Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി,പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ 100 മില്യണ്‍ യൂറോ അനുവദിച്ചു 

അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി,പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ 100 മില്യണ്‍ യൂറോ അനുവദിച്ചു 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഡബ്ലിന്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലായി ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ വാസയോഗ്യമാക്കി എടുക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ ആദ്യം കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ നവീകരിക്കാന്‍ 35 മില്യന്‍ യൂറോ അനുവദിച്ചതായി ഹൌസിംഗ് മന്ത്രി ജാന്‍ ഒ സുള്ളിവന്‍ അറിയിച്ചു. കൂടാതെ പുതിയ ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ക്കായി 25 മില്യന്‍ യൂറോയും അനുവദിച്ചിട്ടുണ്ട്. പുതിയ പ്രോജക്ടുകള്‍ക്ക് ക്യാബിനറ്റ് അംഗീകാരം ലഭിച്ചതായി മന്ത്രി അറിയിച്ചു. 

പദ്ധതിയുടെ ഭാഗമായി 2016 അവസാനത്തോടെ 2,700 വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വീടില്ലാതെ ആരും തെരുവില്‍ ഇറങ്ങേണ്ടി വരരുതെന്നാണ് ഗവണ്മെന്റിന്റെ നിലപാടെന്ന് അവര്‍ പറഞ്ഞു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡബ്ലിനില്‍ മാത്രം 127 പേര്‍ തെരുവില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്. 142 കുടുംബങ്ങള്‍ ഹോട്ടല്‍ മുറികളില്‍ അഭയം തേടിയിരിക്കുകയാണ്. 35 മില്യന്‍ യൂറോ ചെലവഴിച്ച് നിര്‍മ്മിക്കുന്ന വീടുകളില്‍ 1,750 വീടുകള്‍ വരും മാസങ്ങളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാകും. 

ദിനംപ്രതി നൂറുകണക്കിന് ആളുകള് വീടില്ലാതെ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന സാഹചര്യത്തില്‍ പുതിയ വീട് നിര്‍മ്മാണ പദ്ധതികള്‍ക്കായി ധനവകുപ്പ് 100 മില്യന്‍ യൂറോ അനുവദിച്ചതായി ധനമന്ത്രി മൈക്കല്‍ നൂനനും വ്യക്തമാക്കി. ഇത് കൂടാതെ കൌണ്‍സിലുകളുമായി ആലോചിച്ച് റെന്റ് അലവന്‍സിന്റെ പരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യവും ആലോചിക്കുമെന്ന് ഗവണ്‍മെന്റ് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ റെന്റ് അലവന്‍സില്‍ ജീവിക്കുന്നവര്‍ക്ക് വീട് നല്കാതിരിക്കുന്ന വീട്ടുടമസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. നിയമഭേദഗതി കൂടാതെ തന്നെ ഇക്കാര്യങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Scroll To Top