Wednesday September 20, 2017
Latest Updates

സോഷ്യല്‍ വെല്‍ഫയര്‍ തട്ടിപ്പ് നടത്തുന്നവര്‍ ആയിരക്കണക്കിന്; പിടികൂടാന്‍ ഗാര്‍ഡ സജീവം 

സോഷ്യല്‍ വെല്‍ഫയര്‍ തട്ടിപ്പ് നടത്തുന്നവര്‍ ആയിരക്കണക്കിന്; പിടികൂടാന്‍ ഗാര്‍ഡ സജീവം 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു. 2012 ല്‍ മാത്രം സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് വീണ്ടെടുത്ത 41 മില്യന്‍ യൂറോ അനധികൃതമായി കൈക്കലാക്കിയതാണെന്ന് വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വെല്‍ഫെയര്‍ പെയ്‌മെന്റ് വാങ്ങുന്ന 20,720 പേര്‍ ഇത്തരത്തില്‍ തുക തട്ടി എടുത്തതായാണ് നിഗമനം. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവുകള്‍ മൂലവും ലക്ഷക്കണക്കിന് യൂറോ വെല്‍ഫെയര്‍ പെയ്‌മെന്റ് ഇനത്തില്‍ സര്‍ക്കാരിന് നഷ്ടപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള പിഴവുകള്‍ മൂലം മാത്രം 7.7 മില്യന്‍ യൂറോ വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് അധികമായി നഷ്ടപ്പെട്ടു. 

വിവിധ പിഴവുകള്‍ മൂലം ആകെ 97 മില്യന്‍ യൂറോ വകുപ്പിന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പ്രധാനമായും ജോലി വരുമാനം കുടുംബ പദവി തുടങ്ങിയവയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് സോഷ്യല്‍ വെല്‍ഫെയര്‍ പെയ്‌മെന്റ് തട്ടിയെടുക്കുന്നത്. ഉദാഹരണത്തിന്, ജോലിയുള്ളവര്‍ തന്നെ തൊഴില്‍രഹിതര്‍ക്കുള്ള ബെനഫിറ്റിന് അപേക്ഷിക്കുന്നതും. ജീവിത പങ്കാളിയോടൊപ്പം താമസിക്കുന്നവര്‍ സിംഗിള്‍ പേരന്റിന്റെ ആനുകൂല്യം തട്ടിയെടുക്കുന്നതും വെല്‍ഫെയര്‍ തട്ടിപ്പുകാര്‍ക്കിടയില്‍ പതിവാണ്. വിദേശത്ത് താമസിക്കുന്നവരും അയര്‍ലണ്ടിലെ വെല്‍ഫെയര്‍ പെയ്‌മെന്റ് തട്ടിയെടുക്കുന്നത് പതിവാണ്. ഇത്തരത്തില്‍ ലക്ഷക്കണക്കിന് യൂറോയാണ് സര്‍ക്കാരിന് പ്രതിവര്‍ഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. 

വെല്‍ഫെയര്‍ തട്ടിപ്പ് വ്യാപകമായതോടെ അധിക തുക കൈപ്പറ്റിയവരില്‍ നിന്ന് അത് തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. മരിച്ചവരുടെ പേരില്‍ പോലും വെല്‍ഫെയര്‍ പെയ്‌മെന്റ് തട്ടിയെടുക്കുന്നത് അയര്‍ലണ്ടില്‍ വ്യാപകമാണെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ വ്യക്തമായത്. സിംഗിള്‍ പേരന്റ് ബെനഫിറ്റ് തട്ടിയെടുക്കുന്ന സംഭവങ്ങളാണ് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തട്ടിപ്പ് വ്യാപകമായതോടെ തട്ടിപ്പുകാരെ കുടുക്കാന്‍ ഗാര്‍ഡയെക്കൂടി സര്‍ക്കാര്‍ നിയമിച്ചിരിക്കുകയാണ്. സോഷ്യല്‍ വെല്‍ഫെയര്‍ വകുപ്പിലെ ജീവനക്കാരുമായി ഗാര്‍ഡ സഹകരിച്ച് പ്രവര്‍ത്തിക്കും. കഴിഞ്ഞ ഏപ്രിലില്‍ മന്ത്രി ജോണ്‍ ബര്‍ട്ടനാണ് പദ്ധതി പ്രഖ്യാപിച്ചത്.ഇപ്പോള്‍ ഇതിലേയ്ക്ക് കൂടുതല്‍ ഓഫിസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.സംശയിക്കുന്നവരെ വീടുകളിലെത്തി പരിശോധിക്കുന്നതിനുള്ള അധികാരവും ഗാര്‍ഡയ്ക്ക് നല്കിയിട്ടുണ്ട് 

Scroll To Top