Saturday July 21, 2018
Latest Updates

ഹൈക്കോടതിയുടെ സുപ്രധാന വിധിയ്ക്ക് പിന്നില്‍ ഐറിഷ് പൗരത്വം സ്വീകരിച്ച മലയാളി ദമ്പതികള്‍, നീതിപീഠത്തിന്റെ അനുമതിയോടെ ഇനി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വിവാഹരജിസ്ട്രേഷന്‍ നേടി പ്രദീപും,ബെറിലും  

ഹൈക്കോടതിയുടെ സുപ്രധാന വിധിയ്ക്ക് പിന്നില്‍ ഐറിഷ് പൗരത്വം സ്വീകരിച്ച മലയാളി ദമ്പതികള്‍, നീതിപീഠത്തിന്റെ അനുമതിയോടെ ഇനി വീഡിയോ കോണ്‍ഫറന്‍സിങ്ങ് വിവാഹരജിസ്ട്രേഷന്‍ നേടി പ്രദീപും,ബെറിലും  

ഡബ്ലിന്‍ :ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പ്രയോജനപ്പെടുന്ന വീഡിയോ കോണ്‍ഫ്രന്‍സിംഗ് വഴി വിവാഹരജിസ്ട്രേഷന്‍ നടത്താനുള്ള അനുമതി നല്‍കി കൊണ്ടുള്ള കേരളാ ഹൈക്കോടതിയുടെ സുപ്രധാന വിധിയ്ക്ക്  നിമിത്തമായത്  അയര്‍ലണ്ടില്‍ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറിയ ഐറിഷ് പൗരന്മാരായ മലയാളി ദമ്പതികള്‍.

ലീമെറിക്കിലെ മുന്‍ താമസക്കാരനും കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്ക് കുടിയേറുകയും ചെയ്ത കൊല്ലം സ്വദേശികളായ കെ സി പ്രദീപിന്റെയും ഭാര്യ ബെറിലിന്റെയും വിവാഹമാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി രജിസ്റ്റര്‍ ചെയ്യാനുള്ള അനുമതി ലഭിച്ചത്. കൊല്ലത്തെ കടവൂരിലെ കാസിമര്‍ പള്ളിയില്‍ വെച്ച് 17 വര്‍ഷം മുമ്പ് ഇവര്‍ വിവാഹിതരായതാണ്. അയര്‍ലണ്ടില്‍ താമസിച്ചിരുന്ന പ്രദീപ്   പിന്നീട് ജോലിയാവശ്യപ്രകാരം അമേരിക്കയിലേക്ക് പോവുകയായിരുന്നു.

2009 ല്‍ ഇവര്‍ക്ക് ഐറിഷ് പൗരത്വം ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് അമേരിക്കയിലേക്ക് മാറിയത്. അവിടെ സ്ഥിരതാമസത്തിനായി വിവാഹസര്‍ട്ടിഫിക്കേറ്റ് ആവശ്യമാണ്. എന്നാല്‍ ഇതിനായി തിരിച്ച് കേരളത്തിലെത്തുന്നത് പ്രാവര്‍ത്തികമല്ലാത്തതിനാല്‍ ഇവര്‍ തദ്ദേശ ഭരണ സ്ഥാപനത്തില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ചട്ടവിരുദ്ധമായതിനാല്‍ അപേക്ഷ തള്ളുകയും നേരിട്ട് വരാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പിന്നീടാണ് കോടതിയെ സമീപിച്ചത്.
വിവാഹിതരായ സമയത്ത് സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹം കേരളത്തില്‍ നിര്‍ബന്ധമില്ലാത്തതിനാല്‍ പള്ളിയില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കേറ്റ് മാത്രമേ ഇവര്‍ക്ക് ഉണ്ടായിരുന്നുള്ളു.

കേരളത്തില്‍ നിന്നും വിവാഹസര്‍ട്ടിഫിക്കേറ്റിന് അപേക്ഷിച്ചപ്പോള്‍ നേരിട്ട് ഹാജരാവാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന റജിസ്റ്റ്ട്രാറുടെ നിലപാടിനെതിരെയണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിവാഹം റജിസ്റ്റര്‍ ചെയ്യാനായി അപേക്ഷകര്‍ റജിസ്റ്റാറുടെ മുന്പില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ബന്ധമില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. മാറുന്ന സാമൂഹിക സാഹചര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ച് നിയമങ്ങളും മാറണം. വിവാഹിതരാവാന്‍ അപേക്ഷ നല്‍കേണ്ടവര്‍ നേരിട്ടു റജിസ്റ്റാറുടെ മുന്നില്‍ ഹാജരാവണമെന്നാണ് നിയമം പറയുന്നത്. പക്ഷെ, ക്രിമിനല്‍ കേസുകളിലെ വിചാരണ പോലും , വിഡീയോ കോണ്‍ഫറന്‍സിങ് വഴി നടത്തുന്നുണ്ട്.

വീഡിയോ കോണ്‍ഫറന്‍സില്‍ വരുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ഹാജരാവുന്നതായാണ് വിചാരണ കോടതികള്‍ കാണുന്നത്. വിവാഹക്കാര്യത്തിലും എന്തു കൊണ്ട് വീഡിയോ കോണ്‍ഫറന്‍സിങ് സാധ്യമല്ലെന്നും കോടതി ചോദിച്ചു. നിയമം സമൂഹത്തിന്റെ വഴി മുടക്കിയായി നില്‍ക്കരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.വിവാഹ രേഖകളില്‍ ഒപ്പിടാന്‍ അപേക്ഷകരോട് വരാന്‍ പറയുന്നത് സമ്മതം അറിയാനാണ്. പ്രാദേശിക റജിസ്ട്രാര്‍ക്ക് വിഡിയോ കോണ്‍ഫറന്‍സിന് സൗകര്യമില്ലെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കണം. പവര്‍ ഓഫ് അറ്റോണിക്കാര്‍ക്ക് വിവാഹ റജിസ്ട്രറില്‍ ഒപ്പിടാമെന്നും കോടതി വ്യക്തമാക്കി.

.ഐഎസ്ആര്‍ഓയില്‍ ശാസ്ത്രജ്ഞനായിരുന്ന പ്രദീപും കുടുംബവും ലിമെറിക്കിലെ മലയാളി സമൂഹവുമായി അഭേദ്യമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

Scroll To Top