Tuesday February 28, 2017
Latest Updates

സ്ത്രീകളുടെ വോട്ട് നേടി ഇന്നസന്റ് ജയിക്കുമോ ? അയര്‍ലണ്ടിലിരുന്നു അങ്കമാലിയിലെ ജെയ്‌സി ബിജു മാടവന സ്ത്രീമനസ് തുറക്കുന്നു

സ്ത്രീകളുടെ വോട്ട് നേടി ഇന്നസന്റ് ജയിക്കുമോ ? അയര്‍ലണ്ടിലിരുന്നു അങ്കമാലിയിലെ ജെയ്‌സി ബിജു മാടവന സ്ത്രീമനസ് തുറക്കുന്നു
ജെയ്‌സി ബിജു മാടവന  (ലൂക്കന്‍ ,ഡബ്ലിന്‍ )

ജെയ്‌സി ബിജു മാടവന
(ലൂക്കന്‍ ,ഡബ്ലിന്‍ )

അയര്‍ലണ്ടില്‍ ആയിരുന്നില്ലെങ്കില്‍ ഇന്ന് ചാലക്കുടി മണ്ഡലത്തിലെ അങ്കമാലി വട്ടപ്പറമ്പിലെ കൂടുശ്ശേരി ഗ്രാമത്തില്‍നിന്നും വോട്ടു ചെയ്യാന്‍ ക്യൂനില്‍ക്കുന്നവരില്‍ ഒരാളായേനെ ഞാനും.    നാട്ടിലുള്ളപ്പോള്‍ ഒരിക്കലും വോട്ടു പാഴാക്കിയിട്ടില്ല.അടുത്ത തവണ എന്‍ ആര്‍ ഐ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നല്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നി. ഇവിടെയാണെങ്കിലും അടുത്ത തിരഞ്ഞെടുപ്പിനെങ്കിലും ഓണ്‍ലൈനായോ,ഡബ്ലിനിലെ ഇന്ത്യന്‍ എംബസി ഒരുക്കുന്ന പോളിംഗ് ബൂത്തിലോ വോട്ടു ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് ഞാനിപ്പോള്‍.

ചാലക്കുടിയില്‍ ആരു ജയിക്കുമെന്നറിയാന്‍ കേരളം ഒന്നാകെ കാത്തിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പില്‍.കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ കരുണാകരനും ,മുമ്പ് പനമ്പള്ളി ഗോവിന്ദ മേനോനും മുകുന്ദപുരത്തു മത്സരിക്കുമ്പോള്‍ പോലും ലഭിക്കാത്ത ജനശ്രദ്ധ ഇന്നസെന്റ് എന്ന കേരളത്തിന്റെ പ്രിയപ്പെട്ട നടന്‍ മത്സരിക്കുന്നതിലൂടെ മുകുന്ദപുരത്തിന്റെ പുതിയ പരിവേഷമായ ചാലക്കുടിയ്ക്ക് ലഭിക്കുന്നു എന്നതില്‍ മണ്ഡലത്തിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ എനിക്കും സന്തോഷമുണ്ട്.

എതിരാളിയായ പി സി ചാക്കോ ആവട്ടെ കേന്ദ്രഭരണം കോണ്‍ഗ്രസിനാവുമ്പോള്‍ ശക്തമായ സ്വാധീനം ചെലത്താന്‍ ആവുന്ന നേതാവുമാണ്.ഇവര്‍ തമ്മിലുള്ള മത്സരം ഏറെ ആകാംഷയോടെയാണ് ജനം നോക്കിക്കാണുന്നത് .

