Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലെ അടുത്ത ലോക്കല്‍ ഇലക്ഷനില്‍ കൗണ്‍സിലറായി ഒരു മലയാളിയെയെങ്കിലും നമുക്ക് ജയിപ്പിച്ചു കൂടെ ? ലോക്കല്‍ ഇലക്ഷന്‍ 2014 ഒരുക്കങ്ങള്‍ തുടങ്ങി

അയര്‍ലണ്ടിലെ അടുത്ത ലോക്കല്‍ ഇലക്ഷനില്‍  കൗണ്‍സിലറായി ഒരു മലയാളിയെയെങ്കിലും നമുക്ക് ജയിപ്പിച്ചു കൂടെ ? ലോക്കല്‍ ഇലക്ഷന്‍ 2014 ഒരുക്കങ്ങള്‍ തുടങ്ങി

ഡബ്ലിന്‍ :2014 ലെ ലോക്കല്‍ ഇലക്ഷന് ഒരു സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ?അയര്‍ലണ്ടില്‍ എവിടെയായാലും ഈ മാസം തന്നെ നിങ്ങള്‍ ഒരു തീരുമാനം എടുത്തിരിക്കണം .ലോക്കല്‍ ഇലക്ഷന്‍ 2014നുള്ള ഒരുക്കങ്ങള്‍ അയര്‍ലണ്ടില്‍ തുടങ്ങിക്കഴിഞ്ഞു.പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെ ഈ മാസം മുതല്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള കണ്‍വന്‍ഷനുകള്‍ ആരംഭിച്ചു കഴിഞ്ഞു .

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ നേടുകയോ ,പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുകയോ ചെയ്യണമെങ്കില്‍ ഈ മാസം തന്നെ അതാത് ലോക്കല്‍ ഏരിയായിലുള്ള പാര്‍ട്ടി ഓഫിസുകളുമായി ബന്ധപ്പെടേണം. കുടിയേറ്റക്കാരെ പരിഗണിക്കുന്ന നയം സ്വീകരിക്കുന്ന ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ അയര്‍ലണ്ടില്‍ ഉണ്ട്. പ്രത്യേകിച്ച് കുടിയേറ്റക്കാര്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളില്‍.ഓരോ വാര്‍ഡിലേയ്ക്കും ഒന്നിലധികം പ്രതിനിധികളെ തിരഞ്ഞെടുക്കണം എന്നതിനാലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം എന്നതിനാലും രാഷ്ട്രീയ പാര്‍ട്ടികള്‍ മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാരെ സ്ഥാനാര്‍ഥികള്‍ ആക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.ഉള്‍ കൌണ്ടികളില്‍ മിക്കയിടത്തും സ്ഥാനാര്‍ഥികള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടെന്നും പറയപെടുന്നു .

മലയാളികള്‍ക്കിടയില്‍ രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തീരെയില്ല എന്നത് ഒരു കുറവ് തന്നെയാണ്.സര്‍ക്കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കേണ്ട ഒട്ടേറെയിടങ്ങളില്‍ മലയാളിക്ക് അതിനു ഇപ്പോള്‍ സാധ്യതകള്‍ ഒന്നും ഇല്ല.ഏതു തലത്തിലയാലും പ്രവര്‍ത്തിക്കുന്ന ജനപ്രധിനിധികള്‍ ഏതൊരു കുടിയേറ്റ സമൂഹത്തിന്റെയും അത്യാവശ്യ ഘടകമാണ്.

പക്ഷേ സ്വതന്ത്രനായി മത്സരിക്കുന്നതിന് താമസിച്ചു തയാറെടുപ്പുകള്‍ നടത്തിയാലും മതി. മെയ് 23 നാണ് തിരഞ്ഞെടുപ്പ് നടത്തപ്പെടുക.അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും വോട്ടു ചെയ്യാനും മത്സരിക്കാനും അവകാശമുണ്ട്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അയര്‍ലണ്ടില്‍ ആകെ ഒരൊറ്റ സ്ഥാനാര്‍ഥി മാത്രമാണ് മലയാളികളില്‍ നിന്നും മത്സരരംഗത്തുണ്ടായിരുന്നത്.സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സിലിലേയ്ക്ക് താലാ വാര്‍ഡില്‍ നിന്നും മത്സരിച്ച ബേബി പേരേപ്പാടന്‍.സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം നിസ്സാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

മലയാളിയുടെ വോട്ടു മാത്രമല്ല കുടിയേറ്റക്കാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന നിരവധി തദ്ദേശിയരും ഉണ്ടെന്നതിന് ബേബി പെരേപ്പടന്റെ തിരഞ്ഞെടുപ്പ് തെളിവായി.വെറും 250 മലയാളികള്‍ മാത്രമുള്ള വാര്‍ഡില്‍ അതിന്റെ മൂന്നിരട്ടിയോളം മറ്റ് വോട്ടുകള്‍ പെരേപ്പാടന് ലഭിച്ചു.

ഐറിഷ് ഇന്‍ഡിപെന്‍ഡന്‍ഡ് കഴിഞ്ഞ വര്‍ഷം അവസാനം നടത്തിയ പഠനപ്രകാരം അയര്‍ലണ്ടിലെ താഴെതട്ടിലുള്ള ഒരു കൌണ്‍സിലറുടെ ഏറ്റവും കുറഞ്ഞ ശരാശരി വാര്‍ഷിക വരുമാനം 31,600 യൂറോയാണ്.വിവിധ കമ്മിറ്റികളില്‍ കൂടുതല്‍ സമയം ചിലവഴിക്കാന്‍ സന്നദ്ധനായാല്‍ വരുമാനം 50,000 യൂറോയിലും അധികമാവും.വരുമാനത്തിന്റെ കാര്യത്തിലും ‘പണി’ മോശമല്ലെന്ന് സാരം.

ഡബ്ലിനില്‍ ലോക്കല്‍ ഇലക്ഷന്‍ രംഗം ചൂട് പിടിച്ചു കഴിഞ്ഞു.പല പാര്‍ട്ടി നേതാക്കളും സീറ്റ് നിലനിര്‍ത്താനുള്ള വഴികള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.ജനാധിപത്യ പ്രക്രീയയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുമ്പോള്‍ ഒരു സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും നാം അകന്നുനില്‍ക്കുകയാണ് എന്നത് തന്നെയാണ് അര്‍ഥമാകുന്നത്.

മലയാളികളെക്കാള്‍ അയര്‍ലണ്ടിലെ കുടിയേറ്റക്കാരില്‍ കുറവ് ജനസംഖ്യയുള്ള നൈജീരിയക്കാരും,കോംഗോക്കാരും അടക്കം സ്ഥാനാര്‍ഥികളായി രംഗത്തെത്തി കഴിഞ്ഞു.തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതിലുപരിയായി പങ്കാളിത്വം വ്യക്തമാക്കുക എന്ന നയമെങ്കിലും സ്വീകരിക്കുവാന്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം അമാന്തിച്ചു നില്‍ക്കേണ്ടതില്ല.
(ഒക്ടോബര്‍ 7 ന് ഐറിഷ് മലയാളി പ്രസിദ്ധികരിച്ച വാര്‍ത്തയുടെ പുന:പ്രസിദ്ധീകരണം )

Scroll To Top