Monday February 27, 2017
Latest Updates

സോളാറും കേരളവും :കഥ തുടരുന്നു

സോളാറും കേരളവും :കഥ തുടരുന്നു

അഴിമതിയും കുതികാല്‍ വെട്ടും ഇപ്പോള്‍ എവിടെയും തലപൊക്കിയിരിക്കുന്ന രണ്ടു വിപത്തുകളാണ്. അഴിമതി വിരുദ്ധ നിയമം നിലവില്‍ വന്നെങ്കിലും ഒട്ടനേകം വഞ്ചനാ കഥകള്‍ ഇന്നും മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. അഴിമതിക്കാര്‍ക്ക് ‘അഴി’മതിയെന്ന് പൊതുജനങ്ങളും വല്ലാതെ ആഗ്രഹിക്കുന്നു.

നമ്മുടെ കൊച്ചുകേരളത്തിലും ഇത്തരത്തിലുള്ള ഒരുപാട് അഴിമതി കഥകള്‍ ഇതിനകം തന്നെ വെളിച്ചം കണ്ടിട്ടുണ്ട്. ഇപ്പോള്‍ അരങ്ങു കൊഴുപ്പിക്കുന്നത് സോളാര്‍ വിവാദമാണ്. ‘ടീം സോളാര്‍’ എന്ന പേരില്‍ ഒരു തട്ടിപ്പ് സംഘം പലരില്‍ നിന്നായി പത്ത് കോടിയിലധികം രൂപ വാങ്ങിച്ചു വഞ്ചിച്ചു എന്നാണ് നിലവിലുള്ള കേസ്. ഈ കേസ് കേരളത്തില്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയുള്ളൂ. പക്ഷെ ഇതിനിടയില്‍ തന്നെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളെ ചൂടുപിടിപ്പിക്കാന്‍ സോളാറിനു കഴിഞ്ഞു.

ടീം സോളാറിന്റെ മുഖ്യ നടത്തിപ്പുകാരായ സരിത എസ്. നായരെയും ബിജു രാധാകൃഷ്ണനെയുമാണ്‌ തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. പിന്നീടങ്ങോട്ട് ഒരു ചങ്ങലയില്‍ കോര്‍ക്കപ്പെട്ട കണ്ണികള്‍ പോലെ പലരും വന്നു. ബിജുവിന്റെയും സരിതയുടെയും പേരിനൊപ്പം തന്നെ പറഞ്ഞുകേള്‍ക്കപ്പെട്ട പേരാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന്റെത്.

പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ടീം സോളാര്‍ ബന്ധപ്പെട്ടിരുന്നതിനുള്ള ടെലിഫോണ്‍ രേഖകള്‍ അന്വേഷകര്‍ക്ക് ലഭിച്ചു. മുഖ്യന്റെ ‘മനസാക്ഷി സൂക്ഷിപ്പുകാരന്‍’ ‘ദത്തുപുത്രന്‍’ എന്നൊക്കെ പ്രതിപക്ഷം വിശേഷിപ്പിച്ചിരുന്ന ടെന്നി ജോപ്പനു ടീം സോളാറില്‍ പങ്കുണ്ടെന്ന് തെളിവ് ലഭിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും കത്തിപ്പടര്‍ന്നു തുടങ്ങി.

ജോപ്പന്‍ കൂടി പ്രതി ചെര്‍ക്കപ്പെട്ടപ്പോള്‍ ഭരണപക്ഷതുള്ളവര്‍ പോലും ജോപ്പനെതിരെ തിരിഞ്ഞു. എന്നാല്‍ സാക്ഷിമൊഴിയില്‍ പല രഹസ്യങ്ങളും പരസ്യങ്ങളാവുമെന്ന ഘട്ടം വന്നപ്പോള്‍ പലരുടെയും പത്തി താണു. പെട്ടെന്ന് തന്നെ ജോപ്പന്‍ ജാമ്യം ലഭിച്ച് പുറത്തു വരുന്നതാണ് പിന്നീട് കേരളം കണ്ടത്. തനിക്കൊന്നും പറയാനില്ലെന്നും, ജീവിക്കാന്‍ അനുവദിക്കണം എന്നുമൊക്കെയാണ് ജോപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പിന്നീട് സോളാറില്‍ അരങ്ങേറിയത് സരിതയുടെ രഹസ്യമൊഴിയാണ്. മൊഴി എഴുതിനല്‍കാന്‍ കോടതി ആവശ്യപ്പെട്ടത് പ്രകാരം 21 പേജുകളുള്ള മൊഴി എഴുതി അഭിഭാഷകനെ ഏല്‍പ്പിച്ചു. എന്നാല്‍ കോടതിയില്‍ എത്തിയില്ല. ഒരുതവണ കൂടി മൊഴി എഴുതാന്‍ പറഞ്ഞപ്പോള്‍ ആകെ 4പേജിലൊതുങ്ങുന്ന വിവരങ്ങളാണ് സരിത നല്‍കിയത്.

ഇതിനിടയില്‍ സരിതയെ കാണാന്‍ വന്ന അമ്മയും അഭിഭാഷകനും കൂടെ ആദര്‍ശ് എന്ന ഒരു ബന്ധു കൂടി ഉണ്ടായിരുന്നു. വ്യക്തമായ തിരിച്ചറിയല്‍ രേഖകള്‍ കൂടാതെ തന്നെ വധ ഭീഷണി നിലനില്‍ക്കുന്ന പ്രതിയെ കാണാന്‍ ഇയാള്‍ക്ക് അനുവാദം ലഭിച്ചതും വിവാദമായി.

സരിതയ്ക്കും ബിജുവിനും പിന്നീട് ജാമ്യം അനുവദിക്കപ്പെട്ടെങ്കിലും വീണ്ടും ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ് ഇപ്പോള്‍. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉള്‍പ്പെടുത്തണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചുകൊടുക്കാനുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.

കേരളം കാത്തിരിക്കുകയാണ്, ഈ തട്ടിപ്പിന്റെ പുറകിലുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുവാന്‍. ജഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയാണെങ്കില്‍ പിന്നീട് മുഖ്യന്റെ രാജി ആവശ്യത്തിനായുള്ള സമരമായിരിക്കാം പ്രതിപക്ഷം ലക്ഷ്യമിടുന്നത്. കേരളം ആകാംഷയിലാണ്. ഇനി എത്രയൊക്കെ കഥാപാത്രങ്ങള്‍ സോളാറില്‍ കുരുങ്ങാനുണ്ടെന്നത് ഓര്‍ത്ത്.

Scroll To Top