Sunday December 04, 2016
Latest Updates

അഞ്ജു ട്രാക്ക് വിടുന്നു…

അഞ്ജു ട്രാക്ക് വിടുന്നു…

ഇന്ത്യ കണ്ട മികച്ച കായിക താരങ്ങളില്‍ ഒരാളാണ് അഞ്ജു ബോബി ജോര്‍ജ്. 2003ല്‍ ഇന്ത്യയുടെ അഭിമാന താരമായി ലോക അതലെറ്റിക്സ്‌ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ അഞ്ജു ഇപ്പോള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ട്രാക്ക് വിടാന്‍ ഒരുങ്ങുകയാണ്. ഈ നേട്ടത്തിന് 10 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ തീരുമാനം.
2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ച ശേഷം ട്രാക്ക് വിടുന്നത് പ്രഖ്യാപിക്കാം എന്നാണ് അഞ്ജു കരുതിയിരുന്നതെന്നു അഞ്ജുവിന്റെ ഭര്‍ത്താവും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ റോബര്‍ട്ട് ബോബി ജോര്‍ജ് പറയുന്നു.
എന്നാല്‍ ജമ്പിംഗ് പിറ്റില്‍ നിന്നും വീണു പരിക്കുപറ്റിയ അഞ്ജുവിനു 2012ലെ ലണ്ടന്‍ ഒളിമ്പിക്സ് സ്വപ്നം മാത്രമായി ഒതുങ്ങിയിരുന്നു. അത് തീരാ നഷ്ടമായതോടെ വിരമിക്കല്‍ പ്രഖ്യാപനമോ അറിയിപ്പോ ഒന്നും കൂടാതെ വിരമിക്കല്‍ നടക്കട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു അഞ്ജു.
”ഒരു ഒളിമ്പിക്‌സ് മെഡല്‍ നേടാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ട്. പക്ഷേ, നിരാശയോടെയല്ല കരിയര്‍ അവസാനിപ്പിക്കുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ സംതൃപ്തിയുണ്ട്.” – അഞ്ജു പറഞ്ഞു. 2004-ല്‍ ആതന്‍സില്‍ നടന്ന ഒളിമ്പിക്‌സില്‍ ലോങ്ജംപില്‍ അഞ്ജു ആറാം സ്ഥാനമാണ് നേടിയത്. എന്നാല്‍, അന്ന് അഞ്ചാം സ്ഥാനത്തെത്തിയ മരിയന്‍ ജോണ്‍സ് ഉത്തേജക മരുന്നടിച്ചിരുന്നെന്ന് തെളിഞ്ഞതുകൊണ്ട് അവരെ അയോഗ്യയാക്കി. അഞ്ജുവിന് അഞ്ചാംസ്ഥാനം ലഭിച്ചു.
ആഗോള ഉത്തേജകമരുന്ന് വിരുദ്ധ അതോറിറ്റിയുടെ (വാഡ) ഔദ്യോഗിക അംബാസഡറായിരുന്ന അഞ്ജു കരിയറില്‍ ഉടനീളം ക്ലീന്‍ അത്‌ലറ്റ് എന്ന ഖ്യാതി നിലനിര്‍ത്തിയിരുന്നു.
ഇനിയൊരിക്കല്‍ കൂടി ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കാന്‍ ട്രാക്കിലേക്കില്ലെന്ന യാഥാര്‍ഥ്യം അംഗീകരിക്കുമ്പോഴും ഒളിമ്പിക്‌സില്‍ ഒരു ഇന്ത്യന്‍ അത്‌ലറ്റ് മെഡല്‍ നേടുന്ന കാലം വിദൂരമല്ലെന്നും അങ്ങനെയൊരു അത്‌ലറ്റിനെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാവുമെന്നും അഞ്ജു ഉറപ്പു നല്‍കിയിട്ടുണ്ട്

Scroll To Top