Saturday December 03, 2016
Latest Updates

അഫ്‌സല്‍ഗുരു അനുസ്മരണം സംഘര്‍ഷത്തിലേയ്ക്ക് :ഡല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ കലാപം

അഫ്‌സല്‍ഗുരു അനുസ്മരണം സംഘര്‍ഷത്തിലേയ്ക്ക് :ഡല്‍ഹിയില്‍ വിദ്യാര്‍ഥികളുടെ കലാപം

ന്യൂഡല്‍ഹി: സര്‍വകലാശാലകളിലെ കലാപത്തിനു ശമനമില്ല. പുതിയൊരു കലാശാലാ സംഘര്‍ഷത്തിനു വഴി തുറന്നുകൊണ്ട് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റു ചെയ്തു.
പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയും തൂക്കിക്കൊല്ലപ്പെട്ടയാളുമായ അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ചടങ്ങു സംഘടിപ്പിച്ചതിനാണ് കനയ്യ കുമാറിനെ അറസ്റ്റു ചെയ്തത്.

അറസ്റ്റിനെ എതിര്‍ത്ത് ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകളും അനുകൂലിച്ച് എബിവിപിയും രംഗത്തുവന്നതോടെ കനത്ത സംഘര്‍ഷം രൂപപ്പെട്ടിട്ടുണ്ട്.ഇത്തരം ചടങ്ങു സംഘടിപ്പിക്കുകയോ രാജ്യത്തിന്റെ അഖണ്ഡത വെല്ലുവിളിക്കുകയോ ചെയ്താല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അറസ്റ്റു നടന്നത്.

ദക്ഷിണ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസ് പൊലീസ് റെയ്ഡ് ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത കൂടുതല്‍ കുട്ടികള്‍ അറസ്റ്റിലായേക്കുമെന്നും സൂചനയുണ്ട്.

ദി കണ്‍ട്രി വിത്തൗട്ട് എ പോസ്റ്റ് ഓഫീസ് എന്ന പേരില്‍ ചൊവ്വാഴ്ചയാണ് ചടങ്ങ് നടന്നത്. ഈ ചടങ്ങളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു.

ചടങ്ങിന് അനുമതി നിഷേധിച്ചിരുന്നതാണെന്നും വിലക്ക് മറികടന്നാണ് ചടങ്ങ് നടത്തിയതെന്നും യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ബിജെപി എംപി മഹീഷ് ഗിരിയുടെയും എബിവിപിയുടെയും പരാതിയിലാണ് അറസ്റ്റും അനുബന്ധ നടപടികളും.

സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ജെഎന്‍യു പരിസരത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിരിക്കുകയാണ്.

Scroll To Top