Saturday December 10, 2016
Latest Updates

അയര്‍ലണ്ടിന്റെ സ്വന്തം ആഘോഷം !,ഇത് വെറും പ്രേത രാവുകള്‍ മാത്രമാണോ ?

അയര്‍ലണ്ടിന്റെ സ്വന്തം ആഘോഷം !,ഇത് വെറും പ്രേത രാവുകള്‍ മാത്രമാണോ ?

വരിക കൂട്ടരെ, നമുക്ക് കൗതുക വസ്ത്രങ്ങള്‍ ധരിച്ച് വേഷ പ്രച്ഛന്നരാകാം…മത്തങ്ങ കൊണ്ട് മോഹ ശില്പങ്ങള്‍ തീര്‍ത്ത് അതില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കാം… ചപ്പുചവറുകള്‍ കൂട്ടി തീയിടാം… കുസൃതികള്‍ കാട്ടി തിമിര്‍ക്കാം… ദുര്‍മന്ത്രവാദിനികളാവാം… ഭയപ്പെടുത്തുന്ന കഥകള്‍ പറയാം… പ്രേത സിനിമകള്‍ കാണാം… ഇതെല്ലാമെന്തിനെന്നോ…? സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഒരാഘോഷത്തിന്റെ വര്‍ണാഭമായ തുടര്‍ച്ചയ്ക്കായി തന്നെ.

അതേ, ഹാലോവീന്‍ വരവായി. ഒക്‌ടോബര്‍ 31 ന് നമുക്കേവര്‍ക്കും മേളിക്കാം. അതിനുമുമ്പ് ഹാലോവീന്റെ ചരിത്രപഴമയിലേയ്ക്കും രസാവഹമായ ആചാര രീതികളിലേയ്ക്കും ഒരോട്ടപ്രദക്ഷിണം.ഹാലോവീന്റെ പിറവിയ്ക്ക് രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സെല്‍റ്റിക് ആഘോഷമായ ‘സോ ഇന്നിന്റെ’ (samhain) ആധുനിക രൂപമാണ് ഹാലോവീന്‍. 

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ അയര്‍ലണ്ട്, യു.കെ, വടക്കന്‍ ഫ്രാന്‍സ് എന്നീ പ്രദേശങ്ങളില്‍ ജീവിച്ചിരിക്കുന്നവരാണ് സെല്റ്റിക്കുകള്‍ . ആംഗ്ലോസാക്‌സണുകളുടെ വരവിന് മുമ്പ് ബ്രിട്ടനില്‍ ജിവിച്ചിരുന്ന കുടിയേറ്റക്കാരുടെ അവസാന ഗ്രൂപ്പാണിവര്‍. നവംബര്‍ ഒന്നാം തീയതിയാണ്‌സെല്‍റ്റുകള്‍ പുതുവര്‍ഷം ആഘോഷിച്ചിരുന്നത്. വേനല്‍ക്കാലത്തിന്റെ അവസാനവും വിളവെടുപ്പുകാലവുമായിരുന്നു ഇത്.
കനത്ത മഴയും തണുപ്പിന്റെയും ഇരുണ്ട ദിനങ്ങളുടെ തുടക്കവും. മനുഷ്യര്‍ക്ക് ഈ സമയം മരണം സംഭവിച്ചിരുന്നുവത്രേ. ശരത്കാലത്തിന്റെ അവസാനനാളുകളിലാണ് പഞ്ഞ ദിവസങ്ങളിലേയ്ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചു വയ്ക്കുന്നതും തണുത്തുറഞ്ഞ മഴക്കാലം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതും.ഒക്‌ടോബര്‍ 31ാം തീയതി രാത്രിയാണ് സെല്‍റ്റുകള്‍ സോ ഇന്‍ ആഘോഷിച്ചിരുന്നത്. പുതുവര്‍ഷ ദിനത്തില്‍ ജീവിച്ചിരിക്കുന്നവരുടെ ലോകവും മരിച്ചവരുടെ ലോകവും തമ്മിലുള്ള അതിര് അവ്യക്തമാവുകയും ഇല്ലാതാവുകയും ചെയ്യുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നു. 

