Friday December 09, 2016
Latest Updates

അഭയക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

അഭയക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: അഭയക്കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തെളിവ് നശിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ്. കേസിലെ സുപ്രധാന തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്ന് കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ക്രൈംബ്രാഞ്ച് മുന്‍ എസ്പി കെ.ടി. മൈക്കിളിനെ അടക്കം ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തുടരന്വേഷണം നടത്താന്‍ സിബിഐയ്ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോട്ടയം ബിസിഎം കോളജിലെ പ്രീ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ 1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയ പയസ് ടെന്‍ത് ഹോസ്റ്റലില്‍ കൊല്ലപ്പെട്ടത്.

ആദ്യം ലോക്കല്‍ പൊലീസും പിന്നിട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം 1993 മാര്‍ച്ച് 29നു സിബിഐ ഏറ്റെടുത്തു. വൈദികരായ ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ക്കെതിരെ സിബിഐ കേസ് ചാര്‍ജ് ചെയ്തു. 2009 ജൂലൈ 17നു കുറ്റപത്രം സമര്‍പ്പിച്ചു. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടു 17 വര്‍ഷത്തിനു ശേഷമാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.

2008 നവംബര്‍ 19 നാണ് മൂന്നു പ്രതികളെ സിബിഐ അറസ്റ്റു ചെയ്തത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 1993 മാര്‍ച്ച് 29 നാണ് അഭയ കേസ് സിബിഐ ഏറ്റെടുത്തത്.

Scroll To Top