ഉടമകള്‍ പറഞ്ഞു.

അനുവദിനീയമായ പച്ചക്കറികള്‍ കൊണ്ടുവരുവാനായി അയര്‍ലണ്ടിലെ അധികൃതര്‍ അടിയന്തരമായി ലൈസന്‍സ് അനുവദിച്ചുനല്‍കിയെങ്കിലും ഇന്ത്യന്‍ അധികൃതര്‍ പൊതു കയറ്റുമതിനയത്തിന്റെ തടസം പറഞ്ഞു പച്ചക്കറികള്‍ കയറ്റിവിടുന്നത് തടയുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

പച്ചക്കറിവ്യാപാരികള്‍ മുഖേനെ എത്തിയിരുന്ന കുരുത്തോലകള്‍ക്ക് പോലും ചിലയിടങ്ങളില്‍ ക്ഷാമം നേരിട്ടു.മാര്‍ച്ച് 26 ന് നിരോധനം പ്രഖ്യാപിച്ചതറിഞ്ഞ് ഏപ്രില്‍ ഒന്നിന് മുന്‍പേ ഇവ അയര്‍ലണ്ടില്‍ എത്തിക്കാനായത് കൊണ്ടാണ് പരമ്പരാഗത ശൈലിയില്‍ ഇന്നലെ ഓശാന പെരുനാളിനു കുരുത്തോലകള്‍ വിതരണം ചെയ്യാനായത്.

2015 വരെയാണ് യൂറോപ്യന്‍യൂണിയന്‍ നിരോധനംഏര്‍പ്പെടുത്തിയിരിക്കുന്നത്.

Scroll To Top