Monday December 18, 2017
Latest Updates

സ്മാര്‍ട് കഴുതയാണ് ലിയോയെന്ന് സൈമണ്‍ കോവ്‌നെ, കോവ്‌നെയ്ക്ക് ഒരു പോളിസിയുമില്ലെന്ന് ലിയോ

സ്മാര്‍ട് കഴുതയാണ് ലിയോയെന്ന് സൈമണ്‍ കോവ്‌നെ,  കോവ്‌നെയ്ക്ക് ഒരു പോളിസിയുമില്ലെന്ന് ലിയോ

ഡബ്ലിന്‍ : ഫിനഗലിന്റെ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാനവട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഫിനഗല്‍ പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുടെ വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.പാര്‍ടി അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും വോട്ടെടുപ്പ് ഈയാഴ്ചയാദ്യം നടന്നിരുന്നു.ഇന്ന് വൈകിട്ട് ആറുമണിയോടെ ഫിനഗലിന്റെയും അയര്‍ലണ്ടിന്റെയും നായകനെ അറിയാം. സൈമണ്‍ കോവ്നെയും ലിയോ വരദ്കറും ഒരേ പോലെ ആത്മവിശ്വാസത്തിലാണെന്നാണ് റിപോര്‍ട്ടുകള്‍.ഇതിനിടെ ഇന്നലേയും ഇരു നേതാക്കളും വാക്പോരുതുടര്‍ന്നു.

അടിയുറച്ച ആത്മവിശ്വാസത്തിലൂന്നിയാണ് പട നയിക്കുകയാണ് ലിയോ വരദ്കര്‍.നേതൃ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ലവലേശവും സംശയത്തിനിടയില്ലെന്ന് ലിയോ വരദ്കര്‍ പറഞ്ഞു.തന്നെ പിന്തുണയ്ക്കുന്ന പാര്‍ലമെന്ററി പാര്‍ടി അംഗങ്ങള്‍ രഹസ്യമായി എതിരാളിക്ക് വോട്ടുചെയ്യുമെന്നു കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തില്‍ ഒന്നും അസംഭവ്യമല്ല,എന്നാലും അതിനുള്ള സാധ്യത തീരെയില്ല.എന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പു രേഖപ്പെടുത്തിയ എല്ലാ സഹയാത്രികരുടെയും സത്യസന്ധതയില്‍ ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു.ഇനി അഥവ അങ്ങനെ സംഭവിച്ചാല്‍ നാമമാത്രമായിരിക്കും അത്.’ വരദ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതുവരെ പരസ്യമായി നിലപാട് വ്യക്തമാക്കാത്ത ആരെങ്കിലും രഹസ്യമായി പിന്തുണ അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തില്‍ നിന്നും വരദ്കര്‍ ഒഴിഞ്ഞുമാറി.എന്നാല്‍ അവര്‍ തനിക്ക് വോട്ടുചെയ്യുമെന്നു കരുതുന്നതായും ചോദ്യത്തിനു മറുപടിയായി വരദ്കര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിനു ശേഷം ഫിയന്ന ഫെയ്ലുമായി പുനര്‍ധാരണയുടെ ആവശ്യമുണ്ടെന്നു കരുതുന്നില്ല.കാരണം മുന്‍ധാരണ രണ്ടു പാര്‍ട്ടികള്‍ തമ്മിലാണ്. അല്ലാതെ വ്യക്തികള്‍ തമ്മിലല്ല.അമേരിക്കന്‍ പ്രസിഡണ്ടിനെ അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നതായും വരദ്കര്‍ പറഞ്ഞു.

സ്മാര്‍ട് കഴുതയാണ് ലിയോയെന്ന് സൈമണ്‍ കോവ്നെ ഐറീഷ് ടൈംസിനോട് പരിഹസിച്ചു.എന്താണ് ഫീനഗലിന്റെ രണ്ടു നേതാക്കളുടെയും നയങ്ങളുടെ വ്യത്യാസമെന്ന ചോദ്യത്തിന് കോവ്നെയുടെ പോളിസിയെന്താണെന്നു തനിക്കറിയില്ലെന്നായിരുന്നു വരദ്കറുടെ മറുപടി.

ആറ് ബ്രഹത്തായ ആശയങ്ങളാണ് പ്രധാനമന്ത്രിയായാല്‍ നടപ്പാക്കുകയെന്ന് സൈമണ്‍ കോവ്നെ ആര്‍ടിഇയോട് വെളിപ്പെടുത്തി.ഇലക്ഷന്‍ പ്രകടനപത്രികയില്‍ പറഞ്ഞതൊക്കെ സര്‍ക്കാര്‍ നയങ്ങളുടെ ഭാഗമാണ്.ഇത് നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതില്‍ ഒരു പുതുമയുമില്ല.ഓരോ വിഭാഗത്തിനും ഓരോ പ്രദേശത്തും ഓരോ വാഗ്ദാനങ്ങളാണ് ലിയോ വരദ്കര്‍ നല്‍കുന്നതെന്നും കോവ്നെ ആരോപിച്ചു.

Scroll To Top