സോ ഇന്‍ ആഘോഷരാവില്‍ പ്രേതങ്ങള്‍ ഭൂമിയിലേയ്ക്ക് മടങ്ങിവരും. അവര്‍ പലവിധ കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും വിളകള്‍ നശിപ്പിക്കുകയും ചെയ്യും. ഇവയെ അകറ്റുന്നതിനു വേണ്ടി വലിയ അഗ്‌നികുണ്ഡങ്ങള്‍ സൃഷ്ടിക്കുകയും മൃഗങ്ങളെ, ചിലപ്പോള്‍ മനുഷ്യരെ പോലും ബലിനല്‍കി ദൈവത്തിന്റെ സഹായം തേടുകയും ചെയ്യും. 

ഹാലോവീന്‍ രാത്രിയില്‍ പ്രേതാത്മാക്കള്‍ ഭൂമിയിലെത്തുന്നത്, ജീവിച്ചിരുന്നപ്പോള്‍ തങ്ങളുടെ ശത്രുക്കളായിരുന്നവരോട് പ്രതികാരം ചെയ്യാന്‍ കൂടിയാണ്. അതുകൊണ്ട് ക്രിസ്ത്യാനികള്‍ മുഖംമൂടി ധരിച്ച് പ്രത്യേക വസ്ത്രങ്ങളണിഞ്ഞ് തിരിച്ചറിയാനാവാത്ത വിധം മാറുകയും ചെയ്തിരുന്നു. ആത്മാക്കളുടെ സാന്നിധ്യമുണ്ടെന്ന വിശ്വാസത്തില്‍ സെല്‍റ്റിക് പുരോഹിതന്‍മാര്‍ ഭാവിദിനങ്ങളെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. 

എപ്പോള്‍ വേണമെങ്കിലും മാറ്റപ്പെട്ടേക്കാവുന്ന ആ ലോകത്ത് ഇത്തരം പ്രവചനങ്ങള്‍ മഴദുരിതങ്ങളുടെ നീണ്ടനാളുകളിലേയ്ക്കുള്ള ശ്രദ്ധയുടെ ചൂണ്ടുപലകയാവുകയും സുഖം പ്രദാനം ചെയ്യുകയും ചെയ്യുമെന്നവര്‍ വിശ്വസിച്ചു. എ.ഡി. 43 ഓടുകൂടി റോമക്കാര്‍ സെല്‍റ്റുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി, നാനൂറു വര്‍ഷത്തോളം അവിടം ഭരിച്ചു. 

റോമാക്കാരുടെ രണ്ട് തനതായ ആഘോഷങ്ങള്‍ സെല്‍റ്റിക് ആചാരാഘോഷമായ സോ ഇന്നുമായി സംയോജിപ്പിച്ചു. ഇതില്‍ ആദ്യത്തേത് മരിച്ചുപോയവരെ സ്മരിക്കുന്ന റോമക്കാരുടെ പരമ്പരാഗത ആചാരമായ ‘ഫെറാലിയ’ ആയിരുന്നു. രണ്ടാമത്തേത് പഴങ്ങളുടെയും വൃക്ഷങ്ങളുടെയും റോമന്‍ ദേവതയായ പൊമോണയെ ആദരിക്കുന്ന ഉല്‍സവമാണ്. പൊമോണയുടെ പ്രതീകമാണ് ആപ്പിള്‍. ഇത് സോ ഇന്നുമായി സംയോജിച്ചപ്പോള്‍ നാം ഇന്ന് ചെയ്യുന്ന ‘apple bobbing’ ഉണ്ടായി. ആപ്പിള്‍ പ്രത്യേക രീതിയില്‍ അമ്മാനമാടുന്നതാണ് ഹാലോവീന്‍ ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആപ്പിള്‍ ബോബിംഗ്.

