Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമം വീണ്ടും ലോകമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു

അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമം വീണ്ടും ലോകമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു

ഡബ്ലിന്‍: ഇന്ത്യന്‍ വംശജ സവിത ഹാലപ്പനവറിന്റെ മരണത്തിന് ശേഷം അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമം വീണ്ടും ലോകമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. ബലാത്സംഗത്തിലൂടെ ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കുകയും നിര്‍ബന്ധിത സിസേറിയന് വിധേയമാക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ലോകമാധ്യമങ്ങളില്‍ അയര്‍ലണ്ടിലെ ഗര്‍ഭഛിദ്രം നിയമം വീണ്ടും വാര്‍ത്തയായത്. ഗാര്‍ഡിയന്‍, ന്യുയോര്‍ക്ക് ടൈംസ് തുടങ്ങിയ പ്രമുഖ ലോകമാധ്യമങ്ങള്‍ എല്ലാം തന്നെ അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമം സംബന്ധിച്ച പുതിയ വിവാദം വാര്‍ത്തയാക്കിയിട്ടുണ്ട്. 

ഗര്‍ഭിണിയായ ബലാത്സംഗത്തിന്റെ ഇരയായ യുവതി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി. എന്നാല്‍ നിയമം ജയിച്ചു എന്നാണു ഗാര്‍ഡിയന്‍ വാര്‍ത്തയുടെ തലക്കെട്ട്. ഗര്‍ഭഛിദ്ര അനുമതി നിഷേധിച്ച സംഭവത്തില്‍ അയര്‍ലണ്ടിന് അകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നു എന്നാണു ന്യുയോര്‍ക്ക് ടൈംസിന്റെ തലവാചകം. ഈ വിഷയത്തില്‍ ഗാര്‍ഡിയന്‍ മുഖപ്രസംഗം എഴുതുകയും ചെയ്തു. ഗര്‍ഭഛിദ്ര അനുമതി നിഷേധിക്കാനുള്ള ഐറിഷ് അധികൃതരുടെ തീരുമാനം ശുദ്ധ അസംബന്ധമാണെന്ന് ഗാര്‍ഡിയന്‍ മുഖപ്രസംഗം വിമര്‍ശിച്ചു. 

ഫോഴ്‌സ്, ദി സൌത്ത് ചൈന മോണിംഗ് പോസ്റ്റ് തുടങ്ങിയ ഏഷ്യന്‍ മാധ്യമങ്ങളിലും സംഭവം വാര്‍ത്തയായി. ബിബിയിലും ഈ സംഭവം പ്രധാന വാര്‍ത്തയായി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമങ്ങളും ഒരുപോലെ ഐറിഷ് അധികൃതരുടെ നടപടിയെ വിമര്‍ശിക്കുന്നു. ഗര്‍ഭഛിദ്രം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മരണമടഞ്ഞ ഇന്ത്യന്‍ വംശജ സവിത ഹാലപ്പനവറിന്റെ മരണത്തിനു ശേഷം ഇത് ആദ്യമായാണ് അയര്‍ലണ്ടിലെ ഗര്‍ഭഛിദ്ര നിയമം ലോകമാധ്യമങ്ങളില്‍ വിമര്‍ശന വിധേയമാകുന്നത്.

Scroll To Top