Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ അവിവാഹിത അമ്മമാരുടെ മക്കളില്‍ മരുന്ന് പരീക്ഷണം നടന്നിരുന്നതായും പുതിയ വെളിപ്പെടുത്തല്‍

അയര്‍ലണ്ടിലെ അവിവാഹിത അമ്മമാരുടെ മക്കളില്‍ മരുന്ന് പരീക്ഷണം നടന്നിരുന്നതായും പുതിയ വെളിപ്പെടുത്തല്‍

ഡബ്ലിന്‍: ഗാള്‍വേയില്‍ നൂറുകണക്കിന് കുട്ടികളുടെ ശവകുടീരം കണ്ടെത്തിയതിന് പിന്നാലെ കുട്ടികളില്‍ മരുന്ന് പരീക്ഷണം നടന്നതായി റിപ്പോര്‍ട്ട്.1930 കളിലാണ് കുട്ടികളില്‍ മരുന്ന് പരീക്ഷണം നടന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അവിവാഹിത അമ്മമാര്‍ക്കുള്ള കെയര്‍ ഹോമുകളിലെ അന്തേവാസികളിലാണ് മരുന്ന് പരീക്ഷണം നടന്നതായി വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. 2000 കുട്ടികള്‍ എങ്കിലും മരുന്ന് പരീക്ഷണത്തിന് വിധേയമായതായാണ് പ്രാഥമിക വിവരം. അവിവാഹിത അമ്മമാരുടെ കുട്ടികളില്‍ വാക്‌സിനേഷന്‍ പരീക്ഷണമാണ് നടന്നത്.

ഡിഫ്തീരിയയ്‌ക്കെതിരെയുള്ള വാക്‌സിനാണ് കുട്ടികളില്‍ പരീക്ഷിച്ചത്. 2501 കുട്ടികളില്‍ പരീക്ഷണം നടന്നു. 1930 മുതല്‍ 1936 വരെയുള്ള കാലയളവിലാണ്പരീക്ഷണം നടന്നത്. നിയമപരമായ അനുമതി വാങ്ങിയാണ് പരീക്ഷണം നടത്തിയതെന്ന്  കരുതാന്‍ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

മൈക്കല്‍ ദ്വോയര്‍ എന്ന ചരിത്രകാരനാണ് മരുന്ന് പരീക്ഷണം സംബന്ധിച്ച രേഖകള്‍ കണ്ടെത്തിയത്. ഈ നിയമ വിരുദ്ധ പരീക്ഷണത്തിന്റെ പാര്‍ശ്വഫലം മൂലം എത്ര കുട്ടികള്‍ മരിച്ചിട്ടുണ്ടാകാമെന്നും എത്ര പേര്‍ രോഗബാധിതരായിട്ടുണ്ടാകുമെന്നും ഇനി കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ജേര്‍ണല്‍ ആര്‍ട്ടിക്കിളുകള്‍ ആര്‍ക്കൈവ് ചെയ്തിരിക്കുന്നയിടത്ത് നിന്നാണ് തനിക്ക് മരുന്ന് പരീക്ഷണം സംബന്ധിച്ച രേഖകള്‍ ലഭിച്ചതെന്ന് മൈക്കല്‍ പറഞ്ഞു. കോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര വിഭാഗം അധ്യാപകനാണ് മൈക്കല്‍.

ഡിഫ്തീരിയ വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ ബ്രിട്ടീഷ് വിപണിയില്‍ ഇറക്കുന്നതിന് മുന്നോടിയായാണ് അയര്‍ലണ്ടിലെ കുട്ടികളില്‍ പരീക്ഷണം നടന്നതെന്നാണ് പ്രാഥമിക വിവരം. ശവകുടീരം കണ്ടെത്തിയതിന് പിന്നാലെ കുട്ടികളില്‍ മരുന്ന് പരീക്ഷണം നടന്നുവെന്ന വെളിപ്പെടുത്തല്‍ ഐറിഷ് കത്തോലിക്ക സഭയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Scroll To Top