Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ മുസ്ലീമുകള്‍ രാജ്യം വിട്ടുപോവണമെന്ന് ഭീഷണിക്കത്ത് :മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണ മുന്നറിയിപ്പ് ,നേരിടുമെന്ന് സര്‍ക്കാര്‍

അയര്‍ലണ്ടിലെ മുസ്ലീമുകള്‍ രാജ്യം വിട്ടുപോവണമെന്ന് ഭീഷണിക്കത്ത് :മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണ മുന്നറിയിപ്പ് ,നേരിടുമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍ :അയര്‍ലണ്ടിലെ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണ ഭീഷണി മുഴക്കി വ്യാപകമായ പ്രചരണം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ . പള്ളികളിലേക്കും ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററുകളിലേക്കും ഭീഷണിക്കത്തുകള്‍ അയച്ചുംകൊണ്ട് ചിലര്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിരിക്കുന്നതെന്നു ഗാര്‍ഡ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എല്ലാ കത്തുകളിലും മുസ്ലീങ്ങള്‍ രാജ്യം വിട്ടുപോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഗാര്‍ഡ പറയുന്നത്.സംഭവ വികാസങ്ങളെ അപലപിച്ച് കൊണ്ട് രംഗത്തെത്തിയ ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍ മുസ്‌ളീമുകള്‍ക്കു എല്ലാ വിധ സംരക്ഷണവും നല്കുമെന്ന് ഉറപ്പു നല്കി .
അയര്‍ലണ്ടിലെ മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന കുട്ടികളെയുള്‍പ്പെടെയുള്ളവരെ തങ്ങള്‍ ആക്രമിക്കുമെന്നാണ് കത്തുകളില്‍ പറയുന്നത.. പുതുതായി നോര്‍ത്ത് ഡബ്ലിനില്‍ നിര്‍മ്മിച്ച പള്ളികളെയാണ് ആക്രമികള്‍ കേന്ദ്രീകരിക്കുക എന്ന സൂചനയും കത്തുകളില്‍ ഉണ്ട്. സ്‌കൂളുകളില്‍ വച്ച് കുട്ടികളെയും ആക്രമിക്കുമെന്നും ആക്രമികള്‍ പറയുന്നു.
എല്ലാ മുസ്ലീങ്ങളെയും മുസ്ലീമാണെന്ന് തങ്ങള്‍ സംശയിക്കുന്നവരെയും ആക്രമിക്കുമെന്നാണ് കത്തില്‍ അറിയിക്കുന്നത്. മുസ്ലീം രാജ്യത്തിലേക്ക് തിരികെ പോകണമെന്നും അയര്‍ലണ്ട് ഒരു ക്രിസ്തീയ രാജ്യമാണെന്നുമാണ് കത്തുകള്‍ പറയുന്നത്.
ഇത്തരം ഭീഷണി കത്തുകള്‍ തങ്ങളുടെ സമൂഹത്തെ ഭയപ്പെടുത്തിയിട്ടുണ്ടെന്ന് ഡബ്ലിനിലെ മല്‍ഹുഡാര്‍ട്ടിലുള്ള അല്‍ മുസ്തഫ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ഇമാം ഉമര്‍ അല്‍ ഖദ്രി പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് കത്ത് ഇമാമിന്റെ കയ്യില്‍ ലഭിച്ചത്.
കഴിഞ്ഞ പത്തു വര്‍ഷമായി അയര്‍ലണ്ടില്‍ ജീവിക്കുകയാണെന്നും വളരെ നല്ല അനുഭവമായിരുന്നു ഇവിടെ നിന്നും ലഭിച്ചിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടര്ച്ചയായി ലഭിക്കുന്ന ഇത്തരം ഊമക്കത്തുകള്‍ തങ്ങളുടെ സമൂഹത്തെതന്നെ ഭയപ്പെടുത്തുകയാണെന്നും ഇമാം ഉമര്‍ അല്‍ ഖദ്രി പറയുന്നു.
65,000ത്തോളം മുസ്ലീങ്ങളാണ് ഇപ്പോള്‍ അയര്‍ലണ്ടിലുള്ളതെന്നും അതില്‍ മൂന്നിലൊന്നുപേരും അയര്‍ലണ്ടില്‍ തന്നെ ജനിച്ചുവളര്‍ന്നവരാണെന്നും ക്ലോണ്‍സ്‌കി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ അംഗമായ ഡോക്ടര്‍ അലി സലിം പറഞ്ഞു.
കത്തിനെക്കുറിച്ച് ഗാര്‍ഡ അന്വേഷണം നടത്തിവരികയാണ്. കത്തിനെ അശുഭസൂചകമായും മുന്നറിയിപ്പായുമാണ് അയര്‍ലണ്ടിലെ ഇമിഗ്രന്റ് കൗണ്‍സില്‍ കണക്കാക്കിയിരിക്കുന്നത്.
വംശീയ ആക്രമണങ്ങള്‍ തടയുന്നതിനായി ഗാര്‍ഡയോട് സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് ഇമിഗ്രന്റ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഡെനിസ് ചാള്‍ടണ്‍ പറഞ്ഞു.
വംശായതയും മതപരമായ ആക്രമണങ്ങളും അയര്‍ലണ്ടില്‍ സമ്മതിച്ചുതരാന്‍ കഴിയില്ലെന്ന് നിയമമന്ത്രി അലന്‍ ഷാറ്ററും കത്തിനെതിരായി പ്രതികരിച്ചുകൊണ്ട് അറിയിച്ചു.
ഇത്തരം കേസുകളില്‍ പെട്ടെന്നു തന്നെ വേണ്ട അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കി നടപടിക്രമങ്ങളിലേക്ക് കടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം വംശീയ അക്രമങ്ങള്‍ അയര്‍ലണ്ടില്‍ അനുവദിക്കാന്‍ പാടില്ലെന്നും കത്തിലെ ഉള്ളടക്കം ഓണ്‍ലൈന്‍ വഴിയും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇമിഗ്രന്റ് കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

Scroll To Top