Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ കുട്ടികളും ഹൈപ്പര്‍ ആക്റ്റിവിറ്റിയും

അയര്‍ലണ്ടിലെ കുട്ടികളും ഹൈപ്പര്‍ ആക്റ്റിവിറ്റിയും

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഇരുപതില്‍ ഒരു കുട്ടിക്ക് എന്ന കണക്കില്‍ അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവ് ഡിസോഡര്‍ (എഡിഎച്ച്ഡി) ഉണ്ടെന്ന് പുതിയ കണ്ടെത്തല്‍.

കുട്ടികളില്‍ ഇത്തരം ഒരു അവസ്ഥ കൂടിവരുന്നുണ്ടെങ്കിലും കാര്യക്ഷമമായ ചികിത്സാരീതിയിലൂടെ ഇതിനെ നിയന്ത്രിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാറുണ്ടെന്ന് ഡബ്ലിനിലെ എഎംഎന്‍സിഎച്ച് ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോക്ടര്‍ ഹെല്‍മ എഡ്ഡര്‍മാന്‍ പറഞ്ഞു.
സമയമെത്താതെ ജനിച്ചവരില്‍ കൂടുതലായും എഡിഎച്ച്ഡി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള എല്ലാ കുട്ടികളിലും എഡിഎച്ച്ഡി കണ്ടെത്തിയിട്ടില്ല. ജനിക്കുമ്പോള്‍ ഭാരം കുറവായിരിക്കുന്ന കുട്ടികളില്‍ രോഗ സാധ്യത കൂടുതലാണെന്നും ഡോക്ടര്‍ ഹെല്‍മ പറയുന്നു.
ആര്‍സിഐപി ശരത്കാല കോണ്‍ഫറന്‍സിനെത്തുന്ന പീഡിയാട്രിക് ഫാക്കല്‍ട്ടികള്‍ക്കുമുന്നിലാണ് ഡോക്ടര്‍ ഹെല്‍മ ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം അവതരിപ്പിക്കുക. രോഗത്തിന്റെ കാരണങ്ങളെക്കുറിച്ചും അവസ്ഥയെക്കുറിച്ചും ഇതിനു അനുയോജ്യമായ ചികിത്സാരീതികളെക്കുറിച്ചും ഡോക്ടര്‍ ഹെല്‍മ സംസാരിക്കും.
രോഗാവസ്ഥയിലുള്ള 50 ശതമാനം കുട്ടികളില്‍ മാത്രമാണ് ഈ അവസ്ഥ പ്രായപൂര്‍ത്തിയാകുന്നതുവരെ നീണ്ടു നില്‍ക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. ബുദ്ധിവികസിക്കുന്നതിനനുസരിച്ച് പലരില്‍ നിന്നും എഡിഎച്ച്ഡി അപ്രത്യക്ഷമാകാറാണ് പതിവെന്നും ഡോക്ടര്‍ ഹെല്‍മ കൂട്ടിച്ചേര്‍ത്തു.
മൂന്നുതരം ലക്ഷണങ്ങളാണ് പ്രധാനമായും എഡിഎച്ച്ഡി രോഗമുള്ള കുട്ടികളില്‍ കാണപ്പെടുന്നത് കൂടുതലായി വികൃതിത്തരങ്ങള്‍ കാട്ടുക, ശ്രദ്ധയില്ലാതിരിക്കുക, ഓവര്‍ ആക്റ്റിവിറ്റി.
സ്‌കൂളുകളില്‍ പോയിത്തുടങ്ങുന്നതിനു മുന്‍പ് കുട്ടികളില്‍ എഡിഎച്ച്ഡി ലക്ഷണങ്ങള്‍ മനസിലാക്കുക രക്ഷിതാക്കള്‍ക്കു പോലും ചിലപ്പോള്‍ സാധിക്കാതെ വരും, ഇതതരം കുട്ടികള്‍ സമപ്രായക്കാരില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ആക്റ്റീവായി പ്രവര്‍ത്തിക്കുമെന്ന് ഡോക്ടര്‍ ഹെല്‍മ പറഞ്ഞു. അപകടങ്ങള്‍ വരത്തക്കവിധത്തില്‍ പെരുമാറാനും കുട്ടികള്‍ ശ്രമിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്‌കൂളുകളിലെത്തിയാല്‍ കുട്ടികളുടെ ശ്രദ്ധയില്ലായ്മ ടീച്ചര്‍മാര്‍ ശ്രദ്ധിക്കുകയാണ് പതിവ്. ഇതിന് മരുന്നുകളുടെ സഹായമില്ലാതെ ചികിത്സിച്ചാല്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ഇതു ബാധിച്ചേക്കാമെന്നും രക്ഷിതാക്കള്‍ക്ക് കുട്ടികളെ നേര്‍വഴിയിലേക്ക് നയിക്കണമെങ്കില്‍ വളരെ ശ്രമകരമായ അധ്വാനം ആവശ്യമായി വരുമെന്നും ഡോക്ടര്‍ ഹെല്‍മ എഡ്ഡര്‍മാന്‍ പറഞ്ഞു.
കുട്ടികളെ യഥാര്‍ത്ഥരീതിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഏതുതരത്തില്‍ പെരുമാറണമെന്നുള്ളതിന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചാല്‍ വളരെ വേഗത്തില്‍ തന്നെ കുട്ടിയെ എഡിഎച്ചഡിയില്‍ നിന്നും മുക്തനാക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ എല്‍മ കൂട്ടിച്ചേര്‍ത്തു.

Scroll To Top