Tuesday November 13, 2018
Latest Updates

സ്വോര്‍ഡ്സിലും,സ്ലൈഗോയിലും ഓണാഘോഷം മാറ്റിവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മലയാളികള്‍ മലയാളത്തിന്റെ ഓണാഘോഷവും മാറ്റി വെച്ചു 

സ്വോര്‍ഡ്സിലും,സ്ലൈഗോയിലും ഓണാഘോഷം മാറ്റിവെച്ച് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മലയാളികള്‍ മലയാളത്തിന്റെ ഓണാഘോഷവും മാറ്റി വെച്ചു 

ഡബ്ലിന്‍: കഴിഞ്ഞ ഒരു മാസമായി ഓണത്തിനായി, കോസ്റ്റ്യൂം പോലും റെഡിയാക്കി നടത്തി വന്ന എല്ലാ ഒരുക്കങ്ങളും അവസാനിപ്പിച്ച് പ്രളയക്കെടുതിയില്‍ നരകിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് താങ്ങാവാന്‍ സ്വോര്‍ഡ്സ് മലയാളികളും.

‘നമ്മുടെ സഹോദരങ്ങള്‍ കരയുമ്പോള്‍, നരകയാതകള്‍ അനുഭവിക്കുമ്പോള്‍ നമ്മുക്കെങ്ങനെ ആഘോഷിക്കാന്‍ പറ്റും. ആയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഉപേക്ഷിക്കുവാനും, തത്തുല്യമായ ഒരു തുക സംഭാവന നല്‍കുവാനും തീരുമാനിച്ചിരിക്കുന്നുവെന്ന് സ്വോര്‍ഡ്സ് മലയാളികള്‍ക്ക് വേണ്ടി പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

സ്ലൈഗോ : ഇന്ത്യന്‍ അസോസിയേഷന്‍ സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ സ്ലൈഗോയില്‍ നടത്താനായിരുന്ന ഓണാഘോഷം മാറ്റിവെച്ച് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സംഘടനയുടെ തീരുമാനം.സ്ലൈഗോയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരെല്ലാം ഒരേ മനസോടെ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വാഗ്ദാനം ചെയ്തിട്ടുണ്ട്.

റോസ് കോമണ്‍ മലയാളി സമൂഹവും ഓണാഘോഷം മാറ്റിവെച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരും.

ഡബ്ലിന്‍ :മലയാളം സംഘടനയുടെ ഈ വര്‍ഷത്തെ ഓണാഘോഷവും മാറ്റിവെച്ചതായി സെക്രട്ടറി വിജയാനന്ദ് ശിവാനന്ദന്‍ അറിയിച്ചു.മലയാളം സമാഹരിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ ഒന്നിന് മുമ്പ് എത്തിക്കണമെന്ന് സംഘടനയുടെ പത്രക്കുറിപ്പില്‍ അദ്ദേഹം അറിയിച്ചു.

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷപരിപാടികളും റദ്ദാക്കി.

കില്‍ക്കെന്നി ഇന്ത്യന്‍ അസോസിയേഷന്‍ ഓഗസ്റ്റ് 25 നടത്താനിരുന്ന ഓണാഘോഷവും റദ്ദാക്കി.

ദ്രോഗഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സഹൃദയ ശനിയാഴ്ച നടത്താനിരുന്ന ഓണാഘോഷവും പ്രളയക്കെടുതികളെ തുടര്‍ന്ന് ഉപേക്ഷിച്ചു.

ഡബ്ലിനിലെ മൈന്‍ഡ് സംഘടന സെപ്റ്റംബര്‍ 8 ന് നടത്താനിരുന്ന ഓണാഘോഷവും വേണ്ടെന്ന് വെച്ചിട്ടുണ്ട്.

ബ്രേ : ബ്രേ മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഓഗസ്റ്റ് 23 ന് മുമ്പ് ശേഖരിക്കാനും സംഘടന തീരുമാനിച്ചു.

കെറി ഇന്ത്യന്‍ അസോസിയേഷനും ഇത്തവണത്തെ ഓണാഘോഷപരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയയ്ക്കുവാന്‍ തീരുമാനിച്ചു.

ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷനും(DMA) സെപ്റ്റംബര്‍ ഒന്നിന് നടത്താനിരുന്ന ഓണാഘോഷം മാറ്റി വെച്ചു. DMAയുടെ നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സമാഹരിച്ചു നല്‍കും.

ഡണ്‍ഗാര്‍വന്‍ മലയാളി അസോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് നീക്കി വെച്ച പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

Scroll To Top