Tuesday October 16, 2018
Latest Updates

സ്റ്റോം എമ്മയുടെ ബാക്കിപത്രം:ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ സര്‍വകാല റിക്കോര്‍ഡ്,ആരോഗ്യമേഖലയില്‍ പ്രതിസന്ധി

സ്റ്റോം എമ്മയുടെ ബാക്കിപത്രം:ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ സര്‍വകാല റിക്കോര്‍ഡ്,ആരോഗ്യമേഖലയില്‍ പ്രതിസന്ധി

ഡബ്ലിന്‍:അയര്‍ലണ്ടിലെ ആശുപത്രികളില്‍ രോഗികളുടെ എണ്ണത്തില്‍ സര്‍വ്വകാല റിക്കോര്‍ഡ്.സ്റ്റോംഎമ്മ ജനങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിച്ചതിനാല്‍ ഈ ദിവസങ്ങളില്‍ ആശുപത്രികളില്‍ വലിയ തിരക്ക് അനുഭവപ്പെടുമെന്നും ആശുപത്രി അധികൃതര്‍ വേണ്ടത്ര മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടെന്നുംഐഎന്‍എംഒ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആകാത്തതിനാലാണ് ഇപ്പോള്‍ തിരക്ക് വര്‍ധിച്ചിരിക്കുന്നതെന്നു ഐഎന്‍എംഒജനറല്‍ സെക്രട്ടറി പത്രക്കുറിപ്പില്‍ ആരോപിച്ചു..

ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായതായിഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) യുടെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.രാജ്യത്തെ പ്രധാന ആശുപത്രികളിലായി 714രോഗികളാണ് ട്രോളിയില്‍ കഴിയുന്നത്. ലീമെറിക്കിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ മാത്രം 80 പേര്‍ പ്രവേശനത്തിനായി കാത്തിരിക്കുന്നു.

അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ ചികിത്സക്കായി നീണ്ട കാത്തിരിപ്പ് നടത്തേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ അറിയിച്ചു.
അതേസമയം, രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ വളരെയേറെ ശോചനീയമാണെന്നു ഐഎന്‍എംഒ യുടെ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ടു ഫിയന്ന ഫാള്‍ ഹെല്‍ത്ത് വക്താവ് ബില്ലി കേലെഹര്‍ പറഞ്ഞു .അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനത്തില്‍ ഇനിയും മുന്‍പോട്ട് പോകേണ്ടതുണ്ടെന്നുംകേലെഹര്‍ ഓര്‍മ്മപ്പെടുത്തി.

ഹോസ്പിറ്റലിലെ അമിതമായ തിരക്ക് ഒഴിവാക്കാനായി നഴ്‌സിങ് ഹോമുകളിലെ കിടക്ക ലഭ്യത ഉപയോഗപ്പെടുത്തണമെന്ന് നഴ്‌സിംഗ് ഹോം അയര്‍ലണ്ട്, ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിനെ അറിയിച്ചു.കഴിഞ്ഞയാഴ്ച സ്വകാര്യ നഴ്‌സിംഗ് ഹോമുകള്‍ നടത്തിയ സര്‍വേയില്‍ നിരവധി കിടക്കകള്‍ ഒഴിവുള്ളതായി കണ്ടെത്തിയിരുന്നു.

ഗുരുതരമല്ലാത്ത രോഗ കാരണങ്ങള്‍ ഉള്ളവര്‍ താല്‍ക്കാലിക സേവനങ്ങള്‍ ഉപയോഗിക്കുന്നത് ആശുപത്രികളിലെ എമര്‍ജന്‍സി വിഭാഗത്തില്‍ തിരക്ക് കുറക്കുന്നതിന് സഹായിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Scroll To Top