Saturday December 10, 2016
Latest Updates

അബ്ദുള്ളക്കുട്ടി എംഎല്‍എ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചു

അബ്ദുള്ളക്കുട്ടി എംഎല്‍എ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചു

കണ്ണൂര്‍: ലൈംഗിക വിവാദത്തില്‍ അകപ്പെട്ട എപി അബ്ദുള്ളക്കുട്ടി രാജി സന്നദ്ധത അറിയിച്ചതായി സൂചന. ഇന്ന് രാവിലെ കണ്ണൂര്‍ ഗെസ്റ്റ് ഹൌസില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അബ്ദുള്ളക്കുട്ടി രാജി സന്നദ്ധത അറിയിച്ചത്. എന്നാല്‍ രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്നെ വേട്ടയാടുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ലൈംഗിക വിവാദങ്ങളെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

ആരോപണങ്ങളില്‍ താനും കുടുംബവും കടുത്ത മനോവേദനയിലാണെന്നും ഭാര്യയും കുട്ടിയും കേരളം വിട്ട് മംഗലാപുരത്താണ് താമസിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അബ്ദുള്ളക്കുട്ടി രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ ആരോപണങ്ങളുടെ പേരില്‍ തിടുക്കത്തില്‍ രാജിവയ്‌ക്കേണ്ടത്തില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. അതേസമയം അബ്ദുള്ളക്കുട്ടിയെ കയ്യൊഴിഞ്ഞ നിലപാടിലാണ് കണ്ണൂര്‍ ഡിസിസി നേതൃത്വം.

അബ്ദുള്ളക്കുട്ടിയെ ഇനിയും പിന്തുണച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഡിസിസി നേതൃത്വത്തിന്റെ അഭിപ്രായം. അബ്ദുള്ളക്കുട്ടി രാജി വയ്ക്കുകയും കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്താല്‍ അബ്ദുള്ളക്കുട്ടിയെ പിന്തുണയ്ക്കുന്ന നിലപാട് തിരിച്ചടിയാകുമെന്ന് ഡിസിസി നേതൃത്വം കണക്കുകൂട്ടുന്നു. ഏതായാലും അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ഭാവി തുലാസിലായിരിക്കുകയാണ്.

Scroll To Top