Monday May 22, 2017
Latest Updates

സ്ഥലം മാറ്റിയ അധ്യാപിക മുഖ്യമന്ത്രിയെ കണ്ടു; വിവാദം അവസാനിക്കുന്നു

സ്ഥലം മാറ്റിയ അധ്യാപിക മുഖ്യമന്ത്രിയെ കണ്ടു; വിവാദം അവസാനിക്കുന്നു

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിവാദം അവസാനിക്കുന്നു. സ്ഥലം മാറ്റപ്പെട്ട പ്രധാനാധ്യാപിക ഊര്‍മിള ദേവി ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അധ്യാപിക ഖേദപ്രകടനം നടത്തിയത്. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ താന്‍ അപമാനിച്ചിട്ടില്ല. തന്റെ വാക്കുകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കും വിധം മന്ത്രിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ധ്യാപിക പറഞ്ഞു.

വി ശിവന്‍കുട്ടി എംഎല്‍എയ്ക്ക് ഒപ്പം എത്തിയാണ് ഊര്‍മിള ദേവി  മുഖ്യമന്ത്രിയെ കണ്ടത്. മന്ത്രി വരാന്‍ വൈകിയപ്പോള്‍ താന്‍ മരുന്ന് കഴിക്കാനും പ്രാധമിക ആവശ്യങ്ങള്‍ക്കായും അകത്തേക്ക് പോകുകയായിരുന്നെന്ന് ഊര്‍മിള ദേവി മുഖ്യമന്ത്രിയോട് വിശദീകരിച്ചു. കോട്ടണ്‍ഹില്‍ സ്‌കൂളിലേക്ക് തന്നെ തിരിച്ച് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും തിരിച്ച് സ്ഥലം മാറ്റം നല്‍കണമെന്നും ഊര്‍മിള ദേവി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അധ്യാപികയ്ക്ക് പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കിയാല്‍ വിഷയം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിയമസഭ സ്തംഭിപ്പിച്ച വിവാദം കെട്ടടങ്ങുകയാണ്.

Scroll To Top