Friday December 02, 2016
Latest Updates

അന്താരാഷ്ട്ര ജോലികളില്‍  അനുഭവപരിചയം അയര്‍ലണ്ടുകാര്‍ക്കെന്ന് സര്‍വേ

അന്താരാഷ്ട്ര ജോലികളില്‍  അനുഭവപരിചയം അയര്‍ലണ്ടുകാര്‍ക്കെന്ന് സര്‍വേ

ഡബ്ലിന്‍: അന്താരാഷ്ട്ര ജോലികളില്‍ ഏറ്റവുമധികം അനുഭവപരിചയമുള്ളത് അയര്‍ലണ്ടുകാര്‍ക്കെന്ന് സര്‍വേ റിപ്പോര്‍ട്ട്. അയര്‍ലണ്ടിലെ 91 ശതമാനം പേരും ഒരിക്കലെങ്കിലും മറ്റ് രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവരാണ്. 70 രാജ്യങ്ങളില്‍ നിന്നുള്ള 200,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് അന്താരാഷ്ട്ര ജോലിയിലെ അനുഭവ പരിചയത്തില്‍ അയര്‍ലണ്ടുകാര്‍ മുന്നിലെത്തിയത്.91 ശതമാനം പേര്‍ വിദേശത്ത് ജോലി ചെയ്തതിനു പുറമേ 23 ശതമാനം പേര്‍ വിദേശത്ത്പഠിച്ചവരോ ഇടയ്ക്കിടെ വിദേശത്ത് താമസിക്കുന്നവരോ ആണ്.

വിദേശ ജോലി അനുഭവമുള്ള പൌരന്മാരുടെ എണ്ണത്തില്‍ അയര്‍ലണ്ട് കഴിഞ്ഞാല്‍ യുകെയാണ് രണ്ടാംസ്ഥാനത്ത്. യുകെയില്‍ നിന്നുള്ള 88 ശതമാനം പേര്‍ വിദേശത്ത് ജോലി ചെയ്തിട്ടുള്ളവരാണ്.

87 ശതമാനവുമായി മൂന്നാം സ്ഥാനത്ത് ഫിലിപ്പീന്‍സുണ്ട്.അയര്‍ലണ്ടില്‍ നിന്നും സംഘടിപ്പിച്ച ഈ സര്‍വെയില്‍ പങ്കെടുത്ത ഇന്ത്യയിലെ 86 ശതമാനം പേരും വിദേശത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് കണ്ടെത്തല്‍! 
85 ശതമാനവുമായി സ്ലൊവെക്യ അഞ്ചാം സ്ഥാനത്തുണ്ട്. അയര്‍ലണ്ടില്‍ നിന്നുള്ള ഭൂരിപക്ഷം പേരും വിദേശ ജോലിക്കായി തെരഞ്ഞെടുക്കുന്നത് അമേരിക്കയാണ്. അമേരിക്ക കഴിഞ്ഞാല്‍ യഥാക്രമം യുകെ, കാനഡ, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, സ്‌പെയ്ന്‍, ഇറ്റലി, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളാണ് അയര്‍ലണ്ടുകാര്‍ വിദേശ ജോലി ചെയ്യാന്‍ തെരഞ്ഞെടുക്കുന്നത്. ആഭ്യന്തര ജോലികള്‍ തെരഞ്ഞെടുക്കുന്നതിലും ഐറിഷ് പൌരന്മാര്‍ താരതമ്യേന മുന്നിലാണ്. ആഭ്യന്തര ജോലികള്‍ തെരഞ്ഞെടുക്കുന്നതില്‍ സര്‍വെയില്‍ പങ്കെടുത്ത 70 രാജ്യങ്ങളില്‍ അയര്‍ലണ്ട് പതിനേഴാം സ്ഥാനത്തുണ്ട്.

ഐറിഷ് ജോബ്‌സ് ഡോട്ട് ഐഇയാണ് സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ് സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദേശ ജോലി തെരഞ്ഞെടുക്കുന്ന അയര്‍ലണ്ടുകാരില്‍ 18 ശതമാനവും മൂന്നു വര്‍ഷം വിദേശത്ത് തങ്ങുന്നു. 50 ശതമാനം പേര്‍ അഞ്ചു മുതല്‍ പത്ത് വര്‍ഷം വരെ വിദേശത്ത് താമസിക്കുന്നു. 33 ശതമാനം പേര്‍ പത്ത് വര്‍ഷത്തിന് മുകളില്‍ വിദേശത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അയര്‍ലണ്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരം പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഇതില്‍ നിലവില്‍ വിദേശത്ത് ജോലി
ചെയ്യുന്നവരും, ഇനി ഒരു അവസരം കിട്ടിയാല്‍ വിദേശത്ത് പോകാന്‍ തയ്യാറെടുക്കുന്നവരും നേരത്തെ അപേക്ഷിച്ചിട്ടുള്ളവരും ഉള്‍പ്പെടുന്നു.

സര്‍വെയില്‍ പങ്കെടുത്ത മറ്റ് രാജ്യങ്ങളില്‍ നിന്ന് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിപക്ഷവും മികച്ച വിദ്യാഭ്യാസമുള്ളവരും പ്രവര്‍ത്തി പരിചയമുള്ളവരുമാണ്. അയര്‍ലണ്ടിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിപക്ഷം പേരും മാനേജ്‌മെന്റ് സീനിയര്‍ മാനേജ്‌മെന്റ് തസ്തികകളില്‍ ജോലി ചെയ്തു കൊണ്ടിരുന്നവരാണെന്നും സര്‍വേ വെളിപ്പെടുത്തുന്നു. അയര്‍ലണ്ടില്‍ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശീയരില്‍ ഭൂരിപക്ഷം പേരും പോര്‍ച്ചുഗല്‍, ഫിന്‍ലന്‍ഡ്, പോളണ്ട്, സ്‌പെയ്ന്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്.


Scroll To Top