എ.ഡി. 609 മെയ് 13ാം തീയതി പോപ്പ് ബോണിഫേസ് നാലാമന്‍ റോമിലെ സകലദൈവങ്ങളുടേയും ദേവാലയം (Pantheon) ക്രിസ്ത്യന്‍ രക്തസാക്ഷികളുടെ ബഹുമാനാര്‍ഥം സമര്‍പ്പിച്ചു. അങ്ങനെ പാശ്ചാത്യ സഭയില്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് തുടക്കമായി. പോപ്പ് ഗ്രിഗറി മൂന്നാമന്‍ എല്ലാ പുണ്യവാളന്‍മാരുടെയും എല്ലാ രക്തസാക്ഷികളുടേയും ആഘോഷമാക്കി ഇത് വിപുലപ്പെടുത്തി. മെയ് 13 മുതല്‍ നവംബര്‍ ഒന്നു വരെയായിരുന്നു ആഘോഷം. 

ഒന്‍പതാം നൂറ്റാണ്ടോടെ ക്രൈസ്തവ സ്വാധീനം കെല്‍റ്റിക് പ്രദേശങ്ങളില്‍ വ്യാപിക്കുകയും പഴയ ആചാര ആഘോഷങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്തു. എ.ഡി ആയിരത്തോടെ മരിച്ചവരെ ആദരിക്കാനായി നവംബര്‍ രണ്ടാം തീയതി എല്ലാ ആത്മാക്കളുടെയും ദിനമായി പ്രഖ്യാപിച്ചു. ഇത് സെല്‍റ്റിക് ആഘോഷങ്ങളുടെ പുനരാവിഷ്‌കാരത്തിന്റെ ഭാഗമായിരുന്നു. എല്ലാ ആത്മാക്കളുടെയും ദിനം സോഇന്നിനു സമാനമായിരുന്നു. halloween

അഗ്‌നികുണ്ഡങ്ങള്‍ തീര്‍ത്തും, ഘോഷയാത്രനടത്തിയും വിശുദ്ധരുടെ വസ്ത്രങ്ങള്‍ ധരിച്ചും മാലാഖയും ചെകുത്താനുമായി പകര്‍ന്നാടിയുമൊക്കെ ആഘോഷം മനോഹരമാക്കി. എല്ലാ വിശുദ്ധരുടെയും ദിനം ‘ഓള്‍ ഹാലോമാസ് ഡേ’ ആയും അറിയപ്പെട്ടു. ഈ ദിനത്തിന്റെ തലേ രാത്രി കെല്‍റ്റുകളുടെ പരമ്പരാഗത ആഘോഷത്തെ അനുസ്മരിപ്പിക്കും വിധം ‘ഓള്‍ ഹാലോസ് ഈവ് ‘ ആയും അത് കാലക്രമേണ ഹാലോവിന്‍ ആയും രൂപാന്തരപ്പെടുകയായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഹാലോവീന്‍ അമേരിക്കയിലെത്തുന്നത്. പുതിയ കുടിയേറ്റക്കാരുടെ പ്രളയകാലമായിരുന്നു അന്ന് അമേരിക്കയില്‍. അയര്‍ലണ്ടിലെ ഉരുളക്കിഴങ്ങ് കൃഷി തകര്‍ച്ചയിലാവുകയും കര്‍ഷകര്‍ ക്ഷാമത്തിന്റെ കടുത്ത വേലിയേറ്റത്തില്‍ മുങ്ങുകയും ചെയ്തതോടെ അവര്‍, 1846 കാലഘട്ടത്തില്‍ അമേരിക്കയിലേയ്ക്ക് കുടിയേറി. ഇതോടെ ഹാലോവീന്‍ ആചാരങ്ങള്‍ അമേരിക്കയിലെമ്പാടും ഊട്ടിയുറപ്പിക്കപ്പെട്ടു. 

