Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ നേഴ്‌സുമാരുടെ സിക്ക് ലീവ് സമ്പ്രദായം;2014 മാര്‍ച്ച് മുതല്‍ മാത്രം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയാല്‍ മതിയെന്ന് അന്തിമ തീരുമാനം 

അയര്‍ലണ്ടിലെ നേഴ്‌സുമാരുടെ സിക്ക് ലീവ് സമ്പ്രദായം;2014 മാര്‍ച്ച് മുതല്‍ മാത്രം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയാല്‍ മതിയെന്ന് അന്തിമ തീരുമാനം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍  നേഴ്‌സുമാരുടെ സിക്ക് ലീവ് സമ്പ്രദായം അടിമുടി മാറുന്നു.ആരോഗ്യവകുപ്പ് അറിയിച്ചതാണ് ഇക്കാര്യം. സിക്ക് ലീവിന് അപേക്ഷിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അധികൃതര്‍ ആരോഗ്യ വകുപ്പിന്റെ നടപടി. 

2011 ലെ സെന്‍ട്രല്‍ സിക്ക് ലീവ് പോളിസി പുനപരിശോധനയുമായി ബന്ധപ്പെട്ട് ഈ നയം നടപ്പിലാക്കാനിരുന്നതാണ്. എന്നാല്‍ ട്രേഡ് യൂണിയനുകളുടെ എതിര്‍പ്പ് മൂലം ഇത് നടപ്പിലാക്കാനായിരുന്നില്ല.

സിക്ക് ലീവുകാരുടെ എണ്ണം കൂടുന്നതിനാല്‍ ജീവനക്കാരുടെ കുറവ് നികത്താന്‍ ഏജന്‍സികളില്‍ നിന്ന് ജീവനക്കാരെ ഇറക്കുമതിചെയ്തും ഓവര്‍ ടൈം പണിയെടുക്കുന്നവര്‍ക്ക് അധിക വേതനം നല്‍കിയും സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണ് സിക്ക് ലീവ് മറയാക്കി വീട്ടിലിരിക്കുന്നവരെ കുടുക്കാന്‍ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.

ഇനി മുതല്‍ മുഴുവന്‍ ശമ്പളത്തോട് കൂടിയ സിക്ക് ലീവ് മൂന്ന് മാസവും പകുതി ശമ്പളത്തോട് കൂടിയ സിക്ക് ലീവ് മൂന്ന് മാസവുമായിരിക്കും.ഇപ്രകാരം നാല് വര്‍ഷക്കാലാവധിയ്ക്കുള്ളില്‍ മൊത്തം ആറ് മാസമേ ഇനി ശമ്പളത്തോടെയുള്ള സിക്ക് ലീവ് ലഭിക്കൂ. നേരത്തെ മുഴുവന്‍ ശമ്പളത്തോട് കൂടിയ സിക്ക്‌ലീവ് ആറ് മാസവും പാതി ശമ്പളത്തോട് കൂടിയ സിക്ക് ലീവ് ആറ് മാസവും ലഭിക്കുമായിരുന്നു. ഫലത്തില്‍ അവധിക്കാലാവധി പകുതിയായി.

നാലു വര്‍ഷ കാലയളവില്‍ മുഴുവന്‍ ശമ്പളത്തിനായോ പകുതി ശമ്പളത്തിനായോ അര്‍ഹതയുള്ള അവധികള്‍ മുമ്പ് എടുത്തവര്‍ വീണ്ടും അപേക്ഷിക്കുമ്പോള്‍ മുന്‍കാലത്ത് എടുത്ത് തീര്‍ത്ത അവധികള്‍ കുറച്ചതിന് ശേഷമുള്ള ദിവസങ്ങള്‍ക്കെ ശമ്പളത്തോട് കൂടിയ അവധി ലഭിക്കൂ

ജൂണ്‍ ആദ്യവാരം എച്ച് എസ് ഇ പരസ്യപ്പെടുത്തിയ ഉത്തരവ് പ്രകാരം ,2014 മാര്‍ച്ച് 31 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ നിയമം നിലവില്‍ വന്നു. തത്വത്തില്‍ ഇത് 2014 ഏപ്രില്‍ മുതലായിരിക്കും .കൂടുതല്‍ ഗുരുതരമായ രോഗം ബാധിച്ച് അവധിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രം പഴയ രീതിയില്‍ സിക്ക് ലീവ് അനുവദിക്കും. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് ആറ് മാസം മുഴുവന്‍ ശമ്പളവും ആറ് മാസം പകുതി ശമ്പളവും ലഭിക്കും. ലേബര്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് മാത്രം പ്രത്യേക ഇളവ് അനുവദിച്ചത്.

എന്നാല്‍ ഡബ്ലിനില്‍ ഉള്‍പ്പെടെ നിരവധി എച്ച് എസ് ഇ ഫണ്ടട് ആശുപത്രികളില്‍ ഈ നിയമം അന്തിമമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ പദ്ധതി നടപ്പിലാക്കിയെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.മാര്‍ച്ച് 31 മുതലാണ് നിയമം നടപ്പില്‍ വന്നിട്ടുള്ളുവെങ്കിലും,അതിനും മാസങ്ങള്‍ക്ക് മുന്‍പേ തിരക്കിട്ട് അവ നടപ്പാക്കിയ ആശുപത്രികള്‍ നേഴ്‌സുമാരുടെയടക്കം അവധി തിരിച്ചുനല്‍കേണ്ടിയും വന്നേക്കാം.

Scroll To Top