Friday December 09, 2016
Latest Updates

അന്താരാഷ്ട്ര മരുന്ന് കടത്ത് സംഘത്തെ ഗാര്‍ഡ പിടികൂടി

അന്താരാഷ്ട്ര മരുന്ന് കടത്ത് സംഘത്തെ ഗാര്‍ഡ പിടികൂടി

ഡബ്ലിന്‍: അന്താരാഷ്ട്ര മരുന്ന് കടത്ത് സംഘത്തെ ഗാര്‍ഡ പിടികൂടി. ഗാര്‍ഡ നടത്തിയ പരിശോധനയില്‍ 200,000 യൂറോയുടെ മരുന്ന് ഇടപാട് പിടികൂടി. മരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഡബ്ലിനില്‍ നിന്ന് രണ്ട് പേര്‍ അറസ്റ്റിലായതായും ഗാര്‍ഡ അറിയിച്ചു. ഡാര്‍ക്ക്‌നെറ്റ് എന്ന എന്‍ക്രിപ്റ്റുചെയ്ത നെറ്റ്‌വര്‍ക്ക് മുഖേന ഓണ്‍ലൈനിലൂടെയാണ് അനധികൃത മരുന്ന് കടത്ത് നടന്നിരുന്നത്. മരുന്ന് കടത്ത് സംഘം ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും ഗാര്‍ഡ പിടിച്ചെടുത്തു. സ്വിറ്റ്‌സര്‍ലാന്‍ഡ്, ബെലിസ്, പോളണ്ട് എന്നിവടങ്ങളിലെ ബാങ്ക് അക്കൌണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളും ക്രിമിനല്‍ സംഘത്തിന്റെ കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെത്തി. 

എഫ്.ബി.ഐ, ഇന്റര്‍പോള്‍, യൂറോപ്യന്‍ പോലീസ് ഫോഴ്‌സ് തുടങ്ങിയ സേനകളുടെ കൂടി സഹായത്തോടെയാണ് ഗാര്‍ഡ മരുന്ന് കടത്ത് സംഘത്തെ പിടികൂടിയത്. നാഷണല്‍ ഡ്രഗ് യൂണിറ്റ്, ദി ക്രിമിനല്‍ അസറ്റ്‌സ് ബ്യൂറോ, കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എന്നീ ഏജന്‍സികള്‍ മരുന്ന് കടത്ത് സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഡബ്ലിന്‍ 8 ലെ ഇവരുടെ സങ്കേതം റെയ്ഡ് ചെയ്ത് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഡബ്ലിന്‍ 6 ലെ ഹാരോള്‍ഡ്‌സ് ക്രോസില്‍ നടന്ന മറ്റൊരു റെയ്ഡില്‍ അയര്‍ലണ്ടില്‍ വില്‍പ്പന നിയന്ത്രിച്ചിരിക്കുന്ന മരുന്നുകളും വിദേശ ബാങ്ക് അക്കൌണ്ട് വിശദാംശങ്ങളും പിടിച്ചെടുത്തു. ഡബ്ലിന്‍ 8 ല്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വില്‍പ്പന നിയന്ത്രണമുള്ള മരുന്നുകള്‍ അയച്ചിരുന്നതായി ഗാര്‍ഡ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ പിടിച്ചെടുക്കാനായത് മരുന്നുവേട്ടയില്‍ പ്രധാന നേട്ടമാണെന്നും ഗാര്‍ഡ അറിയിച്ചു.

Scroll To Top