ഐറിഷ്, ഇംഗ്ലീഷ് പാരമ്പര്യങ്ങള്‍ ഉള്‍ക്കൊണ്ട് അമേരിക്കക്കാരും ഹാലോവീന്‍ വസ്ത്രങ്ങള്‍ ധരിച്ച് വീടുവീടാന്തരം കയറിയിറങ്ങി ഭക്ഷണവും പണവും ആവശ്യപ്പെടുകയും ചെയ്തു. ഈ രീതിയാണ് ഇന്നത്തെ ‘ട്രിക്ക് ഓര്‍ ട്രീറ്റ് ‘. ആഗോള മലയാളികളെ ഹാലോവിന്‍ എന്നാല്‍ എന്താണെന്ന് പഠിപ്പിച്ച ‘അക്കരക്കാഴ്ച്ചകള്‍ എന്ന പരമ്പരയിലെ കലാകാരന്മാര്‍ ഇത് ഏറ്റവും നന്നായി അവതരിപ്പിച്ചിരുന്നു.

യുവതികള്‍ വിശ്വസിച്ചിരുന്നത് ഹാലോവീന്‍ ആഘോഷങ്ങള്‍ തങ്ങളുടെ ഭാവി വരനെ സമ്മാനിക്കുമെന്നാണ്.ഇന്ന് അയര്‍ലണ്ടില്‍ ഒരാചാരം നിലനില്‍ക്കുന്നുണ്ട്. അവിടുത്തെ പ്രധാന ഹാലോവീന്‍ ഭക്ഷണമാണ് ബ്രാംബ്രാക്ക്. ഇത് പഴങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന കേക്കാണ്. ബേക്ക് ചെയ്യുന്നതിനു മുമ്പ് മോതിരമോ നാണയമോ മറ്റ് ആകര്‍ഷക വസ്തുക്കളോ കേക്കിനുള്ളില്‍ നിക്ഷേപിക്കും. കേക്ക് വിതരണം ചെയ്യുകയും ചെയ്യും. മോതിരവും മറ്റും അടങ്ങിയ കേക്ക് ലഭിക്കുന്നയാള്‍ അടുത്ത ഹാലോവീനു മുമ്പ് തങ്ങളുടെ ജീവിതപങ്കാളിയാവുമെന്നാണ് വിശ്വാസം.
അയര്‍ലണ്ടില്‍ ഒരാഴ്ച്ച നീണ്ടു നില്ക്കുന്ന ആഘോഷമാണ് ഹാലോവിന്‍.വിദ്യാലയങ്ങള്‍ക്ക് അവധിയാണ് .

1800 കളുടെ അവസാനം ഹാലോവീന്‍ സാമൂഹിക കൂട്ടായ്മയിലൂടെ ഒരു ഹോളിഡേ ആക്കി മാറ്റാന്‍ അമേരിക്കയിലും നീക്കമുണ്ടായി. ആ നൂറ്റാണ്ട് കഴിഞ്ഞതോടെ കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഹാലോവീന്‍ പാര്‍ട്ടികള്‍ സര്‍വസാധാരണമായി. വിവധയിനം കളികളിലും ഭക്ഷണത്തിലും വിഭിന്നമായ വസ്ത്രധാരണത്തിലും ഹാലോവീന്‍ ആഘോഷങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഹാലോവീന്റെ അന്ധവിശ്വാസപരവും മതപരവുമായ പ്രയോഗരീതികളില്‍ മിക്കവയും നഷ്ടമായി. മാറ്റങ്ങള്‍ തുടര്‍കഥയായി. 

