Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ ആയിരക്കണക്കിന് ബാങ്ക് ഇടപാടുകാര്‍ ബാങ്ക് ഉപേക്ഷിച്ച് ക്രെഡിറ്റ് യൂണിയനുകളിലേക്ക് മാറുന്നു

അയര്‍ലണ്ടിലെ ആയിരക്കണക്കിന് ബാങ്ക് ഇടപാടുകാര്‍ ബാങ്ക് ഉപേക്ഷിച്ച് ക്രെഡിറ്റ് യൂണിയനുകളിലേക്ക് മാറുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആയിരക്കണക്കിന് ബാങ്ക് ഇടപാടുകാര്‍ ബാങ്ക് ഉപേക്ഷിച്ച് ക്രെഡിറ്റ് യൂണിയനുകളിലേക്ക് മാറുന്നു. ഇപ്പോള്‍തന്നെ ഒട്ടേറെ പേരും ദൈന്യംദിന ബാങ്കിംഗ് ഇടപാടുകള്‍ക്ക് ക്രെഡിറ്റ് യൂണിയനുകളെ ആശ്രയിക്കാന്‍ തുടങ്ങി കഴിഞ്ഞു.ക്രെഡിറ്റ് യൂണിയന്‍ അക്കൌണ്ടിലൂടെ ഓണ്‍ലൈന്‍ ബില്‍ പെയ്‌മെന്റിനു സൗകര്യം ഒരുക്കിയതും ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ളവ ക്രെഡിറ്റ് യൂണിയന്‍ അക്കൌണ്ട് മുഖേന സ്വീകരിക്കാന്‍ സൗകര്യം ഒരുക്കിയതുമാണ് ഇടപാടുകാര്‍ക്ക് ക്രെഡിറ്റ് യൂണിയന്‍ അക്കുണ്ടുകളിലേക്ക് മാറാന്‍ കാരണം. അടുത്ത പടിയായി അക്കൌണ്ട് ഉടമകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സൗകര്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രെഡിറ്റ് യൂണിയനുകള്‍ ആലോചിക്കുന്നുണ്ട്. 

ക്രെഡിറ്റ് യൂണിയനുകളുടെ ഡെബിറ്റ് കാര്‍ഡ് സംവിധാനം അടുത്ത ഫെബ്രുവരിയോടെ നിലവില്‍ വരും. 2015 ഓടെ ചുരുങ്ങിയത് 50,000 പേരെങ്കിലും തങ്ങളുടെ ബാങ്ക് അക്കൌണ്ട് ഉപേക്ഷിച്ച് ക്രെഡിറ്റ് യൂണിയന്‍ അക്കൌണ്ടിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. ക്രെഡിറ്റ് യൂണിയന്‍ അക്കൌണ്ടിലൂടെ ഇലക്ട്രോണിക് പെയ്‌മെന്റിനു സൗകര്യം ലഭിച്ച പത്തില്‍ ഒന്ന് ഇടപാടുകാരും ബാങ്ക് അക്കൌണ്ട് ഉപേക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. 36,000 ഇടപാടുകാരുമായി രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് യൂണിയനുകളില്‍ ഒന്നായ വെക്‌സ്‌ഫോര്‍ഡ് ക്രെഡിറ്റ് യൂണിയന്‍ വരുന്ന മൂന്ന് ആഴ്ചയ്ക്കകം ഇലക്ട്രോണിക് പെയ്‌മെന്റ് സൗകര്യം ലഭ്യമാക്കും. അടുത്ത വര്‍ഷം അവസാനത്തോടെ 200 ഓളം ക്രെഡിറ്റ് യൂണിയനുകളെങ്കിലും സജീവമായി പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 

പരമ്പരാഗത ബാങ്കുകളെ പിന്തള്ളി പ്രവര്‍ത്തനം സജീവമാക്കുന്ന ക്രെഡിറ്റ് യൂണിയനുകള്‍ ലോണുകള്‍, സേവിങ്ങ്‌സ് അക്കൌണ്ടുകള്‍, കാര്‍, ഹോം ഇന്‍ഷുറന്‍സുകള്‍, ട്രാവല്‍, ലൈഫ് ഇന്‍ഷുറന്‍സുകള്‍ തുടങ്ങിയ സേവനങ്ങളും നല്‍കും. ഈ സേവനങ്ങള്‍ എല്ലാം ബാങ്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും എന്നതാണ് ക്രെഡിറ്റ് യൂണിയനുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നത്.ശരാശരി 500 യൂറോവരെയാണ് ചില ബാങ്കുകള്‍ വിവിധ സേവനങ്ങള്‍ക്കായി വാര്‍ഷികാടിസ്ഥാനത്തില്‍ കൈപ്പറ്റുന്നത്. ക്രെഡിറ്റ് യൂണിയന്‍ അക്കൌണ്ടുകള്‍ക്കും ബാങ്ക് അക്കൌണ്ടിനെക്കാള്‍ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. 

Scroll To Top