Sunday December 04, 2016
Latest Updates

അയര്‍ലണ്ടിനെ ഭീതിയിലാഴ്ത്തി ‘സെന്റ് ജൂഡ്’

അയര്‍ലണ്ടിനെ ഭീതിയിലാഴ്ത്തി ‘സെന്റ് ജൂഡ്’

ഡബ്ലിന്‍: സെന്റ് ജൂഡ് കാറ്റിന്റെ വരവ് അയര്‍ലണ്ടിനെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ കാറ്റിന്റെ തുടക്കം മെറ്റ് എയ്‌റീന്‍ പ്രവചിച്ചിരുന്നു.
7080 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ഇന്നലെ താണ്ഡവമാടിയത്. ഇന്നും കാറ്റ് തുടരുമെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും ഇന്നലത്തേതിനേക്കാള്‍ ശക്തി കുറഞ്ഞ രീതിയിലാണെന്നാണ് വിലയിരുത്തുന്നത്.
കാറ്റ് അയര്‍ലണ്ടിന് അധികം നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കില്ലെന്നാണ് കാലവസ്ഥാ നിരീക്ഷകന്‍ ഡയര്‍ൃലോവ് പറയുന്നത്. സൗത്ത് വെയില്‍സിലേക്കും ബ്രിസ്‌റ്റോല്‍ ചാനലിലേക്കും നീങ്ങുന്നതിന് മുന്‍പായി കാറ്റ് അയര്‍ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ തുടരും എന്നും അതിനു ശേഷമായിരിക്കും വടക്കുകിഴക്കന്‍ ആംഗ്ലിയയിലേക്ക് നീങ്ങുകയെന്നും ലോവ് മുന്നറിയിപ്പു നല്‍കുന്നു.
ശാന്തത ഉണ്ടെന്നാണ് അറിയിപ്പിലെങ്കിലും ഐറിഷ് കപ്പലായ ജൊനാതന്‍ സ്വിഫ്റ്റ് ഡബ്ലിനിലും ഹോളിഹെഡിലുമായുള്ള യാത്ര താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ സൗകര്യങ്ങളോടെ വേഗത കുറച്ച് മറ്റ് കപ്പലുകളില്‍ സേവനങ്ങള്‍ ലഭ്യമാക്കും.
ഐറിഷ് ഫെറിസ് വെബ് സൈറ്റിലെ പുതുക്കിയ വിവരങ്ങള്‍ അനുസരിച്ച് റോസ്‌ലയറില്‍ നിന്നും ഫിഷ്ഗാര്‍ഡിലേക്ക് പോവേണ്ടിയിരുന്ന സ്‌റ്റെന ലെയ്ന്‍ ഇന്നലെ നിര്‍ത്തലാക്കിയിരുന്നു. മറ്റൊരു തടസങ്ങളും കമ്പനി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ശക്തമായ കാറ്റും മഴയും ഇംഗ്ലണ്ടിലും വെയില്‍സിലും പലയിടങ്ങളിലായി തുടരുകയാണ്. 120 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് മരങ്ങളെ പോലും പിഴുതെടുക്കാന്‍മാത്രം ശക്തിയുള്ളവയുമാണ്. കൂടുതല്‍ നാശനഷ്ടങ്ങള്‍ കാറ്റ് ഈ പ്രദേശങ്ങളില്‍ വരുത്താനാണ് സാധ്യത. ഗതാഗത തടസങ്ങളും വൈദ്യുതി തടസങ്ങളും ഇതു നിമിത്തം ഉണ്ടായേക്കും.
24 സെന്റിമീറ്റര്‍ മഴയെങ്കിലും 6മുതല്‍ 9മണിക്കൂര്‍ വരെ തുടര്‍ന്നാല്‍ ഇംഗ്ലണ്ടില്‍ പലയിടങ്ങളിലും വെള്ളം കയറാനും ഇടയാകുമെന്ന് യുകെ മെറ്റ് ഓഫീസ് അറിയിച്ചു.
സെന്റ് ജൂഡിന്റെ ഫീസ്റ്റ് ദിവസം വന്നതിനാലാണ് കാറ്റിന് അങ്ങനെ പേരു നല്‍കിയിരിക്കുന്നത്. 2008 മാര്‍ച്ചിലും 2007 ജനുവരിയിലും 200 ഒക്ടോബറിലും അടിച്ച കാറ്റിന്റെ അതേ ശക്തി തന്നെയായിരിക്കും സെന്റ് ജൂഡിനുമെന്നാണ് മെറ്റ് ഓഫീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
ശക്തമായ കാറ്റിന്റെ കൂടെ ഇടിയോടുകൂടിയ ശക്തിയുള്ള മഴയും കൊണോറ്റ് പോലുള്ള സ്ഥലങ്ങളില്‍ തുടരുമെന്നാണ് മെറ്റ് എയ്‌റീന്‍ അറിയിക്കുന്നത്. എന്നാല്‍ മഴ ആരംഭിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് കാറ്റ് വളരെ വേഗത്തില്‍ മാറിപ്പോകുന്നതായും കാണാമെന്ന് ലോവ് പറഞ്ഞു. അറ്റ്‌ലാന്റിക് തീരത്തും ശക്തമായ കാറ്റിന് സാധ്യതയുണ്ടെങ്കിലും അത് കരയെ സാരമായി ബാധിക്കാതെ പോകുമെന്നും അറിയിപ്പ് ലഭിച്ചു.
രാത്രിയോടെ കാറ്റിന്റെ ശക്തി താരതമ്യേന കുറയുമെങ്കിലും അടുത്ത ദിവസങ്ങളില്‍ ശക്തിയുള്ള കാറ്റും മഴയും ഉണ്ടാവാനുള്ള സാധ്യതയും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളിക്കളയുന്നില്ല.
ഇന്നലെ നടത്താനിരുന്ന പല പരിപാടികളും നിര്‍ത്തലാക്കേണ്ടിവന്നിരുന്നു. ഡബ്ലിനിലെ മാര്‍ലായ് പാര്‍ക്കില്‍ വച്ച് നടത്താനുദ്ദേശിച്ചിരുന്ന സാംഹെയ്ന്‍ ഫെസ്റ്റിവലും റദ്ദാക്കിയ പരിപാടികളില്‍ ഉള്‍പ്പെടും.
എങ്കിലും, ഇന്ന് കാലത്ത് 9മണിയോടെ ആരംഭിക്കുന്ന ഡബ്ലിന്‍ മാരത്തോണ്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

Scroll To Top