Tuesday December 06, 2016
Latest Updates

അമിതജോലിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ ടീച്ചര്‍മാര്‍ സമരത്തിലേക്ക്

അമിതജോലിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ ടീച്ചര്‍മാര്‍ സമരത്തിലേക്ക്

ഡബ്ലിന്‍ ;സ്‌കൂള്‍ സമയം കഴിഞ്ഞ് നടത്തുന്ന മീറ്റിംഗുകളില്‍ നിന്നും അമിതജോലിയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ സെക്കണ്ടറി ടീച്ചര്‍മാര്‍ ഒക്ടോബര്‍ 2 മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തു.ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റ് മുതല്‍ അധ്യാപകര്‍ക്കിടയില്‍ പുകഞ്ഞിരിക്കുന്ന അമര്‍ഷമാണ് മറനീക്കി പുറത്തു വരുന്നത്
സ്‌കൂളിന്റെ പ്ലാനിങ്ങ് പോളിസി മീറ്റിംഗുകള്‍, സ്റ്റാഫുകളെയും രക്ഷിതാക്കളെയും ടീച്ചര്‍മാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പിടിഎ മീറ്റിംഗുകള്‍, ടീച്ചര്‍മാര്‍ക്കായുള്ള സര്‍വ്വീസ് ട്രെയിനിങ്ങുകള്‍ ഇവയൊക്കെയും കൂടുതലായും നടക്കുന്നത് സ്‌കൂള്‍ സമയത്തിനു ശേഷമാണ്.
അയര്‍ലണ്ടിലെ സെക്കണ്ടറി ടീച്ചേര്‍സ് അസോസിയേഷന്‍ (എഎസ്ടിഐ) ആണ് ഇതിനെ എതിര്‍ത്തുകൊണ്ട് ഒരു സമരത്തിലേക്ക് നീങ്ങാം എന്ന തീരുമാനത്തിലെത്തിയത്. ശമ്പളത്തെയും ജോലിയേയും സംബന്ധിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റിനെ എഎസ്ടിഐ അംഗങ്ങള്‍ എതിര്‍ത്തതിനു പുറമേയാണ് സമരപരിപാടിക്ക് സംഘടന ആഹ്വാനം ചെയ്തത്.
ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് എന്ന പുതിയ രീതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ ട്രെയിനിങ്ങുകളോടും നിസ്സഹകരണ മനോഭാവം പുലര്‍ത്താനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ പെന്‍ഷനെ ബാധിക്കാത്തതാണെങ്കില്‍ മാനേജ്‌മെന്റ് നല്‍കുന്ന അമിത ജോലികളില്‍ നിന്നും വിട്ടുനില്‍ക്കാനും ടീച്ചര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.
തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ പഠനത്തെ സമരം പ്രതികൂലമായി ബാധിക്കുമോ എന്ന സംശയം ടീച്ചര്‍മാരിലുണ്ടായിരുന്നെന്നും, പകുതിയോളംപേര്‍ മാത്രമാണ് സമരത്തെ പൂര്‍ണ്ണമായി അനുകൂലിച്ചതെന്നും എഎസ്ടിഐ ജനറല്‍ സെക്രട്ടറി പാറ്റ് കിംഗ് പറഞ്ഞു.
ടീച്ചര്‍മാര്‍ക്കു നല്‍കുന്ന അമിത ഉത്തരവാദിത്വങ്ങളും സ്‌കൂള്‍ സമയത്തിനു ശേഷമുള്ള ജോലികളും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ശ്രദ്ധിക്കുന്നതില്‍നിന്നും ടീച്ചര്‍മാരെ പുറകോട്ട് വലിക്കും എന്നും പാറ്റ് കിംഗ് കൂട്ടിച്ചേര്‍ത്തു.
പബ്ലിക് സര്‍വ്വീസിലെ മാനേജ്‌മെന്റ് മാറ്റവും ശമ്പള പരിഷ്‌കാരവും ഒക്കെ ഉറപ്പുവരുത്തുന്ന ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റ് ഐഎന്‍ടിഒയും അയര്‍ലണ്ട് ടീച്ചേര്‍സ് യൂണിയനും അടക്കമുള്ള മറ്റു ടീച്ചേര്‍സ് യൂണിയനുകള്‍ അംഗീകരിച്ചിരുന്നു.

Scroll To Top