Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലും പാലസ്തീന് ഐക്യ ദാര്‍ഡ്യം   പ്രകടിപ്പിച്ച് റാലികള്‍ ,പങ്കെടുക്കാന്‍ എത്തിയത് ആയിരങ്ങള്‍ 

അയര്‍ലണ്ടിലും പാലസ്തീന് ഐക്യ ദാര്‍ഡ്യം   പ്രകടിപ്പിച്ച് റാലികള്‍ ,പങ്കെടുക്കാന്‍ എത്തിയത് ആയിരങ്ങള്‍ 

ഡബ്ലിന്‍: ഗാസയില്‍ പാലസ്തീനികള്‍ക്കെതിരെയുള്ള ആക്രമണത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍ ഇരകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അയര്‍ലണ്ടിലും ആയിരങ്ങള്‍ രംഗത്ത് വന്നു. പിഞ്ചു കുഞ്ഞുങ്ങളെ പോലും കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ ക്രൂരതയ്‌ക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഡബ്ലിനില്‍ മാത്രം 3000 പേര്‍ പങ്കെടുത്തു. ഡബ്ലിന്‍ കൂടാതെ കോര്‍ക്കിലും ലിമെറിക്കിലും ഗാല്‍വെയിലും ഡെറിയിലും ഇസ്രയേല്‍ ക്രൂരതയ്ക്ക് എതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പലസ്തീന്‍ സോളിഡാരിറ്റി ക്യാംപെയ്‌ന്റെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ലെന്‍സ്റ്റര്‍ ഹൌസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ സംഘടന,മെരിയോന്‍ റോഡിലെ ഇസ്രയേല്‍ എംബസിക്ക് മുന്നിലും പ്രതിഷേധിച്ചു.

50 മുതല്‍ നൂറു വരെ ആളുകളെയാണ് പ്രതീക്ഷിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാല്‍ സംഘാടകരെ ഞെട്ടിച്ച് കൊണ്ട് ആയിരങ്ങള്‍ പ്രതിഷേധ പരിപാടിയില്‍ അണിനിരന്നു. പാലസ്തീനെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയാണ് പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമിതി പ്രതിഷേധ പ്രകടനം നടത്തിയത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു പാലസ്തീനി കുട്ടി വീതം ഇസ്രയേല്‍ ബോംബിങ്ങില്‍ കൊല്ലപ്പെടുന്നതായാണ് കണക്ക്.

പൊതുജനങ്ങളെ കൂടാതെ വിവിധ പാര്‍ട്ടികളുടെ ടിഡിമാരും പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു. സിന്‍ ഫിന്‍ ടിഡിമാരായ മേരി ലൗ മക്‌ഡോണാള്‍ഡ്, ഡെസി എല്ലിസ് എന്നിവരും യുനൈറ്റഡ് ലെഫ്റ്റ് പ്രതിനിധി ജോണ്‍ കോളിന്‍സ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് പാര്‍ട്ടിയുടെ പ്രതിനിധി റിച്ചാര്‍ഡ് ബോയിഡ് ബാരെറ്റ്, ലിന്‍ ബോയ്‌ലിന്‍ എന്നിവരും നിരവധി കൌസിലര്‍മാരും പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നു. ലേബര്‍ പാര്‍ട്ടിയുടെ വനിതാ വിഭാഗം നേതാവ് സിനെദ് ആഹെനും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.മലയാളികള്‍ അടക്കം ഇന്ത്യാക്കാരും റാലിയില്‍ പങ്കെടുത്തു.

പാലസ്തീനെതിരെ ചൊവ്വാഴ്ച ആരംഭിച്ച ആക്രമണത്തില്‍പിഞ്ചു കുട്ടികള്‍ അടക്കം നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ലോകരാജ്യങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ ഇസ്രയേല്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്.

Scroll To Top