Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ 30 ശതമാനം കുറ്റകൃത്യങ്ങളും ഗാര്‍ഡ കൃത്യമായി രേഖപ്പെടുത്തുന്നില്ലയെന്ന് പുതിയ പഠനം 

അയര്‍ലണ്ടിലെ 30 ശതമാനം കുറ്റകൃത്യങ്ങളും ഗാര്‍ഡ കൃത്യമായി രേഖപ്പെടുത്തുന്നില്ലയെന്ന് പുതിയ പഠനം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നടക്കുന്ന 30 ശതമാനം കുറ്റകൃത്യങ്ങളും ഗാര്‍ഡ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഗാര്‍ഡ വാച്ച്‌ഡോഗ് ആയ ഗാര്‍ഡ ഇന്‍സ്‌പെക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഗാര്‍ഡയുടെ ഭാഗത്ത് നിന്നുള്ള ഈ അലംഭാവം കാരണം അയര്‍ ലണ്ടിലെ കൃത്യമായ കുറ്റകൃത്യ നിരക്ക് പുറത്തുവരുന്നില്ല. ഗാര്‍ഡയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ വിവരിക്കുന്ന അഞ്ഞൂറ് പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഗാര്‍ഡ ഇന്‍സ്‌പെക്ടറേറ്റ് പുറത്തുവിട്ടത്. 

ഗാര്‍ഡയുടെ വീഴ്ച മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന കുറ്റകൃത്യങ്ങളുടെ കൃത്യമായ നിരക്ക് എത്രയെന്ന് അറിയില്ലെന്ന് അധികൃതര്‍ പറയുന്നു. എങ്കിലും ആകെ കുറ്റകൃത്യങ്ങളുടെ നാലിലൊന്ന് രേഖപ്പെടുത്താതെ പോകുന്നു എന്നാണ് നിഗമനം. 

മറ്റൊരു 16 ശതമാനം കേസുകളില്‍ കുറ്റകൃത്യത്തെക്കുറിച്ച് കൃത്യമായ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല.കുറ്റകൃത്യമായിരുന്നിട്ടും അവ കുറ്റക്രിത്യമെന്നു രേഖപ്പെടുത്താതെ പോയ സംഭവങ്ങളും നിരവധി. ഇത്തരം സംഭവങ്ങളുടെ കൃത്യമായ കണക്ക് സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന് കൈമാറിയിട്ടില്ല. സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് കുറ്റകൃത്യങ്ങളുടെ കണക്ക് പ്രസിദ്ധീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താത്തത് ഗാര്‍ഡയുടെ വീഴ്ച തന്നെയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് വിമര്‍ശിച്ചു.ഗാര്‍ഡ സേനയ്ക്കുള്ളില്‍ നിന്നുള്ള ആഭ്യന്തര കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നതിലും വീഴ്ചയുണ്ട്.ആഭ്യന്തര കുറ്റകൃത്യങ്ങളില്‍ പലതും നോണ്‍ ക്രൈം വിഭാഗത്തില്‍ രേഖപ്പെടുത്തുകയോ രേഖപ്പെടുത്താതെ അവഗണിക്കുകയോ ആണ് ചെയ്യുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

വംശീയ ആക്രമണങ്ങളും സ്വവര്‍ഗാനുരാഗികള്‍ക്കെതിരെയുള്ള ആക്രമണങ്ങളും കുറഞ്ഞ നിരക്കില്‍ മാത്രമാണ് റെക്കോഡ് ചെയ്യപ്പെടുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ബലാത്സംഗം, മോഷണം, കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ തുടങ്ങിയവയും രേഖപ്പെടുത്തുന്നതില്‍ ഗാര്‍ഡ വീഴ്ച വരുത്തുന്നു. പരിശീലനം ലഭിക്കാത്ത 700 ഓളം ഡിക്റ്ററ്റീവുമാര്‍ ഗാര്‍ഡയില്‍ ജോലി ചെയ്യുന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 

Scroll To Top