Tuesday October 16, 2018
Latest Updates

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു,വിട വാങ്ങുന്നത് ആധുനീക സയന്‍സിന്റെ മാര്‍ഗദര്‍ശി

സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു,വിട വാങ്ങുന്നത് ആധുനീക സയന്‍സിന്റെ മാര്‍ഗദര്‍ശി

ലണ്ടന്‍: പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹോക്കിംഗിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളാണ് ഹോക്കിംഗ് നടത്തിയിരുന്നത്. നിലവില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്രത്തിലെ ലുക്കാഷ്യന്‍ പ്രഫസര്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു.

തമോഗര്‍ത്തങ്ങള്‍ സംബന്ധിച്ചും ആപേക്ഷികത സംബന്ധിച്ചുമുള്ള കണ്ടുപിടിത്തങ്ങളും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധേയമായി. A Brief History of Time അടക്കമുള്ള വിഖ്യാത ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും സ്റ്റീഫന്‍ ഹോക്കിംഗിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ഭീമമായ ഗുരുത്വാകര്‍ഷണബലമുള്ള തമോഗര്‍ത്തങ്ങള്‍ ചില വികിരണങ്ങള്‍ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേഷികതാസിദ്ധാന്തത്തിന് പുതിയ വിശദീകരണം നല്‍കി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു.

താനൊരു നിരീശ്വരവാദിയാണെന്നും 2017ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞു. ”പ്രപഞ്ചത്തെ ആരും നിര്‍മ്മിച്ചിട്ടില്ല. ആരും നമ്മുടെ വിധി മുന്നോട്ട് പോകുന്നതിനായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നില്ല” – സ്റ്റീഫന്‍ ഹോക്കിംഗ് പറഞ്ഞിരുന്നു. പ്രപഞ്ചത്തിന്റെ തുടക്കം കണ്ടെത്താന്‍ സയന്‍സിന് കഴിയും. പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന് നമ്മള്‍ ദൈവത്തോട് ചോദിക്കേണ്ട കാര്യമില്ല. ദൈവമില്ല എന്ന് തെളിയിയ്ക്കുകയല്ല ഇത് ചെയ്യുന്നത്. ദൈവത്തിന്റെ ആവശ്യമില്ല എന്ന് മാത്രമാണ് ഇത് വ്യക്തമാക്കുന്നത് – ഹോക്കിംഗ് പറഞ്ഞു.

1942 ജനുവരി 8ന് ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജനനം. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. പതിനൊന്നാം വയസില്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു സ്റ്റീഫന്‍ ഹോക്കിങിന് താത്പര്യം.

17-ആം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം (Motor Neuron Disease) അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ല്‍ ജെയ്ന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. 1991-ല്‍ അവര്‍ വിവാഹമോചനം നേടി. ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് മക്കള്‍. സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം ജെയിംസ് മാര്‍ഷ് The Theory of Everything (2014) എന്ന പേരില്‍ സിനിമയാക്കിയപ്പോള്‍ എഡ്ഡി റെഡ്മെയ്ന്‍ ആണ് ഹോക്കിംഗിനെ അവതരിപ്പിച്ചത്.

Scroll To Top