Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ഡോക്ടര്‍മാരുടെ ശമ്പളം 24 % വരെ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

അയര്‍ലണ്ടിലെ ഡോക്ടര്‍മാരുടെ ശമ്പളം 24 % വരെ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡോക്ടര്‍മാര്‍ക്ക് ശുഭവാര്‍ത്ത. രണ്ട് വര്‍ഷം മുമ്പ് ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ച നടപടി ഭാഗികമായി പിന്‍വലിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ഇതോടെ ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ 24 ശതമാനം വരെ
വര്‍ദ്ധന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റും എച്ച്എസ്ഇയും ഇത് സംബന്ധിച്ച ശുപാര്‍ശ ഗവണ്‍മെന്റിന് കൈമാറി.

പുതിയ ശുപാര്‍ശ പ്രകാരം ഓവര്‍ ടൈം ഉള്‍പ്പെടെ 175,000 യൂറോ വരെ വരുമാനം വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2012 ഒക്ടോബറില്‍ അന്നത്തെ ആരോഗ്യമന്ത്രി ആയിരുന്ന ജെയിംസ് റെലിയാണ് ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ചത്. 30
ശതമാനം വരെയാണ് വെട്ടിക്കുറച്ചത്. ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാരുടെ ശമ്പളമാണ് വെട്ടിക്കുറച്ചത്.

ശമ്പളം വെട്ടിക്കുറച്ച നടപടി ഡോക്ടര്‍മാര്‍ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനു കാരണമായതായി മെഡിക്കല്‍ സംഘടനകള്‍ കുറ്റപ്പെടുത്തി. ഇത് അയര്‍ലണ്ടില്‍ ഡോക്ടര്‍മാരുടെ എണ്ണം കുറയുന്നതിനിടയാക്കി. പുതിയ ആരോഗ്യമന്ത്രി
ലിയോ വരദ്കറും പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൌളിനും ചേര്‍ന്നാണ് വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഈ ആഴ്ച ആദ്യം ചേര്‍ന്ന ക്യാബിനറ്റ് മീറ്റിങ്ങില്‍ ഇക്കാര്യം ചര്‍ച്ച ആയതായാണ് സൂചന. ഐറിഷ് സമ്പദ്ഘടന മെച്ചപ്പെട്ട ശേഷം പൊതുമേഖലയില്‍ നടപ്പിലാക്കുന്ന ആദ്യ ശമ്പള വര്‍ദ്ധനയാണിത്.

ലിയോ വരേദ്കര്‍ ആരോഗ്യ മന്ത്രിയായതിനു ശേഷം ആരോഗ്യവകുപ്പില്‍ ഉണ്ടാകുന്ന സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണിത്.പുതിയ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ക്ക് അയര്‍ലണ്ടില്‍ പ്രാക്ടീസ് ചെയ്യാനുള്ള മെഡിക്കല്‍ കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്യാനുള്ള ചര്‍ച്ചകളും നടന്നുവരുന്നുണ്ട്.

Scroll To Top