Thursday October 18, 2018
Latest Updates

ഹൃദയതന്ത്രികളില്‍ മീട്ടിയ നാദം… സംഗീത നഭസിലെ അമൃതവര്‍ഷം

ഹൃദയതന്ത്രികളില്‍ മീട്ടിയ നാദം… സംഗീത നഭസിലെ അമൃതവര്‍ഷം

യലിനുമായി സ്റ്റേജിലെത്തിയാല്‍ ഒരു ജാലവിദ്യക്കാരെപ്പോലെയായിരുന്നു ബാലഭാസ്‌കര്‍. ചെരിഞ്ഞു നിന്ന് ചെറുപുഞ്ചിരിയോടെ ബാലഭാസ്‌കര്‍ വയലിന്‍ മീട്ടിത്തുടങ്ങിയാല്‍ കാണികള്‍ വശീകരണസിദ്ധിയുള്ള ആ സംഗീതത്തിന്റെ മാസ്മരികതയില്‍ മയങ്ങിപ്പോകും. മെലഡിയാകട്ടെ ഫാസ്റ്റ് നമ്പറുകളാകട്ടെ, മീട്ടുന്നത് സ്വന്തം ഹൃദയതന്ത്രികളിലാണ് എന്ന മട്ടില്‍ അവര്‍ കണ്ണിമയ്ക്കാതെ കേട്ടിരിക്കും.

മൂന്ന് വയസ് മുതല്‍ വയലിനിസ്റ്റായ അമ്മാവന്‍ ബി.ശശികുമാറിന്റെ ശിക്ഷണത്തില്‍ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കര്‍ ആദ്യമായി വയലിനുമായി സ്റ്റേജില്‍ എത്തിയത് പന്ത്രണ്ടാം വയസിലാണ്. അഞ്ച് വര്‍ഷം അടുപ്പിച്ച് കേരള യൂണിവേഴ്സിറ്റിയില്‍ വയലിനില്‍ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കര്‍ 17ാം വയസില്‍ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ടാണ് മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകനായി. മൂന്ന് സിനിമകള്‍ക്കും നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതമൊരുക്കിയ ബാലഭാസ്‌കര്‍ കോളജ് കാലത്ത് തന്നെ കണ്‍ഫ്യൂഷന്‍ എന്ന പ്രൊഫഷണല്‍ ബാന്‍ഡ് ഒരുക്കിയിരുന്നു. പിന്നീട് ബിഗ് ഇന്ത്യന്‍ ബാന്‍ഡ് ക്രിയേറ്റ് ചെയ്തു.

കര്‍ണാടക സംഗീതത്തിലെ ലിറിക്സ് മനസിലാക്കി പാടുക എന്ന ലക്ഷ്യത്തോടെയാണ് ബാലഭാസ്‌കര്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സംസ്‌കൃതത്തില്‍ എം എ എടുത്തത്. രണ്ടാം റാങ്കോടെ എം എ പാസായി. സംഗീതത്തിന്റെ ഏതു മേഖലയിലും ഇതേ സൂക്ഷ്മത പുലര്‍ത്തിയ ഈ യുവപ്രതിഭ തന്നെയാണ് കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ഇന്റോ വെസ്റ്റേണ്‍ ഫ്യൂഷന്‍ മലയാളത്തിന് പരിചയപ്പെടുത്തിയതും. ബാലഭാസ്‌കറിന്റെ സംഗീതം, അതെന്നും കണ്ണിനും കാതിനും വിരുന്നായിരുന്നു മലയാളിയ്ക്ക്.

വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുമെന്ന് ഒരു വേള ഡോക്റ്റര്‍മാര്‍ പോലും കരുതിയിരുന്നു.

അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു ബാലഭാസ്‌കര്‍ .രക്തസമ്മര്‍ദത്തില്‍ ഇടക്കിടെ വ്യതിയാനം സംഭവിക്കുന്നതിനാലായിരുന്നു ഇത്.കഴിഞ്ഞ ദിവസം പിതാവ് എത്തി വിളിച്ചപ്പോള്‍ ബാലഭാസ്‌കര്‍ ചെറുതായി കണ്ണു തുറന്നിരുന്നു. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതായും പറയപ്പെട്ടിരുന്നു.എന്നാല്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു. അപകടത്തില്‍ ബാലഭാസ്‌കറുടെ മകള്‍ തേജസ്വിനി ബാലയും മരിച്ചിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.

Scroll To Top