Wednesday April 26, 2017
Latest Updates

സോളാര്‍ കേസ് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് തന്നെ; ഈ പണി പറ്റില്ലെന്ന് വിഎസും പിണറായിയും

സോളാര്‍ കേസ് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് തന്നെ;  ഈ പണി പറ്റില്ലെന്ന് വിഎസും പിണറായിയും

തിരുവനന്തപുരം: സോളാര്‍ കേസന്വേഷിക്കാന്‍ സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയുമില്ല, ജില്ലാ ജഡ്ജിയുമില്ല. ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് ജി. ശിവരാജനെ സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനായി മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈക്കോടതിയില്‍നിന്നു സിറ്റിങ് ജഡ്ജിയെ ലഭിക്കില്ലെന്നു വ്യക്തമായതിനാലാണ് റിട്ടയര്‍ ചെയ്ത ജഡ്ജിയുടെ നിയമനം.

ഇടതുസര്‍ക്കാരിന്റെ കാലത്തു പിന്നാക്കവിഭാഗ വികസന കമ്മിഷന്‍ ചെയര്‍മാനായി നിയമിതനായ ജസ്റ്റിസ് ശിവരാജന്‍ ഇപ്പോഴും തല്‍സ്ഥാനത്തു തുടരുന്നുണ്ട്. അതിനൊപ്പം പുതിയ ചുമതലകൂടി വഹിക്കാനാണ് നിര്‍ദ്ദേശം. എന്നാല്‍ റിട്ടയേഡ് ജഡ്ജിയെക്കൊണ്ടുള്ള അന്വേഷണം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടും വരെ സമരമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനാണ് അവരുടെ തീരുമാനം. ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2005 മുതലുള്ള സംഭവങ്ങള്‍ അന്വേഷണ പരിധിയില്‍ പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെളിവുകള്‍ കയ്യിലുണ്ടെങ്കില്‍ മുഖ്യമന്ത്രിയെ പരസ്യമായി വിസ്തരിക്കാനുള്ള അവസരം പ്രതിപക്ഷം നഷ്ടപ്പെടുത്തരുതെന്ന് ഉമ്മന്‍ ചാണ്ടി വെല്ലുവിളിച്ചു.

പ്രതിപക്ഷത്തിന്റെ ആവശ്യം മാനിച്ചു സിറ്റിങ് ജഡ്ജിയെത്തന്നെ വിട്ടുതരാന്‍ ചീഫ് ജസ്റ്റിസിനു കത്തെഴുതിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ വിധി അനുസരിച്ചും ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണത്തില്‍ കുറവുള്ളതിനാലും സിറ്റിങ് ജഡ്ജിയെ വിട്ടുതരാനാവില്ലെന്നു വ്യക്തമാക്കി ഫുള്‍കോര്‍ട്ട് യോഗം സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചു. ഈ സാഹചര്യത്തിലാണു ജസ്റ്റിസ് ശിവരാജനെ കമ്മിഷനാക്കിയത്. ഒരേസമയം രണ്ടു കമ്മിഷനുകളുടെ ചുമതല വഹിക്കുന്നതില്‍ നിയമപ്രശ്‌നമില്ലെന്ന് ഉറപ്പുകിട്ടിയിട്ടുണ്ട്. ചെലവുചുരുക്കലിന്റെ ഭാഗമൊന്നുമല്ല ഈ തീരുമാനമെന്നും ഇടതുപക്ഷത്തിനു കൂടി സ്വീകാര്യമായ തീരുമാനമാണു കൈക്കൊണ്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 2006 തൊട്ടുളള കാര്യങ്ങളാണ് ആദ്യം അന്വേഷണ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയത്. പിണറായി വിജയന്റെ അഭിപ്രായം മാനിച്ചാണ് 2005 മുതല്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തിയത്.

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫിസുമായും ബന്ധപ്പെട്ട ഏതു വിഷയവും അന്വേഷണപരിധിയില്‍ വരും. താന്‍ നല്ലൊരു ഇരയാണ് എന്നു മനസ്സിലാക്കിയാണു പ്രതിപക്ഷം സമരം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ സമരം ചെയ്യാന്‍ അവര്‍ തീരുമാനിച്ചാല്‍ തനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ക്കുകൂടി തൃപ്തികരമാവുന്ന വിധത്തില്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിനു തുറന്ന മനസ്സാണുള്ളത്. സത്യം തിരിച്ചറിയണം എന്നു പ്രതിപക്ഷത്തിന് ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള അവസരമുണ്ട്. തെളിവുണ്ടെങ്കില്‍ പ്രതിപക്ഷത്തിനു പരസ്യമായി തന്നെ കോടതിയില്‍ വിസ്തരിക്കാം. അത് ഉപയോഗിക്കുന്നതിനു പകരം ഓടിയൊളിക്കുകയല്ല വേണ്ടത്. സിറ്റിങ് ജഡ്ജിയെ കിട്ടാനായി ഇതില്‍ കൂടുതല്‍ പരിശ്രമിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. ജനസമ്പര്‍ക്ക പരിപാടിയുമായി പ്രതിപക്ഷം സഹകരിക്കണമെന്നാണു തന്റെ അഭിപ്രായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് കൊടുത്തു തീര്‍ക്കാനുള്ള പരിപാടിയല്ല ഇത്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കലാണു പ്രധാന ലക്ഷ്യം.പിന്നെ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കലും.

