Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ജയില്‍പ്പുള്ളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പോക്കറ്റ് മണി ലഭിച്ചത് 19 മില്യന്‍ യൂറോ

അയര്‍ലണ്ടിലെ ജയില്‍പ്പുള്ളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പോക്കറ്റ് മണി ലഭിച്ചത് 19 മില്യന്‍ യൂറോ

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജയില്‍പ്പുള്ളികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പോക്കറ്റ് മണി ലഭിച്ചത് 19 മില്യന്‍ യൂറോയെന്ന് റിപ്പോര്‍ട്ട്. ശിക്ഷിക്കപ്പെടു ജയിലില്‍ കിടക്കുന്ന ഓരോ പ്രതിക്കും പ്രതിദിന അലവന്‍സ് എന്ന നിലയില്‍ സര്‍ക്കാരില്‍ നിന്ന് ഒരു തുക ലഭിക്കും. ഇത്തരത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ജയില്‍പ്പുള്ളികള്‍ക്ക് നല്‍കിയ തുകയുടെ കണക്കാണ് പുറത്ത് വന്നത്. ജയില്‍പ്പുള്ളികള്‍ക്ക് ലഭിക്കുന്ന പ്രതിദിന അലവന്‍സ് ജയില്‍ കോമ്പൌണ്ടിലെ ഷോപ്പില്‍ നിന്ന് ഷോപ്പിംഗ് നടത്തുന്നതിനോ ജയില്‍ മോചിതനാകുമ്പോള്‍ ഉപയോഗിക്കുന്നതിനായി സമ്പാദിക്കുകയോ ചെയ്യാം. 

2009 മുതല്‍ രാജ്യത്തെ 14 ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടു കഴിയുന്ന ജയില്‍പ്പുള്ളികള്‍ക്ക് നല്‍കിയ ഡെയ്‌ലി അലവന്‍സ് സംബന്ധിച്ച കണക്കുകളാണ് പുറത്ത് വന്നത്. കൃത്യമായി പറഞ്ഞാല്‍ 18,922,294 യൂറോ ജയില്‍പ്പുള്ളികള്‍ക്ക് പോക്കറ്റ് മണിയായി സര്‍ക്കാരില്‍ നിന്ന് ലഭിച്ചു. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ജയില്‍ വകുപ്പ് ഈ കണക്ക് വെളിപ്പെടുത്തിയത്. ജയില്‍പ്പുള്ളികളുടെ നല്ല പെരുമാറ്റത്തിനുള്ള പ്രതിഫലമായാണ് പ്രതിദിന അലവന്‍സ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം വരെ 2.35 യൂറോയാണ് പ്രതിദിന അലവന്‍സ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് മൂന്ന് നിരക്കുകളായി നിശ്ചയിച്ചു. പുതിയ നിയമ പ്രകാരം 1.70 യൂറോയാണ് പ്രതിദിന അലവന്‍സിലെ മിനിമം നിരക്ക്. 

കൂടുതല്‍ നല്ല പെരുമാറ്റം പ്രകടിപ്പിക്കുന്നവരുടെ 2.20 യൂറോയായി വര്‍ദ്ധിപ്പിക്കും. മോശമായി പെരുമാറുന്നവരുടെ അലവന്‍സ് 0.95 യൂറോയായി വെട്ടിക്കുറയ്ക്കും. പ്രതിദിന അലവന്‍സ് കൂടാതെ ജയിലിലെ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രതിദിനം 1 യൂറോ അധിക വരുമാനം നേടാനും നിയമം അനുവദിക്കുന്നു. ജയിലിലെ ശുചീകരണ ജോലികള്‍ ഉള്‍പ്പെടെയുള്ള പണികളില്‍ സഹായിക്കുന്നവര്‍ക്കാണ് 1 യൂറോ പ്രതിഫലം ലഭിക്കുക. 2009 ന് ശേഷം ജയില്‍പ്പുള്ളികള്‍ക്ക് പ്രതിദിന അലവന്‍സ് നല്‍കുന്നതിനായി പ്രതിവര്‍ഷം ഐറിഷ് പ്രിസണ്‍ സര്‍വീസ് 3.8 മില്യന്‍ യൂറോ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

മൌണ്ട്‌ജോയ് ജയിലിലെ തടവുകാര്‍ക്കാന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവുമധികം പോക്കറ്റ് മണി ലഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മൌണ്ട്‌ജോയ് ജയിലിലെ ജയില്‍പ്പുള്ളികള്‍ക്ക് 3.4 മില്യന്‍ യൂറോ അലവന്‍സ് ലഭിച്ചു. മിഡ് ലാന്‍ഡ്‌സ് ജയിലും വീറ്റ്ഫീല്ഡ് ജയിലും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. 

Scroll To Top