Monday December 05, 2016
Latest Updates

അമേരിക്കയെ മുട്ടുകുത്തിക്കാന്‍ ഇന്ത്യ ,ഇന്ത്യയെ കോടതി കയറ്റുമെന്ന് അമേരിക്ക ,ഇന്ത്യ യു എസ് ബന്ധം ഉലയുന്നു

അമേരിക്കയെ മുട്ടുകുത്തിക്കാന്‍ ഇന്ത്യ ,ഇന്ത്യയെ കോടതി കയറ്റുമെന്ന് അമേരിക്ക ,ഇന്ത്യ യു എസ് ബന്ധം ഉലയുന്നു

ന്യൂഡല്‍ഹി: സോളാര്‍ വിഷയത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ തുറന്ന പോരിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ സോളാര്‍ എനര്‍ജി പ്രോഗ്രാമിനായി വിദേശരാജ്യങ്ങളിലുള്ള ഉത്പന്നങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി ലോക വ്യാപാര സംഘടനയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. എന്നാല്‍ അമേരിക്കയുടെയും ചൈനയുടെയും സോളാര്‍ ഉത്പന്നങ്ങള്‍ കൊണ്ടു തള്ളാനുള്ള സ്ഥലമല്ല ഇന്ത്യ എന്ന ധീര നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ.

ഇപ്പോഴത്തെ പ്രശ്‌നം ലോകവ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സമിതിയില്‍ ഉന്നയിക്കുമെന്നും ഇതിന് പരിഹാരം ഡബ്ല്യുടിഒ തന്നെ കൈക്കൊള്ളട്ടേയെന്നും അമേരിക്ക പറയുന്നു.

ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ സോളാര്‍ മിഷന്‍ പ്രോഗ്രാമിന്റെ ഫേസ് 2ലേക്കാവശ്യമുള്ള സോളാര്‍ ഉപകരണങ്ങള്‍അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ചതാണ് അമേരിക്ക ഇന്ത്യക്കെതിരെ തിരിയാന്‍ കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോക വ്യാപാര സംഘടനയുടെ ഇപ്പോഴുള്ള തത്വങ്ങളെ സമ്മതിക്കുന്നതരത്തിലുളള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ഇന്ത്യ പിന്തുടരുന്നതെന്നും യുഎസുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോമേഴ്‌സ് സെക്രട്ടറി രാജീവ് ഖേര്‍ പറഞ്ഞു.

യുഎസ് അഡ്മിനിസ്‌ട്രേഷന് വ്യാപാര സംഘടനകളില്‍ നിന്നും ഏല്‍ക്കേണ്ടിവരുന്ന സമ്മര്‍ദ്ദം കാരണവും ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാലുമാണ് ഇപ്പോള്‍ ഡബ്ല്യുടിഒയെ സമീപിക്കാന്‍ യുഎസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ലോക വ്യാപാര സംഘടയോട് ഇന്ത്യയുടെ സോളാര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് അമേരിക്ക ഇടപെടലുകള്‍ നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇന്ത്യയില്‍ വളര്‍ന്നു വരുന്ന സോളാര്‍ വ്യവസായം പരിസ്ഥിതിയെ ബാധിക്കുമെന്നും കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും പറഞ്ഞുകൊണ്ട് പരിസ്ഥിതി വാദികളാണ് 2013 ഫെബ്രുവരിയില്‍ രംഗത്തേക്കു വന്നത്.

2010 വരെയുള്ള സോളാര്‍ പവര്‍ കപാസിറ്റിയില്‍ നിന്നും 17.8 മെഗാവാട്ടോളം വളര്‍ന്ന് ഇപ്പോള്‍ 2000 മെഗാവാട്ടില്‍ കൂടുതല്‍ പവര്‍ ഉത്പാദിപ്പിക്കാന്‍ സോളാര്‍ പ്രോഗ്രാമിന് സാധിക്കുന്നുണ്ട്. 2022ണ്ടോടെ 22,000മെഗാവാട്ട് എന്ന ലക്ഷ്യത്തിലേക്കെത്തിക്കാനായാണ് ഇപ്പോള്‍ സോളാര്‍ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

പ്രകൃതിയെയും പരിസ്ഥിതിയെയും ദ്രോഹിക്കുന്നതരത്തിലുള്ള പ്രോഗ്രാമാണ് എന്നുള്ള ആരോപണവും ഇത്തവണയും ചര്‍ച്ചയ്‌ക്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ പ്രതിസന്ധിയെ നേരിടാന്‍ ഏറ്റവും നല്ല മാര്‍ഗം സോളാര്‍ എനര്‍ജി വര്‍ദ്ധിപ്പിക്കുക എന്ന വാദത്തിന് അനുകൂലമാണ് താനും.

ഏതായാലും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാവുകയാണെന്നാണ് സൂചന. ദേവയാനി വിവാദം കെട്ടടങ്ങുന്നതിനു മുന്‍പ് തന്നെ ഇന്ത്യയുടെ വ്യാവസായിക മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്ന അമേരിക്കയെ ഇന്ത്യ തടയുകയുമാണ്.ഇന്ത്യയുടെ തീരുമാനം കേട്ട് നൂറോളം വരുന്ന അമേരിക്കന്‍ സോളാര്‍ ഉത്പന്ന കയറ്റുമതിക്കാരുടെ സ്വസ്ഥത തന്നെ നശിച്ചിരിക്കുകായാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ സോളാര്‍ പദ്ധതികളില്‍ വിദേശകമ്പിനികളുടെ സാന്നിദ്ധ്യം തടയുന്നത് സോളാര്‍ വൈദ്യുതിയുടെ വില വര്‍ദ്ധിക്കാന്‍ കാരണമാവുമെന്നും അമേരിക്ക ആരോപിക്കുന്നുമുണ്ട്.

Scroll To Top