Tuesday January 24, 2017
Latest Updates

രമേശ് ചെന്നിത്തല സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തി

രമേശ് ചെന്നിത്തല സഭാനേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായും യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു ഇരുപത് മിനിറ്റോളം നീണ്ട കൂടിക്കാഴ്ച. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലെ സമാഗമത്തില്‍ രാഷ്ട്രീയ കാര്യങ്ങളാണ് കൂടുതല്‍ ചര്ച്ചക്ക് വന്നതെന്നാണ് സൂചന. പുറമെ ഓര്‍ത്തഡോക്‌സ് യാക്കോബായ സഭ തര്‍ക്ക പരിഹാരവും ചെന്നിത്തലയുടെ ലക്ഷ്യമായിരുന്നെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പരസ്പരം ഇടഞ്ഞു നില്‍ക്കുന്ന ഇരു സഭകളും ഈയിടെ വിവിധ വിഷയങ്ങളിലായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അവസാനമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലാണ് സഭകള്‍ സര്‍ക്കാറുമായി കൊമ്പു കോര്‍ത്തത്. അതിനു ശേഷം സര്‍ക്കാര്‍ വിശിഷ്യ കോണ്‍ഗ്രസ് ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്നു സഭാനേതൃത്വം ആരോപണമുന്നയിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ രമേശ് സഭാ മേധാവിയുമായി സംസാരിച്ചെന്നാണ് സൂചനകള്‍. ഇതോടെ സര്‍ക്കാറിനെതിരായ സഭയുടെ നിലപാടില്‍ അയവു വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ പറയാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നായിരുന്നു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. .
ജോര്‍ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞാണ് രമേശ് പുത്തന്‍കുരിശിലെ യാക്കോബായ സഭ ആസ്ഥാനത്തെത്തിയത്. അവിടെ ശ്രേഷ്ഠ കത്തോലിക്കാ തോമസ് പ്രഥമന്‍ ബാവയുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തി. ആഭ്യന്തര മന്ത്രിയായ ശേഷം ആദ്യമായാണ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തുന്നത്. അഭ്യന്തരമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിലും രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തിയിരുന്നു. ദീര്‍ഘനാളായി നിലനില്‍ക്കുന്ന ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭ തര്‍ക്കം പരിഹരിക്കാന്‍ ഇരുവിഭാഗത്തില്‍ നിന്നും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സഭാതര്‍ക്കം പരിഹരിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് ഇരുവിഭാഗത്തിനും രമേശ് ചെന്നിത്തല ഉറപ്പുനല്‍കിയതായാണ് സൂചന.

Scroll To Top