Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജൂണ്‍ 22 മുതല്‍,പങ്കെടുക്കാന്‍ പ്രമുഖ ടീമുകളുടെ നിര 

അയര്‍ലണ്ടിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജൂണ്‍ 22 മുതല്‍,പങ്കെടുക്കാന്‍ പ്രമുഖ ടീമുകളുടെ നിര 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജൂണ്‍ 22 ന്ആരംഭിക്കും.  രഞ്ജി ക്രിക്കറ്റ് കമ്മറ്റി ഓഫ് അയര്‍ലണ്ടിന്റെ നേതൃത്വത്തിലാണ് മത്സരം നടത്തുന്നത്.ഡബ്ലിനിലെ മാലഹൈഡ് ക്രിക്കറ്റ് ക്ലബില്‍ വച്ചാണ് മത്സരം. ട്രിനിറ്റി കോളജ്, അയര്‍ലണ്ട് ഇന്ത്യ ബിസിനസ് അസോസിയേഷന്‍, ഐറിഷ്ടിവി എന്നിവയുടെ സഹകരണത്തോടെയാണ് രഞ്ജി ട്രോഫി മത്സരങ്ങള്‍ നടത്തുന്നത്.ഐറിഷ് ക്രിക്കറ്റ് താരം കെവിന്‍ ഒബ്രിയാനും സംഘാടക നിരയിലുണ്ട്.

ആഗോള കമ്പനികളായ ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ടീമുകളാണ് രഞ്ജി ട്രോഫിക്കായി ഏറ്റുമുട്ടുന്നത്. ഗൂഗിളും ആമസോണും കഴിഞ്ഞാല്‍ ഫെയ്‌സ്ബുക്ക്, ഡെല്‍, ഫിഡിലിറ്റി, ഇന്റല്‍, മൈക്രോസോഫ്റ്റ്, ഒറാക്കിള്‍, ഇഎസ്ബി, എഐബി തുടങ്ങിയ കമ്പനികളുടെ ടീമുകളും മത്സര രംഗത്തുണ്ട്. രഞ്ജി ട്രോഫി ക്രിക്കറ്റിനോട് അനുബന്ധിച്ച് കുട്ടികളുടെ ക്രിക്കറ്റ് മത്സരങ്ങളും, വിവിധ സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്.

1872 ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ കത്ത്യവാറില്‍ ജനിച്ച രഞ്ജിത്ത്‌സിങ്ങ്ജിയുടെ അനുസ്മരണാര്‍ത്ഥമാണ് രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ നവനഗര്‍ ഭരണാധികാരിയായിരുന്ന അദ്ദേഹം മികച്ച ടെസ്റ്റ് പ്‌ളെയര്‍ കൂടിയായിരുന്നു. തന്റെ ചെറുപ്പകാലത്ത് ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള രഞ്ജി അയര്‍ലണ്ടുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

1924 ല്‍ അയര്‍ലണ്ടില്‍ എത്തിയ രഞ്ജി 1933 ല്‍ തന്റെ മരണം വരെ അയര്‍ലണ്ടിലാണ് താമസിച്ചിരുന്നത്.ഗാല്‍വേയിലെ കൊന്നെമാരയിലെ ബല്ലിനാഹിഞ്ച് കാസില്‍ വാങ്ങിയ അദ്ദേഹം അയര്‍ലണ്ടില്‍ വളരെ വേഗം പ്രശസ്തനായി. സ്‌നേഹസമ്പന്നനും മാന്യനുമായ തൊഴില്‍ദാതാവെന്നാണ് അദ്ദേഹത്തെ ഐറിഷ് പൌരന്‍മാര്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായാണ് അയര്‍ലണ്ടില്‍ എല്ലാ വര്‍ഷവും രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം നടത്തുന്നത്

Scroll To Top