1920 കളിലും 1930 കളിലും ഹാലോവീന്‍ കൂടുതല്‍ ലൗകികമായെങ്കിലും സാമുദായിക കേന്ദ്രീകൃതമായ ഹോളിഡേ ആയിതുടര്‍ന്നു. ഘോഷയാത്രകളും വിരുന്നു കൂട്ടങ്ങളും വിനോദ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍ ചില മത വിഭാഗങ്ങളിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഹാലോവീന്‍ ആഘോഷങ്ങളുടെ നിറം കെടുത്തി. എങ്കിലും 1950 കളില്‍ ഇത് നിയന്ത്രണ വിധേയമാക്കി. 

അങ്ങനെ യുവജനതയെയും കേന്ദ്രീകരിച്ചുള്ള ആഘോഷമായി ഹാലോവീന്‍ മാറി. ഈ കാലത്താണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ട്രിക്ക് ഓര്‍ ട്രീറ്റിംഗ് പുനസൃഷ്ടിക്കപ്പെട്ടത്. ഹാലോവീന്‍ ആഘോഷങ്ങളുടെ സന്തോഷം പരസ്പരം പങ്കുവയ്ക്കുകയാണ് ട്രിക്ക് ഓര്‍ട്രീറ്റിംഗിലൂടെ. കുട്ടികളുടെ ആഘോഷമാണ് ഇത്. പ്രത്യേക വസ്ത്രം ധരിച്ച ഇളംമുറക്കാര്‍ ഓരോ വീട്ടിലും കയറിച്ചെന്ന് പണമോ മിഠായിയോ ആവശ്യപ്പെട്ട് ‘ട്രിക്ക് ഓര്‍ ട്രീറ്റ്…?’ എന്ന് ചോദിക്കും. ട്രിക്ക് വാക്ക് ഉപയോഗിക്കുന്നത് ഭീഷണി (threat) എന്ന നിശബ്ദ അര്‍ത്ഥത്തിലാണ്. ട്രീറ്റ് കിട്ടിയില്ലെങ്കില്‍ കുട്ടികള്‍ വീട്ടുകാര്‍ക്ക് തമാശരൂപേണ ചില ഉപദ്രവങ്ങള്‍ സമ്മാനിക്കും. ട്രീറ്റുകള്‍ കിട്ടുന്നതിനായി അവര്‍ പാട്ടുപാടുകയോ പ്രേത കഥകള്‍ പറയുകയോ ചെയ്യും. ഇതൊരു പുതിയ അമേരിക്കന്‍ പാപമ്പര്യത്തിന്റെ പിറവിയായിരുന്നു. ഇന്ന് ഹാലോവീന്‍ ആഘോഷം പൊടിപൊടിക്കാനായി അമേരിക്കക്കാര്‍ ആറു ബില്യണ്‍ ഡോളര്‍ ഓരോ വര്‍ഷവും പൊട്ടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

‘ട്രിക്ക് ഓര്‍ ട്രീറ്റ് ഫോര്‍ യുനിസെഫ്’ എന്നത് അമേരിക്കയിലെ ഒരു പൊതു കാഴ്ചയാണ്. വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയില്‍ ഒരു പ്രാദേശിക പരിപാടിയായി 1950 ല്‍ തുടങ്ങിയ ഈ സംരംഭം 1952 മുതല്‍ ദേശീയ വ്യാപകമായി. ട്രിക്ക് ഓര്‍ ട്രീറ്റേഴ്‌സിനായി സ്‌കൂളുകളില്‍ നിന്ന് കുട്ടികള്‍ക്ക് ചെറിയ ബോക്‌സുകള്‍ വിതരണം ചെയ്യും. ഇപ്പോല്‍ ഇതിന് ഹാള്‍മാര്‍ക്ക് പോലെയുള്ള കോര്‍പ്പറേറ്റ് സ്‌പോണ്‍സര്‍മാരുണ്ട്. ഈ ബോക്‌സുമായി വീടുകളില്‍ ചെന്ന് കുട്ടികള്‍ ചെറിയ സംഭാവനകള്‍ക്കായി അഭ്യര്‍ത്ഥന നടത്തും. ഇത്തരത്തില്‍ ഇതുവരെ വിദ്യാര്‍ത്ഥികള്‍ 118 മില്യണ്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. 

