Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്ക് ആദ്യമായി ജോലിയ്ക്ക് വന്ന യുവതിയുമായി നെടുമ്പാശ്ശേരിയ്ക്ക് പോയ വാഹനം അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു ,യുവതിയുടെ നില ഗുരുതരം 

അയര്‍ലണ്ടിലേയ്ക്ക് ആദ്യമായി ജോലിയ്ക്ക് വന്ന യുവതിയുമായി നെടുമ്പാശ്ശേരിയ്ക്ക് പോയ വാഹനം അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു ,യുവതിയുടെ നില ഗുരുതരം 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ജോലി കിട്ടി ആദ്യമായി പുറപ്പെട്ട യുവതിയെ യാത്രയയക്കാന്‍ പോയ സംഘത്തിലെ  ഒരാളടക്കം   രണ്ടു പേര്‍ വാഹനാപകടത്തില്‍ മരിച്ചു.അയര്‍ലണ്ടില്‍ ജോലി കിട്ടി വീട്ടില്‍ നിന്നും യാത്ര പുറപ്പെട്ട കോട്ടയം കിടങ്ങൂര്‍ കൂടല്ലൂര്‍ സ്വദേശിനിയായ നിമിഷ ജോര്‍ജ് അടക്കം ഏഴു പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചകഴിഞ്ഞ് അയര്‍ലണ്ടില്‍ എത്തിച്ചേരേണ്ടതായിരുന്നു നിമിഷ ജോര്‍ജ് 

carമുവാറ്റുപുഴയ്ക്കടുത്ത് മണ്ണൂരില്‍ ലോറി കാറുകളില്‍ ഇടിച്ചായിരുന്നു അപകടം. മരിച്ചവര്‍ രണ്ടും രണ്ടു കാറില്‍ സഞ്ചരിച്ചിരുന്നവരാണ്.കോട്ടയം വാകത്താനം ഡേവിഡ് വില്ലയില്‍ ചാക്കോയുടെ മകന്‍ തോമസ്(65), കിടങ്ങൂര്‍ കുടല്ലൂര്‍ പതിയില്‍ മാത്യുവിന്റെ മകന്‍ ജോര്‍ജ് മാത്യു(34) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ കോട്ടയം പത്താമുക്കം മുളമറ്റത്തില്‍ സുരേഷിനെ(41) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കിടങ്ങൂര്‍ നന്തിക്കാട്ട് ജോര്‍ജ്(54), ഭാര്യ ലീലാമ്മ(48), മകള്‍ നിമിഷ(24), ലിന്റു(26) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കിടങ്ങൂര്‍ നന്തിക്കാട്ട് സണ്ണി(56), മകന്‍ സുമേഷ്(23), ലോറി ഡ്രൈവര്‍ മംഗലാപുരം കങ്കനാട്ട് ഓസ്റ്റിന്‍(26) എന്നിവരെ മുവാറ്റുപുഴ നിര്‍മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടത്തില്‍ മരിച്ച തോമസ് അമേരിക്കയിലുള്ള മകളുടെ അടുത്തേക്കുപോകുകയായിരുന്നു. അയര്‍ലന്‍ഡിലേക്ക് പോകാനായി നിമിഷയെ യാത്രയാക്കാനാണ് എര്‍ട്ടിഗ കാറിലുണ്ടായിരുന്നവര്‍ എയര്‍പോര്‍ട്ടിലേക്ക് പോയത്. ആ കാറിന്റെ ഡ്രൈവറായിരുന്നു മരിച്ച ജോര്‍ജ് മാത്യു. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് തൊടുപുഴയിലേക്ക് മീനുമായി പോവുകയായിരുന്ന കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ലോറിയാണ് കൊലയാളിയായത്. അമിത വേഗത്തില്‍ പാഞ്ഞെത്തിയ ലോറി നിയന്ത്രണം വിട്ട് എതിരെ വന്ന വെറീറ്റോ കാറിലും തൊട്ടുപിന്നിലുണ്ടായിരുന്ന എര്‍ട്ടിക കാറിലും ഇടിക്കുകയായിരുന്നു.

മുമ്പില്‍ പോയ കാറില്‍ മീന്‍ലോറി ഇടിക്കുന്നത് കണ്ട് സൈഡിലേയ്ക്ക് ഒതുക്കി നിര്‍ത്തിയെങ്കിലും കൂടല്ലൂരില്‍ നിന്നുള്ളവര്‍ സഞ്ചരിച്ച വാഹനത്തിലും ലോറി വന്നിടിക്കുകയായിരുന്നു. വെറീറ്റോ കാറില്‍ ലോറിയിടിക്കുന്നത് കണ്ട് എര്‍ട്ടിക കാര്‍ നിറുത്തിയിട്ടെങ്കിലും ലോറിയിടിച്ചു തെറിപ്പിച്ചു. തുടര്‍ന്ന് തൊട്ടടുത്ത ഹീറോഹോണ്ടാ ഷോറൂമിന്റെ ഭിത്തി തകര്‍ത്താണ് ലോറി നിന്നത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

പുലര്‍ച്ചേയുള്ള അപകടമായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങളും വൈകി. മുവാറ്റുപുഴ,പെരുമ്പാവൂര്‍, കോതമംഗലം ഭാഗങ്ങളിലെ ഫയര്‍ ഫോഴ്‌സും കുന്നത്തുനാട്, മുവാറ്റുപുഴ പൊലീസും നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് കാറുകള്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുത്തത്. തോമസ് മാത്യുവിന്റെ മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും ജോര്‍ജ് മാത്യുവിന്റെ മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്

Scroll To Top