Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരോട് മൃദു സമീപനം വേണമെന്നാവശ്യപ്പെട്ട് ഡബ്ലിനില്‍ റാലി നടത്തി

അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരോട് മൃദു സമീപനം വേണമെന്നാവശ്യപ്പെട്ട് ഡബ്ലിനില്‍ റാലി നടത്തി

ഡബ്ലിന്‍ :മതിയായ രേഖകളില്ലാതെ അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാരോട് മൃദു സമീപനം വേണമെന്നാവശ്യപ്പെട്ട് ഡബ്ലിനില്‍ കുടിയേറ്റക്കാരുടെ മാര്‍ച്ച്. അമേരിക്കയിലുള്ള അനധികൃത ഐറിഷ് താമസക്കാരോട് ഐറിഷ് സര്‍ക്കാര്‍ എന്ത് നിലപാടാണോ സ്വീകരിക്കുന്നത് അത് തങ്ങളോടും സ്വീകരിക്കണമെന്ന് അവര്‍ പ്രധാനമന്ത്രി എന്റാ കെന്നിയോട് ആവശ്യപ്പെട്ടു. മൈഗ്രന്റ് റൈറ്റ് സെന്റര്‍ അയര്‍ലണ്ട് (എംആര്‍സിഐ) ആണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

യുഎസിലെ അനധികൃത ഐറിഷ് താമസക്കാര്‍ക്ക് അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരുടെ ഹാപ്പി സെന്റ് പാട്രിക് ഡേ എന്നെഴുതിയ കൂറ്റന്‍ ബാനറുകളും പ്രതിഷേധക്കാര്‍ പിടിച്ചിരുന്നു. സെന്റ് പാട്രിക് ദിനവുമായി ബന്ധപ്പെട്ടുള്ള പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി എന്റാ കെന്നി ഇപ്പോള്‍ അമേരിക്കയിലാണ്. യുഎസിലെ കുടിയേറ്റ പരിഷ്‌ക്കരണത്തെ കുറിച്ചും അദ്ദേഹം ഒബാമയുമായി ചര്‍ച്ച ചെയ്യും. ഒബാമയുടെ കുടിയേറ്റ പരിഷ്‌ക്കരണം 50000ത്തോളം വരുന്ന ഐറിഷ് കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായിരുന്നു.

അയര്‍ലണ്ടില്‍ മതിയായ താമസ രേഖകളില്ലാത്തതിന്റെ പേരില്‍ നാടുകടത്തില്‍ ഭീഷണി നേരിടുന്ന കുടിയേറ്റക്കാരോടും യുഎസിനോടുള്ള സമാന സമീപനം ഐറിഷ് സര്‍ക്കാര്‍ കാണിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. പുറത്തിറങ്ങിയാല്‍ പിടിക്കപ്പെടുമെന്ന ഭയത്താല്‍ അനധികൃത കുടിയേറ്റക്കാര്‍ ഒളിഞ്ഞും മറഞ്ഞുമാണ് കഴിയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി എംആര്‍സിഐ 2000ത്തോളം ഇമെയിലുകള്‍ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. 

Scroll To Top