Wednesday December 07, 2016
Latest Updates

അബോര്‍ഷന്‍ പരാജയപ്പെടുന്ന സംഭവങ്ങള്‍ പാഠമാക്കണം’ : യു എന്‍ നയങ്ങള്‍ക്കെതിരെ പ്രോ ലൈഫ് കാംപെയ്ന്‍

അബോര്‍ഷന്‍ പരാജയപ്പെടുന്ന സംഭവങ്ങള്‍ പാഠമാക്കണം’ : യു എന്‍ നയങ്ങള്‍ക്കെതിരെ പ്രോ ലൈഫ് കാംപെയ്ന്‍

ഡബ്ലിന്‍ :മനുഷ്യത്വ രഹിതമായ ഗര്‍ഭഛിദ്ര നയങ്ങള്‍ക്കെതിരെ പ്രോ ലൈഫ് കാംപെയ്ന്‍ വീണ്ടും രംഗത്ത്. ഇത്തവണ യുഎന്‍ നയങ്ങള്‍ക്കെതിരെയാണ് കമ്മറ്റി പ്രതികരിച്ചിരിക്കുന്നത്.

പല രാജ്യങ്ങളിലും അനുവദിക്കപ്പെട്ടിരിക്കുന്ന അബോര്‍ഷനെതിരെ യുഎന്‍ കമ്മറ്റി എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ ശബ്ദിക്കുന്നില്ലെന്നും പ്രോലൈഫ് കാംപെയ്ന്‍ ഭാരവാഹി കോര ഷെര്‍ലോക് പറഞ്ഞു. ഇത്തരത്തില്‍ അബോര്‍ഷന് വിധേയരാകേണ്ടി വന്നിട്ടും മരണപ്പെടാതെ ജനിക്കുന്ന കുട്ടികളുടെ ദയനീയാവസ്ഥ കാട്ടിക്കൊണ്ടാണ് കോര ഷെര്‍ലോക്ക് പ്രതികരിച്ചത്.

നിഷ്‌കളങ്കരായ ഇത്തരം കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്ന അബോര്‍ഷന്‍ നിയമത്തിനെതിരെ യാതൊരു വിധത്തിലും ശബ്ദമുയര്‍ത്താന്‍ യുഎന്‍ സമിതി തയ്യാറാവുന്നില്ലെന്നാണ് പ്രോലൈഫ് കാംപെയിന്‍ ആരോപിച്ചിരിക്കുന്നത്.

അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമത്തിനെതിരെ പ്രൊലൈഫ്പ്രസ്ഥാനം നിലകൊള്ളുന്നതിനെതിരെ യുഎന്‍ കമ്മറ്റി എഗൈന്‍സ്റ്റ് ടോര്‍ച്ചര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു കോര ഷെര്‍ലോക്.

യുഎന്‍ കമ്മറ്റി ജീവനെയും ജീവിക്കാനുള്ള ഒരാളുടെ അവകാശത്തെയും പിന്തുണയ്ക്കുകയാണ് അബോര്‍ഷന് അനുമതി നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും കോര ഷെര്‍ലോക് പറഞ്ഞു.

അബോര്‍ഷന്‍ നടത്തി പരാജിതരായി പ്രസവിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ എന്തുമാത്രം വേദന ജന്മം എടുക്കുന്നതു വരെയും, തുടര്‍ന്ന് മണിക്കൂറുകള്‍ മാത്രം ജീവിക്കാനായി മരണവെപ്രാളം കാട്ടുന്നതു വരെയും എടുക്കണം എന്നതിനെ കുറിച്ച് യുഎന്‍ കമ്മറ്റി ചിന്തിക്കുന്നില്ലെന്നും അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ലെന്നും കോര ഷെര്‍ലോക് ആരോപിച്ചു.

ഇംഗ്ലണ്ടിലും വെയില്‍സിലുമായി 2005ല്‍ 66ഓളം കുട്ടികളാണ് ഇത്തരം അബോര്‍ഷന്‍ പരാജയത്തിനും തുടര്‍ന്ന് മരണത്തിനും കീഴടങ്ങിയതെന്നാണ് യുകെ സര്‍ക്കാര്‍ 2007ല്‍ നടത്തിയ കോണ്‍ഫിഡന്‍ഷ്യല്‍ എന്‍ക്വയറി ഇന്‍ടു മെറ്റേര്‍ണിറ്റി ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് കണ്ടെത്തിയത്.

അബോര്‍ഷനില്‍ മരണത്തിനു കീഴടങ്ങാതെ , ജനിച്ച് മണിക്കൂറുകള്‍ മാത്രം ജീവിതം നീട്ടിക്കിട്ടാന്‍ യോഗം ഉണ്ടായ കുട്ടികള്‍ യാതൊരു സംരക്ഷണത്തിനും പാത്രമാകാതെ മരണപ്പെടുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രോലൈഫ് കാംപെയിന്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ ഒരു കുട്ടി 10മണിക്കൂറോളം ജീവനു വേണ്ടി പോരാടി എന്നാണ് കണക്കുകള്‍ എടുത്തുകാട്ടുന്നത്.ഇത്തരത്തിലുള്ള ക്രൂരതയ്ക്ക് യുഎന്‍ കമ്മറ്റി കൂട്ടുനില്‍ക്കുന്നതിനെ എതിര്‍ത്തുകൊണ്ട് കോര ഷെര്‍ലോക് സംസാരിച്ചു. നിഷ്‌കളങ്കരായ കുട്ടികളുടെ ജീവനും ജീവിക്കാനുള്ള അവകാശത്തിനും സുരക്ഷ ഉറപ്പു വരുത്തണമെന്നും കോര ആവശ്യപ്പെട്ടു.

Scroll To Top