Saturday October 20, 2018
Latest Updates

സ്വന്തം മക്കളെ തല്ലാമോ ?’അമ്മ തല്ലിയതിന് പോലീസ് പിടിച്ചു കൊണ്ട് പോയ ബ്രിട്ടണിലെ സ്‌കൂള്‍ കുട്ടിയുടെ വീഡിയോ വൈറലാവുന്നു 

സ്വന്തം മക്കളെ തല്ലാമോ ?’അമ്മ തല്ലിയതിന് പോലീസ് പിടിച്ചു കൊണ്ട് പോയ ബ്രിട്ടണിലെ സ്‌കൂള്‍ കുട്ടിയുടെ വീഡിയോ വൈറലാവുന്നു 

ഡബ്ലിന്‍;ലോകത്തെമ്പാടും കുട്ടികള്‍ക്ക് നേരെയുള്ള പീഡനം ഏറ്റവും വലിയ കുറ്റങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.പീഡനമാണോ ശിക്ഷണമാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം നിയമങ്ങള്‍ മാറുന്നത് സംസ്‌കാരങ്ങളുടെ വ്യത്യസ്തതയിലാണ്.

അതുകൊണ്ടാണ് ലണ്ടനിലെ ഒരു കുടിയേറ്റകുടുംബത്തിലെ കുട്ടിയെ പോലീസും,സോഷ്യല്‍ വര്‍ക്ക് അധികൃതരും ചേര്‍ന്ന് വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോകുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായത്.

ലണ്ടനിലെ സ്‌കൂള്‍ കുട്ടിയെ സ്വന്തം ‘അമ്മ എന്തോ അനുസരണക്കേട് കാണിച്ചതിന് തല്ലിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞതോടെ സ്വാഭാവികമായും പോലീസും,സോഷ്യല്‍ വര്‍ക്കേഴ്സും ഒക്കെ ഇടപെട്ടു.കുട്ടിയെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്റെ കീഴിലേക്ക് മാറ്റി.അമ്മയുടെ ക്രൂരത തന്നെ കുറ്റം!

പക്ഷേ ആ എട്ടു വയസുകാരനുണ്ടോ അവിടെ നില്‍ക്കുന്നു.പിടി വിടുവിച്ച് അമ്മയുടെ അടുക്കല്‍ തിരിച്ചെത്താന്‍ അവന് മണിക്കൂറുകളെ വേണ്ടിവന്നുള്ളൂ.

പോലീസ് പിന്നാലെയെത്തിയത് പെരുംകുറ്റവാളിയെ പിടിച്ചു കെട്ടി കൊണ്ടുപോകാനുള്ള ക്രൗര്യത്തോടെയാണ്.അവര്‍ക്ക് അങ്ങനെയേ ചെയ്യാനാവുകയുള്ളു.നിയമം അതാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.എന്തെന്നാല്‍…’കുട്ടിയെ ശിക്ഷിക്കുന്ന അമ്മയെന്ന അഥവ രക്ഷിതാവെന്ന ക്രൂരരും ,സംസ്‌കാരരഹിതരുമായവരില്‍ നിന്നും കുട്ടിയെ രക്ഷിച്ചു പരിപാലിക്കുക എന്നത് സര്‍ക്കാരിന്റ ഉത്തരവാദിത്വമാകുന്നു….’

യുദ്ധസമാനമായ അന്തഃരീക്ഷത്തില്‍,പോലീസിനൊപ്പം തിരിച്ചുപോകാന്‍ വിസമ്മതിക്കുന്ന കുട്ടിയുടെ ചിത്രം ആരുടേയും മനസ്സലിയിപ്പിക്കും.ആ അമ്മയാവട്ടെ നെഞ്ചത്തിടിച്ച് കരഞ്ഞു നിലവിളിയ്ക്കുന്നുമുണ്ട്.

ഈ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും? ആരോഗ്യകരമെന്ന് ആരെങ്കിലും അതിനെ വിളിച്ചാല്‍ ശുദ്ധഭോഷ്‌ക് എന്ന് പറയേണ്ടി വരും.

