Monday February 27, 2017
Latest Updates

സെന്റ് പാട്രിക് ഡേ: പച്ച പുതയ്ക്കാന്‍ ഒരുങ്ങി താജ്മഹലും

സെന്റ് പാട്രിക് ഡേ: പച്ച പുതയ്ക്കാന്‍ ഒരുങ്ങി താജ്മഹലും

ഡബ്ലിന്‍ :സെന്റ് പാട്രിക് ഡേ ആഘോഷങ്ങള്‍ക്ക് ലോകമെമ്പാടും തുടക്കം കുറിക്കാന്‍ പോവുകയാണ്. ഇത്തവണ സെന്റ് പാട്രിക് ഡേയില്‍ പച്ച പുതയ്ക്കാന്‍ ഇന്ത്യയുടെ താജ്മഹലും ഒരുങ്ങുകയാണ്.
20തോളം രാജ്യങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട വളരെ പ്രധാനപ്പെട്ട നഗരങ്ങളും കെട്ടിടങ്ങളുമെല്ലാം തന്നെ സെന്റ് പാട്രിക് ഡേയില്‍ പച്ച നിറത്തില്‍ തിളങ്ങും.
ലോകമെമ്പാടുമുള്ള 69തോളം സ്ഥലങ്ങളാണ് ഇപ്പോള്‍ ടൂറിസം അയര്‍ലണ്ട് തങ്ങളുടെ ഗ്ലോബല്‍ ഗ്രീനിംഗ് ലൈന്‍അപിന് തയ്യാറായതായി വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഗേറ്റ് വേ ഓഫ് ഇന്ത്യ സെന്റ് പാട്രിക് ദിനത്തില്‍ പച്ച പുതച്ചിരുന്നു.ഇന്ത്യയിലേയ്ക്കുള്ള അയര്‍ലണ്ടിന്റെ പ്രവേശനത്തിനുള്ള തുടക്കമായിരുന്നു ഇതെന്നാണ് ടൂറിസം മന്ത്രിയും,ഇന്ത്യന്‍ വംശജനുമായ ലിയോ വരേദ്കര്‍ അഭിപ്രായപ്പെട്ടത്

താജ്മഹലിനൊപ്പം തന്നെ പാരിസിലെ ഡിസ്‌നിലാന്‍ഡും പച്ചയില്‍ മുങ്ങും. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഇരു ഭാഗങ്ങളിലും പച്ച അലങ്കാരമാകും. കൂടാതെ പിസയിലെ ചരിഞ്ഞഗോപുരവും ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗും പരിപാടിയില്‍ പങ്കാളികളാവും.
ഇത്തവണത്തെ പരിപാടിയില്‍ ക്ലെയറില്‍ ബൂണ്‍ബെഗ് ക്ലബ് കൊണ്ടുവന്ന ഡൊണാള്‍ഡ് ട്രംപും പങ്കാളിയാവും. ചിക്കാഗോയിലെ തങ്ങളുടെ ടവര്‍ ആദ്യമായി സെന്റ് പാട്രിക് ഡേയുടെ ആഘോഷത്തില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് അവര്‍.
ജോര്‍ദാനിലുള്ള പെട്രയിലെ യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റും ഡിസ്‌നിലാന്‍ഡിലെ സ്ലീപ്പിംഗ് ബ്യൂട്ടിസ് കാസ്റ്റ്‌ലും ആദ്യമായി സെന്റ് പാട്രിക് ഡേ ആഘോഷത്തിന്റെ ഭാഗമാവുകയാണ്.
ലാസ് വേഗാസിലെ രാജകുമാരന്റെ കൊട്ടാരവും പൂര്‍ണ്ണമായും പച്ചപുതയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അയര്‍ലണ്ടിന്റെ സുഹൃത്തുക്കള്‍ ലോകം മുഴുവന്‍ സെന്റ് പാട്രിക് ഡേ ആഘോഷിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി ഇമന്‍ ഗില്‍മോര്‍ അറിയിച്ചത്.
പച്ചവെളിച്ചം പ്രദര്‍ശിപ്പിക്കുന്നത് സൗഹൃദത്തെയാണെന്നും അയര്‍ലണ്ട് സന്ദര്‍ശിക്കാനായുള്ള ഒരു തുറന്ന ക്ഷണം കൂടിയായി അതിനെ കണക്കാക്കാമെന്നും ഗില്‍മോര്‍ പറഞ്ഞു.
2014ല്‍ വ്യാപാര വാണിജ്യ ആവശ്യങ്ങള്‍ക്കായി നടത്തുന്ന യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും പ്രസിദ്ധപ്പെടുത്തുമെന്നും ഗില്‍മോര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്തിനു കൂടുതല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ തുറന്നുകൊടുക്കാനും ഗ്ലോബല്‍ ഗ്രീനിംഗ് സഹായിക്കുമെന്ന് ഗതാഗത, വിനോദസഞ്ചാര, കായിക വകുപ്പ് മന്ത്രി ലിയോ വരേദ്കര്‍ വിശദമാക്കിയിട്ടുണ്ട്.
ലോകം മുഴുവന്‍ അയര്‍ലണ്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ദിവസമായി സെന്റ് പാട്രിക് ഡേ മാറുമെന്നും ലിയോ വരേദ്കര്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സ്ഥലങ്ങളില്‍ കൂടി ലൈറ്റിംഗിന് അവസരം ലഭിച്ചതാണ് വിജയമായിരിക്കുന്നതെന്നാണ് ടൂറിസം അയര്‍ലണ്ട് സിഇഒ നിയാല്‍ ഗിബ്ബന്‍സ് പറഞ്ഞത്.
12ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ ഉണ്ടായിരിക്കുന്നതെന്നും അമേരിക്കന്‍ സഞ്ചാരികള്‍ 2013ല്‍ അയര്‍ലണ്ട് സന്ദര്‍ശിച്ചത് മാത്രം കണക്കിലെടുത്താല്‍ 2 ബില്ല്യന്‍ യൂറോയോളമാണ് അയര്‍ലണ്ടിന് ലഭിച്ചിരിക്കുന്നതെന്നും ഗിബ്ബന്‍സ് കൂട്ടിച്ചേര്‍ത്തു.

Scroll To Top