Wednesday December 07, 2016
Latest Updates

അങ്ങനെയിപ്പം കഞ്ചാവ് കൃഷി വേണ്ട !, കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാനുള്ള നീക്കം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു

അങ്ങനെയിപ്പം കഞ്ചാവ് കൃഷി വേണ്ട !, കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാനുള്ള നീക്കം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു

ഡബ്ലിന്‍ :അയര്‍ലന്‍ഡില്‍ കഞ്ചാവിന്റെ ഉല്‍പ്പാദനവും, ഉപയോഗവും, വില്‍പ്പനയും നിയമവിധേയമാക്കാനുള്ള നീക്കം പരാജയപ്പെട്ടു. ഭരണ കക്ഷിയായ ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിയുടെ ആഭ്യന്തര സമിതിയില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് ഈ നീക്കം പരാജയപ്പെടുത്തിയത്. കഞ്ചാവിന്റെ ഉപയോഗവും വില്‍പ്പനയും നിയമവിധേയമാക്കാനുള്ള നീക്കത്തിന് താന്‍ അനുകൂലമായിരുന്നില്ലെന്ന് വോട്ടെടുപ്പിന് ശേഷം ജസ്റ്റിസ് മിനിസ്റ്റര്‍ അലന്‍ ഷാറ്റര്‍ പ്രതികരിച്ചു.

അതേസമയം സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിനു് ജനഹിതപരിശോധന നടത്തുന്നതിന് ഭൂരിപക്ഷം നേതാക്കളും അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് അടുത്ത വര്‍ഷം ജനഹിതപരിശോധന നടത്താനാണ് തീരുമാനം.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിലൂടെ തുല്യത ഉറപ്പുവരുത്തുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ജെറി ബറ്റിമെര്‍ പറഞ്ഞു. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്ന് സമ്മതിക്കാന്‍ ധൈര്യം കാണിച്ച നേതാവ് കൂടിയാണ് ബിറ്റിമെര്‍.

സ്വവര്‍ഗാനുരാഗികള്‍ക്കായി പരസ്യമായി രംഗത്ത് വരാനും, അവര്‍ക്ക് തുല്യത ഉറപ്പാക്കുന്നതിനുള്ള നിയമ നിര്‍മ്മാണത്തെ പിന്തുണയ്ക്കുകയും ചെയ്ത ബിറ്റിമെറിനെ മന്ത്രി അലന്‍ ഷാറ്റര്‍ അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം കഞ്ചാവിന്റെ ഉപയോഗവും ഉല്‍പ്പാദനവും നിയമവിധേയമാക്കാനുള്ള നീക്കത്തെ അനുകൂലിച്ച് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മൈക്കല്‍ ലിന്‍ഡ്‌സെ ഉള്‍പ്പെടെയുള്ളവരാണ് കഞ്ചാവ് ഉപയോഗം നിയമവിധേയം ആക്കുന്നതിനെ പിന്തുണച്ചത്.

കഞ്ചാവ് ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും ശക്തമായ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ മറികടന്നു കൊണ്ടുതന്നെ ക്രിമിനല്‍ സംഘങ്ങള കഞ്ചാവ് കടത്തുന്നു. എന്നാല്‍ കഞ്ചാവ് നിയമവിധേയമാക്കിയാല്‍ അതിന്റെ വില്‍പ്പനയില്‍ നിന്ന് നികുതി ഈടാക്കാന്‍ കഴിയുമെന്നാണ് കഞ്ചാവ് നിയമവിധേയം ആക്കണമെന്ന് വാദിക്കുന്നവര്‍ പറയുന്നത്.

കഞ്ചാവ് വില്‍പ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനം ഖജനാവിന് ഒരു മുതല്‍ക്കൂട്ട് ആകുമെന്നും ഇക്കൂട്ടര് വാദിക്കുന്നു. എന്നാല്‍ ഇത്തരം നീക്കങ്ങള്‍ എതിര്‍ക്കുന്ന ശക്തമായ നിലപാട് ആണ് ജസ്റ്റിസ് മിനിസ്റ്റര്‍ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗം പാര്‍ട്ടി പ്രതിനിധികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

നാറ്റോയുമായി സൈനിക സഖ്യം രൂപീകരിക്കണമെന്ന അഭിപ്രായവും വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. നാറ്റോയുമായി സൈനിക സഖ്യത്തില്‍ ഏര്‍പ്പെടുന്നത് കൊണ്ട് അയര്‍ലന്‍ഡിന് പ്രത്യേക നേട്ടമൊന്നുമില്ലെന്ന് അലന്‍ ഷാറ്റര്‍ പറഞ്ഞു, യുദ്ധമേഖലയില്‍ സമാധാനം കൊണ്ടുവരാനാണ് അയര്‍ലന്‍ഡ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിംഗിള്‍ സീറ്റ് കോണ്‍സ്റ്റിട്ടുവന്‍സി എന്ന ആശയവും വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. അതേസമയം പബ്ലിക് അക്കൌണ്ട് കമ്മറ്റിയുടെ അധികാരം സംബന്ധിച്ച് അവതരിപ്പിച്ച ഭേദഗതി വോട്ടെടുപ്പില്‍ വിജയിച്ചു.

Scroll To Top