Sunday December 04, 2016
Latest Updates

അപ്രമാദിത്വം ഊട്ടിയുറപ്പിച്ച് ഉമ്മന്‍ചാണ്ടി; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനമോഹികള്‍ നിരാശരായി

അപ്രമാദിത്വം ഊട്ടിയുറപ്പിച്ച് ഉമ്മന്‍ചാണ്ടി; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനമോഹികള്‍ നിരാശരായി

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്ന ഒരു നേതാവ് ഉമ്മന്‍ചാണ്ടിയാണ്. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് വരെ ഇളകി ആടിയിരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി കസേര ഒന്നുകൂടി ഉറപ്പിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. രാജ്യത്താകെ കോണ്‍ഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോഴും സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളും നേടാനായത് ഉമ്മന്‍ചാണ്ടിക്ക് നേട്ടമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ തന്റെ ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി ആത്മവിശ്വാസം കാണിച്ചിരുന്നു.

ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യുഡിഎഫ് 12 ലോകസഭ സീറ്റ് നേടുകയും നിലവില്‍ ഇടത് എംഎല്‍എമാര്‍ ജയിച്ചിരിക്കുന്ന മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 80 നിയമസഭ മണ്ഡലങ്ങളില്‍ ഭൂരിപക്ഷം നേടാനും സാധിച്ചു. ഇതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്ക് അപ്രമാദിത്വം ലഭിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പത്തില്‍ താഴെ സീറ്റുകളില്‍ ഒതുങ്ങിയിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയ്ക്ക്  ഇളക്കം തട്ടുമായിരുന്നു. അങ്ങനെയെങ്കില്‍ 2004 ല്‍ ആന്റണി ചെയ്തതുപോലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി സ്ഥാനമൊഴിയേണ്ടി വന്നേനെ.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആസാം മുഖമന്ത്രി തരുണ്‍ ഗോഗോയി ഇന്നലെ തന്നെ രാജി വച്ചിരുന്നു. ഉമ്മന്‍ചാണ്ടിയും സമാനമായ മാതൃക പിന്തുടരാന്‍ നിര്‍ബന്ധിതമായെനെ. കൂടാതെ സംസ്ഥാനത്തെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുകയും സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി തുടങ്ങുകയും ചെയ്‌തേനെ. ഏതായാലും ഉമ്മന്‍ചാണ്ടിയുടെ അപ്രമാദിത്വം ഊട്ടിയുറപ്പിച്ച് കൊണ്ട് ഭൂരിപക്ഷം സീറ്റുകളും നേടാനായതോടെ സംസ്ഥാന കോണ്‍ഗ്രസിലെ അധികാര കേന്ദ്രം ഉമ്മന്‍ചാണ്ടിയില്‍ തന്നെ കേന്ദ്രീകരിക്കും.

രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴും കേരളത്തില്‍ ഭൂരിപക്ഷം സീറ്റുകളും നേടാനായതോടെ ഹൈക്കമാന്‍ഡിലും ഉമ്മന്‍ചാണ്ടിയുടെ സ്വാധീനം വര്‍ദ്ധിക്കും. അട്ടിമറിയിലൂടെ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട കോണ്‍ഗ്രസിലെ ഭൈമീ കാമുകന്‍മാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Scroll To Top