Thursday April 27, 2017
Latest Updates

സ്റ്റാഫില്ല ;താല ആശുപത്രിയിലെ രോഗികള്‍ സുരക്ഷിതരല്ലെന്ന മുന്നറിയിപ്പുമായി ഐ എന്‍ എം ഓ

സ്റ്റാഫില്ല ;താല ആശുപത്രിയിലെ രോഗികള്‍ സുരക്ഷിതരല്ലെന്ന മുന്നറിയിപ്പുമായി ഐ എന്‍ എം ഓ

താല: താല ആശുപത്രിയിലെ രോഗികള്‍ സുരക്ഷിതരല്ലെന്ന് മുന്നറിയിപ്പുമായി ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് അസോസിയഷന്‍ (ഐഎന്‍എംഒ) രംഗത്ത്. എത്രയും പെട്ടെന്ന് ആശുപത്രിയിലെ ജനത്തിരക്ക് നിയന്ത്രിക്കുകയും അവിടെ ആവശ്യത്തിന് വേണ്ട സ്റ്റാഫുകളെ നിയമിക്കുകയും ചെയ്തില്ലെങ്കില്‍ അത് അപകടങ്ങള്‍ക്ക് വഴി വയ്ക്കുമെന്നും ഐഎന്‍എംഒ അറിയിച്ചിട്ടുണ്ട്.
ഇതേ കാര്യങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനായി എസ്‌ഐപിടിയു അംഗങ്ങളെയും ആശുപത്രി മാനേജ്‌മെന്റ് അധികൃതരെയും ഇന്ന കാണാനാണ് ഐഎന്‍എംഒ തീരുമാനിച്ചിട്ടുള്ളത്.
താലയിലെ സാഹചര്യങ്ങള്‍ വളരെ അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് ഐഎന്‍എംഒ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ ഡേരക് റൈലി പറഞ്ഞു.
ആശുപത്രിയിലെ ട്രോളിയില്‍ കിടന്ന് മറ്റൊരു രോഗി കൂടി മരിക്കാന്‍ പോവുകയാണെന്ന ഭയം കൂടി തങ്ങള്‍ക്കുണ്ടെന്നും ഡേരക് റൈലി കൂട്ടിച്ചേര്‍ത്തു.
താല ആശുപത്രി വരാന്തയില്‍ ചികിത്സയ്ക്കായി കഴിയുകയായിരുന്ന 65കാരനായ തോമസ് വാല്‍ഷ് 2011 മാര്‍ച്ചില്‍ മരിച്ചിരുന്നു. അതോടനുബന്ധിച്ച് ഹെല്‍ത്ത് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ക്വാലിറ്റി അതോറിറ്റി (ഹിക്വ) അന്വേഷണവും നടത്തിയിരുന്നു.
അന്വേഷണത്തില്‍ വാല്‍ഷ് അപ്പോള്‍ വാര്‍ഡിലുണ്ടായിരുന്ന 38 രോഗികളില്‍ ഒരാളായിരുന്നുവെന്നും സ്ഥല പരിമിതി മൂലം വരാന്തയിലെ ട്രോളികളിലും രോഗികളെ കിടത്തിയിരുന്നുവെന്നും അത്തരം ഒരു സാഹചര്യത്തില്‍ വച്ചാണ് വാല്‍ഷ് മരിച്ചതെന്നും തെളിഞ്ഞിരുന്നു.
വാല്‍ഷ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത് കഠിനമായ കാല്‍പ്പാദ വേദനയെത്തുടര്‍ന്നായിരുന്നു. എന്നാല്‍ പിന്നീട് ന്യൂമോണിയ ബാധയും ഹൃദയ സംബന്ധമായ അസുഖങ്ങളുമാണ് ഇയാളുടെ മരണകാരണമായത്.
2012 മെയില്‍ ഹിക്വയുടെ അന്വേഷണത്തില്‍ വാല്‍ഷിനെക്കൂടാതെ മറ്റൊരു രോഗി കൂടി വേണ്ട ചികിത്സ ലഭിക്കാതെ മരണപ്പെട്ടതായി തെളിഞ്ഞിരുന്നു. ഡബ്ലിനിലെ ടെറെന്യുവറിലുള്ള തോമസ് ബ്രന്നാനാണ് 2011 ജൂലൈയില്‍ ഹൃദയാഘാതം മൂലം മരിച്ചത്.
ചില സാഹചര്യങ്ങളില്‍ ആശുപത്രി പല രോഗികളെയും അഞ്ചുദിവസത്തില്‍ കൂടുതല്‍ ഇത്തരത്തില്‍ കോറിഡോറില്‍ കിടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അത്യാഹിത വിഭാഗത്തിനു മുന്നില്‍ വരുന്ന തിരക്കുകള്‍ കാരണം പലപ്പോഴും പല രോഗികളെയും വേണ്ടത്ര ശ്രദ്ധിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയാതിരിക്കുകയാണ്. പലരെയും അതുകൊണ്ട് തന്നെ വരാന്തകളിലും മറ്റുമായുള്ള ട്രോളികളില്‍ കിടത്തേണ്ട അവസ്ഥയും ഉണ്ടാവുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ഒരാശുപത്രികളിലും അനുവദിക്കപ്പെടാന്‍ പാടുള്ളതുമല്ല.