പോലീസ് കുട്ടിയെ കീഴടക്കുന്നത് സര്‍വ്വ മാനുഷിക ധര്‍മ്മങ്ങള്‍ക്കും വിരുദ്ധമായാണെന്ന് കണ്ടു നില്‍ക്കുന്നവര്‍ക്ക് തോന്നാം..അതാണ് ന്യായമെന്നാണ് നിയമം…ജാലിയന്‍വാലാബാഗില്‍ നിരായുധരായ പോരാളികള്‍ക്ക് നേരെ സാര്‍വ്വവാതിലുകളുമടച്ച് വെടിവെച്ചിട്ട ജനറല്‍ ഡെയറിന്റെ പിന്മുറക്കാര്‍ ഉണ്ടാക്കിയ നിയമമാണ്…ആരും എതിര് പറയരുത്…ശബ്ദിക്കരുത്….അത് കുറ്റമാണ്…..കോടതി അലക്ഷ്യവുമാവാം…

കുടിയേറ്റക്കാരുടെ സംസ്‌കാരവും ധര്‍മ്മവും അറിയാത്തത് കൊണ്ടാണ്,കുടുംബ ബന്ധങ്ങളുടെ ആഴം പഠിക്കാത്തത് കൊണ്ടാണ് അഭിനവ ഡയറുമാര്‍ ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് ചിലരെങ്കിലും പറയും.ബൈബിളും,ഖുറാനും,ഹിന്ദുമത വേദഗ്രന്ഥങ്ങളുമടക്കം,പഠിച്ചു മനുഷ്യസംസ്‌കാരം നവീകരിക്കപ്പെട്ട കാലം മുതല്‍ കുട്ടികളെ ആരോഗ്യകരമായ ശിക്ഷണത്തിന് വിധേയമാക്കാം എന്ന പൊതുതത്വം ലോകത്തുള്ളതാണ്.

യൂറോപ്പിലെ സാംസ്‌കാരികാധപതനത്തിന്റെ ബാക്കി പത്രമായി തകര്‍ന്നു പോയ കുടുംബങ്ങളില്‍ പോറ്റപ്പന്‍മാരും,പോറ്റമ്മമാരുമായവര്‍ കടന്നു വന്നപ്പോള്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ നിയമങ്ങളാണ് ഇപ്പോള്‍ കുടിയേറ്റക്കാര്‍ക്ക് വിനയാവുന്നത്.

‘സായിപ്പിന്റെ’ കുടുംബങ്ങളില്‍ കുട്ടികളെ തല്ലുന്നില്ല എന്നല്ല അതിനര്‍ത്ഥം.വേണ്ട രഹസ്യങ്ങള്‍ മൂടി വെയ്ക്കാന്‍ അവര്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു എന്നതാണ് സത്യം.സ്വയം പ്രതിരോധിക്കാനായി കുട്ടിയ്ക്ക് സ്‌കൂളുകള്‍ വഴി നല്‍കുന്ന ‘വിദ്യാഭ്യാസം’മാതാപിതാക്കളെ ഉപദ്രവിക്കാനുള്ള വടിയായി മാറാതെ ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്.

മക്കളെ തല്ലാന്‍ പാടില്ലെന്ന അയര്‍ലണ്ടിലെ പുതിയ നിയമം നിലവില്‍ വന്നത് 2015 ഡിസംബറിലാണ്.അതിന് ശേഷം മാത്രം നൂറോളം കേസുകളാണ് ‘മക്കളുടെ വകയായി’ കോടതിയിലെത്തിയത്. കുട്ടികളെ തല്ലിയാല്‍ കോടതിയില്‍ പോലും ന്യായീകരിക്കാനാകില്ല എന്നതാണ് ഈ നിയമത്തിന്റെ മറ്റൊരു കാര്‍ക്കശ്യവശം.

മനുഷ്യാവകാശ സംഘടനകളുടെ നിരന്തരമായ ആവശ്യമായിരുന്നു ഇത്തരമൊരു നിയമം.ശാരീരീകമായി ശിക്ഷിക്കുന്നതിനെതിരെയുള്ള പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഐറിഷ് സമൂഹത്തില്‍ പുതിയൊരു മാറ്റം പ്രകടമാകുമെന്നാണ് അന്ന് നിയമം പൈലറ്റ് ചെയ്ത ആരോഗ്യമന്ത്രി ജെയിംസ് റൈലി അഭിപ്രായപ്പെട്ടത്.നിയമം നടപ്പിലാക്കുന്നതിലൂടെ പുതിയൊരു നിയമലംഘനത്തിനും വഴിയൊരുക്കുകയല്ലെന്നും തെറ്റുചെയ്യുന്നതിനുള്ള സാഹചര്യം ഒഴിവാക്കപ്പെടുമെന്ന് കരുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കുടിയേറ്റക്കാരുടെ ജീവിത സമ്പ്രദായത്തില്‍ ‘അപ്ഡേഷന്‍’ നല്‍കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നത് സത്യം.പ്രാദേശിക നിയമങ്ങളെക്കുറിച്ചും,നടപടി ക്രമങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മ’മാതാപിതാക്കളായ കുറ്റവാളികളുടെ’എണ്ണം ഒരു ദിവസവും വര്‍ധിപ്പിക്കുന്നുമുണ്ട് .

Scroll To Top