കഴിഞ്ഞ വര്‍ഷത്തെ പരിപാടിയുടെ അടിസ്ഥാനത്തില്‍ ചുവപ്പുനാടകളുടെ കുരുക്കഴിക്കാന്‍ 45 പുതിയ ഉത്തരവുകളാണ് ഇറക്കിയത്. നടപടിക്രമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്നതാണു ജനസമ്പര്‍ക്ക പരിപാടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, സോളാര്‍ കേസിന്റെ ജുഡീഷ്യല്‍ അന്വേഷണത്തിനു വിരമിച്ച ജഡ്ജിയെ നിയോഗിക്കാനുള്ള കോടതിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി ഉള്‍പ്പെടെ ആരോപണവിധേയനായ അഴിമതിക്കേസാണിത്. സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നെങ്കില്‍ അന്വേഷണത്തിനു സിറ്റിങ് ജഡ്ജിയെത്തന്നെ കിട്ടുമായിരുന്നു. യുഡിഎഫിന്റെ അഴിമതിയെ എതിര്‍ക്കാന്‍ സന്നദ്ധരായവര്‍ എല്‍ഡിഎഫിലേക്കു വരാന്‍ സന്നദ്ധരാണെങ്കില്‍ അവര്‍ക്കു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനം നല്‍കുമെന്നും വിഎസ് പറഞ്ഞു. പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ട മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്‍കാമെന്നു കോടതിയില്‍ ഉറപ്പുനല്‍കിയ സരിതയുടെ പണത്തിന്റെ ഉറവിടം അന്വേഷിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സോളാര്‍ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെപ്പറ്റിയോ മന്ത്രിമാരെപ്പറ്റിയോ ആക്ഷേപം കേട്ടിട്ടില്ല. അതും അന്വേഷിക്കട്ടെ. സോളാര്‍ കേസുമായി ബന്ധപ്പെട്ട സമരം പരാജയപ്പെട്ടെന്നാണു ഭരണപക്ഷം കരുതുന്നത്. ഒരു സമരത്തില്‍നിന്നു വേറൊന്നിലേക്കു ജനം നീങ്ങിക്കൊണ്ടിരിക്കുകയാണ്.

കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നതിനു തെളിവു കാണിച്ചുതരാമെന്നു ചീഫ് വിപ്പ് തന്നെ പറഞ്ഞിട്ടും ആരും പരിശോധിക്കാന്‍ തയാറാകുന്നില്ലെന്നും വിഎസ് പറഞ്ഞു.

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാനുള്ള ജഡ്ജിയെ മുഖ്യമന്ത്രി തന്നെ തീരുമാനിച്ചു പ്രഖ്യാപിച്ചത് അപഹാസ്യമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചത്. അന്വേഷണ സംവിധാനത്തെ തട്ടിപ്പുകേസിലെ പ്രതി തന്നെ നിശ്ചയിക്കുന്നതു കേട്ടുകേള്‍വിയില്ലാത്തതാണ്. ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിനു നിയോഗിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നതു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും ഉള്‍പ്പെടുന്ന വന്‍ തട്ടിപ്പായതുകൊണ്ടാണ്. എന്നാല്‍ സിറ്റിങ് ജഡ്ജിയെ വിട്ടുകിട്ടാതിരിക്കാന്‍ പാകത്തിനാണു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭരണാധികാരികളടക്കമുള്ള ഉന്നതര്‍ക്കെതിരെ ആരോപണമുയര്‍ന്ന തട്ടിപ്പാണു സോളാര്‍ കേസെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ പരസ്യാന്വേഷണമാണു വേണ്ടതെന്ന കാര്യമാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും പിണറായി പറഞ്ഞു.

ജസ്റ്റിസ് ശിവരാജന്‍ ഈ ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിന്നു പിന്മാറണമെന്നു ബിജെപി ആവശ്യപ്പെട്ടു. വ്യക്തതയില്ലാത്ത അന്വേഷണവിഷയങ്ങള്‍ പ്രഖ്യാപിച്ചും കേസ് ഒത്തുതീര്‍ക്കാന്‍വേണ്ടി പ്രതികള്‍ക്ക് ആവോളം സമയം അനുവദിച്ചും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കോടതിയെയും ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്. ഈ നാണംകെട്ട കളികള്‍ക്കു കൂട്ടുനില്‍ക്കുന്നത് ഒരു റിട്ട. ഹൈക്കോടതി ജഡ്ജിയുടെ അന്തസിനു നിരക്കുന്നതല്ല. സോളാര്‍ കേസ് ജുഡീഷ്യല്‍ അന്വേഷണത്തിനു റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയെ നിയമിച്ചതോടെ അക്ഷരാര്‍ഥത്തില്‍ ഇതൊരു പ്രഹസനമായി മാറിയിരിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും ആരോപിച്ചു.

Scroll To Top