Wednesday December 07, 2016
Latest Updates

അഞ്ച് കണ്‍സേര്‍ട്ടുകളും റദ്ദാക്കിയതായി ഗാര്‍ത്ത് ബ്രൂക്ക്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു

അഞ്ച് കണ്‍സേര്‍ട്ടുകളും റദ്ദാക്കിയതായി ഗാര്‍ത്ത് ബ്രൂക്ക്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു

ഡബ്ലിന്‍: ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കില്‍ നടക്കാനിരുന്ന അഞ്ച് കണ്‍സേര്‍ട്ടുകളും റദ്ദാക്കിയതായി ഗാര്‍ത്ത് ബ്രൂക്ക്‌സ് ഔദ്യോഗികമായിസ്ഥിരീകരിച്ചു. ഇതോടെ ഏറെ ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഗായകന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. കണ്‍സേര്‍ട്ടുകള്‍ റദ്ദാക്കപ്പെട്ടത്തില്‍ തനിക്ക് ഖേദമുണ്ടെന്ന് ഗാര്‍ത്ത് ബ്രൂക്ക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കണ്‍സേര്‍ട്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ ആത്മാര്‍ത്ഥ ശ്രമം നടത്തിയ പ്രധാനമന്ത്രി എന്‍ഡ കെന്നി മുതല്‍ വിവിധ മന്ത്രിമാര്‍ വരെയുള്ള നേതാക്കള്‍ക്കും അയര്‍ലണ്ടിലെ തന്റെ ആരാധകര്‍ക്കും ഗാര്‍ത്ത് ബ്രൂക്ക്‌സ് നന്ദി പറഞ്ഞു.

നേരത്തെ സംഘാടകര്‍ പരിപാടി റദ്ദാക്കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. ആകെ അഞ്ച് കണ്‍സേര്‍ട്ടുകള്‍ക്ക് അനുമതി തേടിയതില്‍ മൂന്ന് എണ്ണത്തിന് മാത്രമേ അനുമതി നല്‍കൂ എന്ന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ നിലപാട് എടുത്തതോടെയാണ് സംഘാടകര്‍ പരിപാടി റദ്ദാക്കിയത്. അഞ്ച് പരിപാടികള്‍ക്കും അനുമതി നല്‍കുന്നില്ലെങ്കില്‍ ഒരു പരിപാടി പോലും നടക്കില്ലെന്ന് ഗാര്‍ത്ത് ബ്രൂക്ക്‌സ് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ശബ്ദ മലിനീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്. ഇതിനിടെ അഞ്ച് കണ്‍സേര്‍ട്ടുകള്‍ മൂന്ന് ദിവസം കൊണ്ട് നടത്താമെങ്കില്‍ അനുമതി നല്‍കാമെന്ന് കൌണ്‍സില്‍ വ്യക്തമാക്കിയെങ്കിലും ഗാര്‍ത്ത് ബ്രൂക്ക് വഴങ്ങിയില്ല.

ഐക്കണ്‍ പ്രമോഷന്‍സായിരുന്നു പരിപാടിയുടെ സംഘാടകര്‍. അഞ്ച് കണ്‍സേര്‍ട്ടുകളുംറദ്ദാക്കിയ ഐക്കണ്‍ പ്രമോഷന്‍സ് ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. നാല് ലക്ഷത്തോളം പേര്‍ ടിക്കറ്റ് എടുത്ത പരിപാടിയാണ് റദ്ദാക്കപ്പെട്ടത്. ടിക്കറ്റ് എടുത്തവരുടെ പണം മടക്കി നല്‍കുന്നത് വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും.

Scroll To Top