Thursday February 23, 2017
Latest Updates

സ്പയറിന്റെ പേര് മാറ്റണമെന്ന് നിര്‍ദ്ദേശം

സ്പയറിന്റെ പേര് മാറ്റണമെന്ന് നിര്‍ദ്ദേശം

ഡബ്ലിന്‍: സ്പയറിന്റെ പേര് മാറ്റണമെന്ന് നിര്‍ദ്ദേശം. ഈസ്റ്റര്‍ റൈസിംഗ് രക്തസാക്ഷികളുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് പേര് മാറ്റുന്നത്. എഎന്‍ ക്ലെയഡ്ഹീം സൊലുസ് (വെളിച്ചത്തിന്റെ യുദ്ധം) എന്ന പേര് സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.ഈസ്റ്റര്‍ റൈസിംഗ് രക്തസാക്ഷികളുടെ ബന്ധുക്കള്‍ ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ അധികൃതരെ കണ്ടു ഇക്കാര്യം ആവശ്യപ്പെട്ടു.ഡബ്ലിനിലെ കൊണോള്‍ സ്ട്രീറ്റില്‍ ജിപിഒയുടെ എതിര്‍ വശത്തായാണ് ഈസ്റ്റര്‍ റൈസിംഗ് സ്മാരകമായ സ്പയര്‍ സ്ഥിതി ചെയ്യുന്നത്. 

ഈസ്റ്റര്‍ റൈസിംഗ് ആഘോഷങ്ങളിലേക്ക് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ ക്ഷണിക്കാനുള്ള തീരുമാനത്തെയും രക്തസാക്ഷികളുടെ ബന്ധുക്കള്‍ വിമര്‍ശിച്ചു. ബ്രിട്ടനോട് കോളനിവാഴ്ച്ചക്കാലത്തെ വിധേയത്വം മനസ്സില്‍ സൂക്ഷിക്കുന്നവരാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളെ ക്ഷണിച്ചതെന്ന് രക്തസാക്ഷികളുടെ ബന്ധുക്കളുടെ സംഘടന കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് ബ്രിട്ടീഷ് രാജ്ഞിയുടെയോ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടെയോ അനുവാദം ആവശ്യമില്ലെന്നും രക്തസാക്ഷികളുടെ ബന്ധുക്കള്‍ പറയുന്നു. നാം ഈസ്റ്റര്‍ റൈസിംഗ് വാര്‍ഷികം ആചരിക്കുന്നത് നമുക്ക് വേണ്ടി തന്നെയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. 

2016 ല്‍ ഈസ്റ്റര്‍ റൈസിംഗ് ഞായറാഴ്ച രക്തസാക്ഷികളുടെ ബന്ധുക്കളെ ആദരിക്കല്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളാണ് നടക്കാനിരിക്കുന്നത്. എന്നാല്‍ സംഘടന ഈ ആശയത്തോട് ഇതുവരെഅനുകൂല നിലപാട് എടുത്തിട്ടില്ല. ഈസ്റ്റര്‍ റൈസിംഗ് വാര്‍ഷിക ആചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ജിപിഒയില്‍ സര്‍ക്കാര്‍ നടത്തിയ പരിപാടിയും സംഘടന വിമര്‍ശിച്ചു. ജിപിഒയില്‍ നടന്ന പരിപാടിയില്‍ യഥാര്‍ത്ഥ ഈസ്റ്റര്‍ റൈസിംഗ് രക്തസാക്ഷികളെ പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു വിമര്‍ശനം

Scroll To Top