ഇന്നത്തെ അമേരിക്കന്‍ ട്രിക്ക് ഓര്‍ ട്രീറ്റിനെ ഇംഗ്ലണ്ടിലെ ആദ്യകാല ‘ഓള്‍ സോള്‍സ് ഡേ’ പരേഡുകളോളം പഴക്കമുണ്ട്. ഈ ആചാരത്തില്‍ പാവപ്പെട്ട വ്യക്തികള്‍ വീടുകളില്‍ ചെന്ന് ഭക്ഷണത്തിനായി യാചിക്കും. വീട്ടുകാര്‍ അവര്‍ക്ക് ‘സോള്‍ കേക്കു’കള്‍ നല്‍കും. കുടുംബത്തിലെ മരിച്ചു പോയവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായാണ് ഇങ്ങനെ നിര്‍ദ്ധനര്‍ക്ക സോള്‍കേക്കുകള്‍ നല്‍കുന്നത്. ഈ രീതിക്ക് ക്രൈസ്തവ സഭയുടെ അകമഴിഞ്ഞ പ്രോത്സാഹനമുണ്ട്.

അലഞ്ഞുതിരിയുന്ന ആത്മാക്കള്‍ക്ക് ഭക്ഷണവും വൈനും സമര്‍പ്പിക്കുന്ന പുരാതന ആചാരം മറ്റൊരു രീതിയില്‍ ഇങ്ങനെ തിരികെ കൊണ്ടുവരികയാണ്. ഹാലോവീന്‍ ദിനത്തില്‍ വേഷപ്രച്ഛന്നരാവുന്ന പതിവിന് യൂറോപ്യന്‍കെല്‍റ്റിക് വേരുകള്‍ ഉണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശൈത്യകാലം അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതും ഭയാനകവുമായിരുന്നു. ക്ഷാമകാലമായിരുന്നു അത്. കൊടിയ തണുപ്പിന്റെ ഭാവി ദിനങ്ങള്‍ തങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നവര്‍ ഭയപ്പെട്ടു. ഹാലോവീന്‍ വേളയില്‍ ഭൂമിയിലെത്തുന്ന പ്രേതങ്ങളുമായി ഏറ്റുമുട്ടേണ്ടിവരുമെന്ന ഭീതി ജനങ്ങള്‍ക്കുണ്ടായിരുന്നു. അതിനീലവര്‍ വീടുവിട്ടിറങ്ങിയിരുന്നില്ല. പ്രേതങ്ങള്‍ തിരിച്ചറിയാതിരിക്കാനായി അവര്‍ മുഖംമൂടി ധരിച്ചു. ഇവരെ കാണുന്ന പ്രേതങ്ങള്‍ തങ്ങളുടെ സഹ പ്രേതങ്ങളാണെന്ന് തെറ്റിദ്ധരിക്കുമത്രേ. 

പ്രേതങ്ങള്‍ വീടിനുള്ളില്‍ കയറുന്നത് തടയാനും അവയെ അകറ്റാനും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കി വീടിനു പുറത്തു വയ്ക്കുമായിരുന്നു. ഹാലോവീന്‍ ആഘോഷരാത്രിയില്‍ മത്തങ്ങ കൊണ്ട് പല പല ശില്പങ്ങള്‍ ഉണ്ടാക്കി അതില്‍ മെഴുകുതിരി കത്തിച്ചു വയ്ക്കുക അമേരിക്കയിലും അയര്‍ലണ്ടിലും പതിവാണ്. സോ ഇന്‍ ശൈലി അനുസരിച്ച് മരത്തിന്റെ വലിയ വേരുകളില്‍ കൊത്തുപണികള്‍ ചെയ്ത് അതില്‍ റാന്തല്‍ വിളക്ക് കത്തിച്ചു വച്ചിരുന്നു. സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉള്ള പ്രവേശനത്തിനായി ശുദ്ധീകരിക്കപ്പെടാന്‍ നില്‍ക്കുന്ന ആത്മാക്കളെ ഓര്‍മിക്കുന്നതിനു വേണ്ടിയായിരുന്നു ഈ കാഴ്ച വിളക്ക്.