ഒരു മനുഷ്യന്റെ മരണത്തില്‍ വന്ന അന്വേഷണം വേണ്ടി വന്നു ഇത്തരം സാഹചര്യങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിന് എന്നും ഡേരക് റൈലി ആരോപിച്ചു.
എന്നാല്‍ ആശുപത്രിയിലെ തിരക്കനുസരിച്ച് അവ നിയന്ത്രിക്കാനുതകുന്നതരത്തിലുള്ള സ്റ്റാഫ് ബലം അവിടെ ഇല്ല എന്നും റൈലി പറഞ്ഞു. അത്തരം ഒരു സാഹചര്യം ഉണ്ടാവുന്നതിനാല്‍ തന്നെ ആശുപത്രിയിലെ രോഗികളുടെ സ്ഥിതി കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങുകയുമാണ്.
അത്യാഹിത വിഭാഗത്തില്‍ പോലും വേണ്ടത്ര സ്റ്റാഫുകളെ ഡ്യൂട്ടിയില്‍ നിര്‍ത്താനും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഈ അടുത്തകാലത്ത് കാര്യമായ ട്രെയിനിംഗുകളൊന്നും ലഭിക്കാത്ത ഒരു സ്റ്റാഫിനെക്കൊണ്ട് വളരെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ശുശ്രൂഷിപ്പിച്ചത് വളരെയധികം എതിര്‍പ്പിന് കാരണമായിട്ടുണ്ടായിരുന്നു.
ലീവിനു പോകുന്നവരുടെയും പിരിഞ്ഞുപോകുന്നവരുടെയും പകരക്കാരായി സ്റ്റാഫുകളെ നിയമിക്കാത്തും പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയാണ്. രോഗികളെ ട്രോളികളില്‍ കിടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതിനോടകം തന്നെ എച്ചഎസ്ഇയുടെ ശ്രദ്ധയില്‍പ്പെട്ടുവെങ്കിലും കാര്യമായ നടപടികള്‍ സ്വീകരിക്കുകയുണ്ടായില്ല.
ആള്‍ക്കാരുടെ തിരക്കുകള്‍ വര്‍ദ്ധിച്ചതോടെ അത്ര പ്രധാനമല്ലാത്ത പല സര്‍ജറികളും മാറ്റിവച്ചിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മെഡിക്കല്‍ അഡ്മിഷനുകളാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ചിഫ് എക്‌സിക്യുട്ടീവ് ഡേവിഡ് സ്ലെവിന്‍ പറഞ്ഞു.
ഇപ്പോള്‍ അഡ്മിറ്റായിരിക്കുന്ന പല രോഗികളുടെ അവസ്ഥ വളരെ അസുഖകരമാണെന്നും വളരെയധികം ശ്രദ്ധയും പരിചരണവും അവര്‍ക്കാവശ്യമുണ്ടെന്നും ഡേവിഡ് സ്ലെവിന്‍ പറയുന്നു. എന്നാല്‍ തന്റെ ജോലി സാഹചര്യങ്ങളെ മാനേജ് ചെയ്ത് കൊണ്ടുവരികയാണെന്നും ഇപ്പോള്‍ ഉള്ള സ്റ്റാഫുകളെ ഉള്‍ക്കൊള്ളിച്ച് തങ്ങള്‍ അത് നടത്തുമെന്നും സ്ലെവിന്‍ കൂട്ടിച്ചേര്‍ത്തു.
താലാ ആശുപത്രിയില്‍ സുരക്ഷിതത്വത്തിന് കുറവില്ലെന്നും പ്രശ്‌നങ്ങള്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ അഡ്മിറ്റായ ചില രോഗികളുടെ കാര്യത്തിലായിരുന്നുവെന്നും ഡേവിഡ് സ്ലെവിന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം 30തോളം രോഗികള്‍ ട്രോളികളില്‍ കിടക്കുന്നുണ്ടായിരുന്നുവെങ്കിലും ഇന്നലെ രാവിലെയോടെ അത് 19 എണ്ണമായി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സ്ലെവിന്‍ കൂട്ടിച്ചേര്‍ത്തു.
എമര്‍ജന്‍സി വകുപ്പില്‍ ഇപ്പോള്‍ മൂന്ന് പെര്‍മനന്റ് ഒഴിവുകളാണ് ഉള്ളതെന്നും 28ഓളം നഴ്‌സിംഗ് പോസ്റ്റുകളും ഒഴിവുണ്ടെന്നും സ്ലെവിന്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് ഉപ പ്രധാനമന്ത്രി ഇമന്‍ ഗില്‍മറും താല ആശുപത്രിയിലെ അവസ്ഥ ഗുരുതമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Scroll To Top