മലക്കപ്പാറ അടക്കമുള്ള തോട്ടം മേഖലയും ചരിത്രപ്രധാനമായ തീരദേശ പട്ടണമായ കൊടുങ്ങല്ലൂരും ഐ ടി മേഖലയായ ആലുവയും ഉത്തരേന്ത്യക്കാരുടെ നാടായി ഇപ്പോള്‍ അറിയപ്പെടുന്ന പെരുമ്പാവൂരും അന്താരാഷ്ട്ര വിമാനത്താവളം ഉള്‍ക്കൊള്ളുന്ന നെടുമ്പാശ്ശേരിയും ഉള്‍ക്കൊള്ളുന്നതാണ് ചാലക്കുടി മണ്ഡലം. ദേശീയ രാഷ്ട്രീയം തന്നെയാണ് പ്രധാന തിരഞ്ഞെടുപ്പ് വിഷയമെങ്കിലും റബ്ബറിന്റെ വിലയിടിവും മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളും മുതല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വരെ ചാലക്കുടിയില്‍ ചര്‍ച്ചയാണ്. ഈ വൈവിധ്യം തന്നെയാണ് രാഷ്ട്രീയക്കാരെ പ്രതിസന്ധിയിലാക്കുന്നതും.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം, ചാലക്കുടി നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ അങ്കമാലി ആലുവ, കുന്നത്തുനാട്, പെരുമ്പാവൂര്‍ നിയോജക മണ്ഡലങ്ങളും ചേര്‍ന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം.പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, ചാലക്കുടി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ലഭിക്കുമ്പോള്‍ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം എല്‍ ഡി എഫിന് ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലങ്ങളാണ്.

എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട്, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങള്‍ പൊതുവില്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്.അതിനാല്‍തന്നെ കഴിഞ്ഞതവണത്തെപ്പോലെ നല്ല ഭൂരിപക്ഷം പി.സി. ചാക്കോക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് ക്യാമ്പ്. മുകുന്ദപുരത്തെ മുന്‍ എം.പിയായിരുന്നതും മണ്ഡലത്തില്‍ പ്രബലമായ യാക്കോബായ വിഭാഗക്കാരന്‍ എന്നതും ചാക്കോക്ക് ഗുണം ചെയ്യുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം മണ്ഡലങ്ങളില്‍ ചാക്കോക്ക് വോട്ട് കുറഞ്ഞേക്കുമോ എന്ന ഭയവും യു.ഡി.എഫിന് ഇല്ലാതില്ല. അതിനെ മറികടക്കാനുള്ള ഭൂരിപക്ഷംകൂടി എറണാകുളം ജില്ലയിലെ മണ്ഡലങ്ങളില്‍നിന്ന് നേടാനാകുമെന്നും യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നു.

പാരമ്പര്യമായി അങ്കമാലിയും കോണ്‍ഗ്രസ് അനുകൂല മണ്ഡലമാണെങ്കിലും കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടതിനാണ് വിജയം ലഭിച്ചത്. കോണ്‍ഗ്രസിനകത്തെ ഗ്രൂപ് പ്രശ്‌നങ്ങളും കേരള കോണ്‍ഗ്രസിനോടുള്ള താല്‍പര്യമില്ലായ്മയുമാണ്. മണ്ഡലത്തില്‍ വേരോട്ടം പോലുമില്ലാത്ത ജനതാദളിലെ ജോസ് തെറ്റയിലിന് വിജയം നേടിക്കൊടുത്തത്. എങ്കിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ കെ.പി. ധനപാലന് തന്നെയായിരുന്നു ഭൂരിപക്ഷം. അങ്കമാലി നഗരസഭയും മൂക്കന്നൂര്‍, കറുകുറ്റി, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാലടി, പാറക്കടവ് പഞ്ചായത്തുകളും മണ്ഡലത്തില്‍പ്പെടുന്നു. ഇതില്‍ മഞ്ഞപ്രയില്‍ ഒഴികെ മറ്റെല്ലായിടത്തും യു.ഡി.എഫ് ഭരണമാണ്.

യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനടക്കമുള്ള പ്രമുഖരായ പല കോണ്‍ഗ്രസുകാരുടെ തട്ടകവും കോണ്‍ഗ്രസ് അനുകൂല മണ്ഡലവുമായ പെരുമ്പാവൂരില്‍ പക്ഷേ കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും വിജയം ഇടതിനൊപ്പമായിരുന്നു. പെരുമ്പാവൂര്‍ നഗരസഭയും വെങ്ങോല, രായമംഗലം, അശമന്നൂര്‍, വേങ്ങൂര്‍, മുടക്കുഴ, കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളും അടങ്ങുന്നതാണ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം. ഇവിടെയെല്ലാം യു.ഡി.എഫിനാണ് ഭരണം.