1837 മുതലാണ് അമേരിക്കയില്‍ മത്തങ്ങ ശില്പങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്. ഇതാകട്ടെ വിലവെടുപ്പുത്സവത്തിന്റെ പ്രതീകം കൂടിയാണ്.ഹാലോവീന്‍ ആഘോഷത്തിന് കാലിഫോര്‍ണിയയിലും മറ്റും ഭയപ്പെടുത്തുന്ന ചില വിനോദങ്ങള്‍ അരങ്ങേറാറുണ്ട്. ഇത് ശരിക്കുമൊരു കച്ചവടമാണിപ്പോള്‍. ധനശേഖരണത്തിനായി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിനെപോലെയുള്ള സംഘടനകള്‍ ഈ വിനോദ പരിപാടികളെ സമര്‍ഥമായി ഉപയോഗിക്കുന്നു.

ഇതിലൂടെ 300 മുതല്‍ 500 വരെ മില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. അതോടൊപ്പം നാലു ലക്ഷത്തോളം പുതിയ ഉപഭോക്താക്കളേയും.ആപ്പിള്‍ വിളവെടുപ്പിന്റെ സമയത്താണ് ഹാലോവീന്‍ ഹോളിഡേ എത്തുക. പഞ്ചസാര ലായനിയിലും സിറപ്പിലും മുക്കിയ കാന്‍ഡി ആപ്പിളുകള്‍ ഹാലോവീന്‍ വിരുന്നുകളില്‍ സുലഭമാണ്. ഒരു കാലത്ത് കാന്‍ഡി ആപ്പിളുകള്‍ കുട്ടികള്‍ക്ക് യഥേഷ്ടം നല്‍കുമായിരുന്നു. എന്നാല്‍ ചില ദുഷ്ടശക്തികള്‍ ഈ ആപ്പിളുകള്‍ക്കുള്ളില്‍ ബ്ലേഡുകളും മൊട്ടുസൂചികളും ഒളിപ്പിച്ചു വയ്ക്കുന്നുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് ഭയം മൂലം ഈ ആചാരം ദുര്‍ബലപ്പെട്ടു. ഇത്തരത്തിലുള്ള ആപ്പിളുകള്‍ കഴിച്ചതു മൂലം അപകടങ്ങളും ഉണ്ടായിട്ടുണ്ട്.

ഹാലോവീന്‍ നിഗൂഢതകളും അത്ഭുതങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒരു ആഘോഷമാണ്. അതേ സമയം ഇത് സ്‌നേഹക്കൂട്ടായ്മയുടേയും കച്ചവടത്തിന്റെയും ദൈവ വിശ്വാസത്തിന്റെയും മണ്‍മറഞ്ഞു പോയ ഒരു പാരപമ്പര്യത്തിന്റയും മധുരോദാരമായ ഭക്ഷണത്തിന്റെയും വിനോദത്തിന്റെയും ജീവ കാരുണ്യപ്രവൃത്തികളുടെയും ഉത്സവമാണ്. മത്തങ്ങയില്‍ തെളിയിച്ച മെഴുകുതിരി വെട്ടത്തില്‍ നമുക്കെല്ലാം മറന്ന് ഉല്ലസിക്കാം… ഹാപ്പി ഹാലോവീന്‍…

ഡോ. ജോര്‍ജ്ജ് എം കാക്കനാട്ട്

Scroll To Top