കുന്നത്തുനാട്ടിലാവട്ടെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.പി. ധനപാലന്‍ ഭൂരിപക്ഷം നേടിയതിനു പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വി.പി. സജീന്ദ്രനിലൂടെ നിയോജകമണ്ഡലം തിരിച്ചുപിടിക്കാനും കോണ്‍ഗ്രസിനായി. മണ്ഡലത്തില്‍പ്പെടുന്ന ഐക്കരനാട്, പൂതൃക്ക, വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, വാഴക്കുളം പഞ്ചായത്തുകള്‍ യു.ഡി.എഫാണ് ഭരിക്കുന്നത്. മഴുവന്നൂര്‍ പഞ്ചായത്തില്‍ ഇടതിനാണ് ഭരണം.

മണ്ഡല പുനര്‍നിര്‍ണയത്തോടെ വീണ്ടും ആലുവ കോണ്‍ഗ്രസ് അനുകൂല മണ്ണായി മാറി. ആലുവ നഗരസഭയും ചൂര്‍ണിക്കര, എടത്തല, കീഴ്മാട്, ശ്രീമൂലനഗരം, കാഞ്ഞൂര്‍, നെടുമ്പാശേരി, ചെങ്ങമനാട് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് ആലുവ മണ്ഡലം. ഇതില്‍ എല്ലായിടത്തും യു.ഡി.എഫിനാണ് ഭരണം.
ചുരുക്കത്തില്‍ എറണാകുളം ജില്ലയില്‍ പെട്ട യൂ ഡി എഫ് കോട്ടകളിലൂടെ ചാലക്കുടിയെ നേടാനുള്ള പിന്തുണ പി സി ചാക്കോയ്ക്ക് ഉണ്ടെന്നാണ് അവരുടെ അവകാശവാദം.

ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ മണ്ഡലത്തില്‍ ഗണ്യമായ വോട്ടുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ കയ്യിലെടുക്കാമെന്നാണ് എല്‍.ഡി.എഫ് കണക്കൂകൂട്ടിയിരുന്നത്. സ്ത്രീ വോട്ടര്‍മാരും ഇന്നസന്റിനെ പിന്തുണയ്ക്കും എന്നും അവര്‍ വിചാരിക്കുന്നു.അതില്‍ ഒരു കാര്യവുമില്ലെന്നാണ് ഞാന്‍ കരുതുന്നത്.രാഷ്ട്രീയമായ നിലപാടുകള്‍ക്കപ്പുറം സിനിമാനടന്‍ എന്നൊരു പ്രത്യേകത കൊണ്ട് ഇന്നസന്റിനു വോട്ടു ചെയ്യുന്നവര്‍ തീരെ കുറവായിരിക്കും.മമ്മൂട്ടിയോ ,മോഹന്‍ലാലോ വന്ന് വോട്ടു ചോദിച്ചത് കൊണ്ട് മാത്രം മനസ് മാറ്റുന്നവരല്ല കേരളത്തിലെ സ്ത്രീകള്‍.അത് കൊണ്ട് തന്നെ യൂ ഡി എഫിന് വ്യക്തമായ ഭൂരിപക്ഷം ഉള്ള ചാലക്കുടിയെ അട്ടിമറിക്കാന്‍ എല്‍ ഡി എഫിന് കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്.

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനസഭകള്‍ ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടി പ്രചാരണ രംഗത്ത് എല്ലാവരെയും കടത്തിവെട്ടിയിട്ടുണ്ടെന്നതാണ് ചാലക്കുടിയുടെ മറ്റൊരു പ്രത്യേകത.. പുതു വോട്ടര്‍മാര്‍ക്കൊപ്പം രാഷ്ട്രീയ പ്രവര്‍ത്തവനമില്ലാത്തവരെയും സ്ത്രീകളെയുമാണ് എ എ പി ലക്ഷ്യമിട്ടിരുന്നത്.അതിലാവട്ടെ അവര്‍ കുറയൊക്കെ വിജയിക്കുകയും ചെയ്തു.ഇവരുടെ പ്രവര്‍ത്തനം ഏതു മുന്നണിയ്ക്കാണ് വിനയാവുകയെന്നതും കാത്തിരുന്നു കാണണം.

Scroll To Top